വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി തുറമുഖ കമ്ബനിക്ക് പാറക്കല്ലുകളുമായി പോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും.
അദാനി കമ്ബനി പ്രതിനിധികള്‍ മരണപ്പെട്ട അനന്തുവിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ സഹായം കൊണ്ട് അനന്തുവിന്റെ ജീവന് പകരമാകില്ലെങ്കിലും വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പടെ കടുത്ത സാമ്ബത്തിക ബാധ്യതകള്‍ നിലവിലുള്ള ആ കുടുംബത്തിന് ഒരു ആശ്വാസം പകരുമെന്ന് വിശ്വസിക്കാമെന്ന് എംഎല്‍എ എം വിൻസെന്റ് പറഞ്ഞു. അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകള്‍ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേറ്റ ടീച്ചർക്കും അർഹമായ നഷ്ട പരിഹാരം രണ്ടു ദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്ബനി അറിയിച്ചിട്ടുണ്ടെന്ന് വിൻസെന്റ് പറഞ്ഞു.
ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സാധനസാമഗ്രികള്‍ എത്തിക്കുന്ന വാഹന ഗതാഗതത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നിബന്ധനകള്‍ ഇന്ന് ജില്ലാ കളക്ടർ പുറത്തിറക്കി.
വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തു(24) മരിച്ചത് ഈ മാസം 19നാണ്. തുറമുഖത്തിന് സമീപം മുക്കോല ജംഗ്ഷനിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. കല്ല് അനന്തുവിന്റെ ദേഹത്ത് പതിക്കുകയും ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിംസ് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് അനന്തു.