HomeKeralaഭാരത് റൈസിന് ബദല്‍; ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ 

ഭാരത് റൈസിന് ബദല്‍; ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ 

കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും.

നിലവില്‍ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ് കെ റൈസായി വില്‍ക്കുന്നത്.

ബാക്കി അഞ്ച് കിലോ സപ്ലൈകോ വഴി കിട്ടും. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വില്‍ക്കുക. 

തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നല്‍കുക. 

സപ്ലൈകോയുടെയും ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെയും പ്രമോഷന്‍റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ ശബരി കെ റൈസ് ബ്രാന്‍ഡഡ് സഞ്ചിയില്‍ വിതരണം ചെയ്യുന്നത്. 

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചിട്ടുള്ളതെന്ന് മന്ത്രി ജി.ആർ.അനില്‍ പറഞ്ഞു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts