HomeKeralaമിഷേലിന്‍റെ മരണം :ദുരൂഹത ഒഴിയാതെ ഏഴാണ്ട്; സിബിഐ അന്വേഷണ ആവശ്യം ആവര്‍ത്തിച്ച്‌ കുടുംബം

മിഷേലിന്‍റെ മരണം :ദുരൂഹത ഒഴിയാതെ ഏഴാണ്ട്; സിബിഐ അന്വേഷണ ആവശ്യം ആവര്‍ത്തിച്ച്‌ കുടുംബം

കൊച്ചി: സിഎ വിദ്യാര്‍ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണത്തില്‍ കാരണം കണ്ടെത്താനാകാതെ ഏഴു വര്‍ഷം പിന്നിടുമ്ബോള്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ആവര്‍ത്തിച്ച്‌ കുടുംബം.

പോലീസ് കണ്ടെത്തിയ ആത്മഹത്യയിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണവും എത്തുന്നത്. മകളുടെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണത്തിലൂടെയേ അത് കണ്ടെത്താനാവൂ എന്നും കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു. 

ഇക്കാര്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം കൈമാറിയതാണ്. അന്ന് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി പക്ഷെ ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളും സാഹചര്യതെളിവുകളും ശരീരത്തിലെ അസാധാരണ മുറിവുകളും പ്രാഥമികമായി പരിശോധിച്ചാല്‍ തന്നെ കൊലപാതകമാണെന്ന് ഉറപ്പിക്കാം. എന്നിട്ടും അന്ന് കേസ് അന്വേഷിച്ച സെന്‍ട്രല്‍ സിഐ എ.അനന്തലാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല. 

കുറ്റകരമായ അലംഭാവത്തോടെയാണ് പോലീസ് സംഭവത്തെ കണ്ടത്. പരാതി നല്‍കിയിട്ടും ഒരു ദിവസം കഴിഞ്ഞാണ് കേസെടുക്കാന്‍ തയാറായത്. പോസ്റ്റ്‌മോര്‍ട്ടം ജനറല്‍ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതിലും ദുരൂഹതയുണ്ട്. ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്‍റെ മുറിവുകള്‍ ഉണ്ടായിട്ടും ആത്മഹത്യയെന്ന നിലയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കിയത് ബാഹ്യസമ്മര്‍ദങ്ങള്‍ കൊണ്ടാണ്. 

ഒരു സിനിമാനടന്‍റെ മകന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. കുടുംബത്തിന്‍റെ ആവശ്യം നിയമസഭയില്‍ പലകുറി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. 

2017 മാര്‍ച്ച്‌ അഞ്ചിനാണ് മിഷേലിനെ കാണാതായത്. പിറ്റേന്ന് മൃതദേഹം കൊച്ചി കായലില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. അഞ്ചിന് വൈകുന്നേരം കച്ചേരിപ്പടി സെന്‍റ് തെരേസാസ് ഹോസ്റ്റലില്‍നിന്ന് കലൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയിലേക്കു പോയ മിഷേല്‍ 6.15ന് പള്ളിയില്‍ നിന്നു തിരിച്ചിറങ്ങിയെന്നും രാത്രി എട്ടിന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. 

കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങി നടക്കുന്ന മിഷേലിനെ ബൈക്ക് യാത്രികര്‍ പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ ബൈക്ക് സംബന്ധിച്ച്‌ അന്വേഷണം ഉണ്ടായില്ല. മിഷേലിന്‍റെ മൂക്കിനിരുവശത്തും കണ്ട പാടുകളും കൈത്തണ്ടയില്‍ കണ്ട കരിനീല പാടുകളും ചുണ്ടിലെ മുറിപ്പാടുമൊക്കെ പാലത്തില്‍ നിന്ന് കായലിലേക്ക് വീണപ്പോള്‍ ഉണ്ടായതാകാമെന്ന വിചിത്രമായ വിശദീകരണമായിരുന്നു അന്ന് പോലീസിന്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts