HomeUncategorizedകൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരം; വീണ്ടുമൊരു ആഗോള മഹാമാരി? മുന്നറിയിപ്പുമായി വിദഗ്ധര്‍ ‌

കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരം; വീണ്ടുമൊരു ആഗോള മഹാമാരി? മുന്നറിയിപ്പുമായി വിദഗ്ധര്‍ ‌

ലോകം വീണ്ടുമൊരു മഹാമാരിയെ തരണം ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്ന് പിടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ വിദഗ്ധർ നല്‍കുന്നത്.

രോഗം ബാധിതരില്‍ 50 ശതമാനത്തിലേറെ പേർ മരണത്തിന് കീഴടങ്ങിയേക്കുമെന്നും മുന്നറിയിപ്പിലുണ്ട്. പക്ഷിപ്പനിയുടെ വകഭേദമായ എച്ച്‌5എൻ1-നെ കുറിച്ച്‌ നടത്തിയ പഠനത്തിലാണ് ഈ ആശങ്ക പങ്കുവയ്‌ക്കുന്നത്.

അമേരിക്കയില്‍ കണ്ടെത്തിയ വകഭേദം കൊവിഡിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണെന്നാണ് വിദഗ്ധർ നിരീക്ഷിച്ചിരിക്കുന്നത്. രോഗ ഭീഷണിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. ‌യുകെ ആസ്ഥാനമായുള്ള ടാബ്ലോയിഡ് ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച്‌ , വൈറസ് ആഗോള മഹാമാരിക്ക് കാരണമായേക്കാവുന്ന നിർണായക പരിധിയിലേക്ക് അടുക്കുന്നതായി ആശങ്ക പ്രകടിപ്പിച്ചു. ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന് പിറ്റ്സ്ബർഗിലെ ബേർഡ്ഫ്ലൂ ഗവേഷകനായ ഡോ. സുരേഷ് കുച്ചിപ്പുടി മുന്നറിയിപ്പ് നല്‍കുന്നു.

പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്നാണ് മനുഷ്യരിലേക്ക് വ്യാപിച്ചതെന്ന കണ്ടെത്തലാണ് മുന്നറിയിപ്പിന് ആധാരം. വൈറസ് മനുഷ്യരിലേക്ക് പകരുന്നത് സംബന്ധിച്ച്‌ ആശങ്കകള്‍ വർദ്ധിപ്പിക്കുന്നതാണ് സമീപ കാലത്തെ കണക്കുകള്‍. അമേരിക്കയില്‍ ആറ് സംസ്ഥാനങ്ങളിലായി 12 പശുക്കള്‍ക്കും മൂന്ന് പൂീച്ചകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഡയറിഫാം തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ഡെയ്ലി മെയിലില്‍ പറയുന്നു.

നിലവില്‍ ലോകത്ത് ഈ വൈറസിന്റെ സാന്നിധ്യമുണ്ട്. ഇതിനോടകം തന്നെ ഇവ നിരവധി സസ്തനികളെ ബാധിച്ചിട്ടുമുണ്ട്. എന്നാല്‍ ഞൊടിയിടയില്‍ മനുഷ്യനിലേക്ക് പകരുന്ന സാഹചര്യം അപൂർവ്വമാണ്. 2020 മുതലുള്ള കണക്കുകള്‍ പ്രകാരം എച്ച്‌5എൻ1 പുതിയ വകഭേദം ബാധിച്ച 30 ശതമാനം രോഗികളും മരണത്തിന് കീഴടങ്ങി.

പക്ഷിപ്പനി വൈറസുകളുടെ കൂട്ടമായ ഏവിയൻ ഇൻഫ്ലുവൻസ എയുടെ ഉപവകഭേദമാണ് എച്ച്‌5എൻ1. പ്രധാനമായും പക്ഷികളെയാണ് വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യർ ഉള്‍പ്പെടെയുള്ള സസ്തനികളെയും ബാധിച്ചേക്കാം. പക്ഷികളല്ലാത്തവയില്‍ രോഗം മൂർച്ഛിച്ചേക്കാനുള്ള സാധ്യതയുമുണ്ട്. എല്ലാ കേസുകളിലും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കില്ല, ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ തന്നെ പ്രകടിപ്പിക്കില്ലെന്ന് വിദഗ്ധർ പറയുന്നു.

1996-ല്‍ ചൈനയിലാണ് ആദ്യമായി എച്ച്‌5എൻ1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഞൊടിയിടയില്‍ പടർന്നുപിടിച്ച്‌ 18 പേരുടെ ജീവനാണ് അന്നെടുത്തത്. ലോകം ഏറ്റവും ഭീതിയോടെ കാണുന്ന വൈറസിനെ 2003 മുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ലോകത്തിലെ പല പകർച്ചവ്യാധി വിദഗ്ധരും. പുതിയ വൈറസ് വകഭേദത്തിന് 52 ശതമാനമാണ് മരണനിരക്കെന്നത് ആശങ്ക പകരുന്നു. രോഗം ബാധിച്ച പക്ഷികളെയും മൃഗങ്ങളെയും നശിപ്പിക്കുക മാത്രമാണ് നിലവിലുള്ള പ്രതിരോധ മാർഗം.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts