തൃശ്ശൂർ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി പാർട്ടിവിട്ട് ബിജെപിയില്‍ ചേർന്ന പത്മജ വേണുഗോപാല്‍.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂരില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയപ്പോള്‍ അവരുടെ വാഹനത്തില്‍ കയറാൻ വേണ്ടി തന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങിയതായും തന്നെ വാഹനത്തില്‍ കയറ്റിയില്ലെന്നും പത്മജ പറഞ്ഞു. കെ.സുധാകരൻ മാത്രമാണ് കോണ്‍ഗ്രസില്‍ തന്നോട് ആത്മാർഥതയോടെ പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോരുന്നതില്‍ മാത്രമാണ് തന്റെ മനസ്സിടറിയതെന്നും പത്മജ പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.
‘പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറ്റാൻ എന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡിസിസി പ്രസിഡന്റ് എം.പി.വിൻസെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാൻ നല്‍കി. പ്രിയങ്ക വന്നപ്പോള്‍ ഞാൻ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്റ്റേജില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെ ഞാൻ കയറുമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി. അതോടെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കില്‍ എന്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ.പിന്നീട് പത്മജ ഔട്ട്, പ്രതാപൻ ഇൻ എന്ന് പത്രങ്ങള്‍ എഴുതി’ പത്മജ വേണുഗോപാല്‍ പറഞ്ഞു.
സുധാകരനൊഴികെ മറ്റാരും തന്നോട് കോണ്‍ഗ്രസില്‍ ദയ കാണിച്ചില്ലെന്നും പത്മജ വ്യക്തമാക്കി. ‘കെ.സുധാകരൻ മാത്രമാണ് എന്നോട് ആത്മാർഥമായി പെരുമാറിയത്. എന്നെ അനുജത്തിയെ പോലെയാണ് കണ്ടത്. സുധാകരേട്ടനെ വിട്ടുപോന്നപ്പോള്‍ മാത്രമാണ് എന്റെ മനസ്സൊന്ന് ആടിയത്. ഏട്ടെനെന്ന നിലയില്‍ മാത്രമാണ് കെ.മുരളീധരനെ ഇഷ്ടം. ഇത്രകാലം കൂടെജീവിച്ചിട്ടും കെ.മുരളീധരന്റെ മനസ്സ് എനിക്ക് മനസ്സിലായിട്ടില്ല. എന്നും അനിയത്തി എന്ന നിലയിലുള്ള ദൗർബല്യങ്ങളാണ് എന്നെ ഇവിടെ കൊണ്ട് എത്തിച്ചത്’ പത്മജ പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ടടക്കം തനിക്ക് തൃശ്ശൂരില്‍ കഴിഞ്ഞ തവണ ലഭിച്ചിട്ടുണ്ടെന്നും പക്ഷേ കൂടെ നിന്നവരാണ് കാലുവാരിയതെന്നും അവർ കൂട്ടിച്ചേർത്തു.
‘എന്നെ തോല്‍പ്പിച്ച രണ്ട് പേർ തൃശ്ശൂരില്‍ കെ.മുരളീധരന് സ്വീകരണം നല്‍കിയപ്പോള്‍ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിന്നവരാണ്. വേറെ വലിയ നേതാക്കളുമുണ്ട്. എന്നെ വല്ലാതെ ചൊറിഞ്ഞാല്‍ പേര് ഞാൻ പറയും. പാവം മുരളിയേട്ടൻ വടകരയില്‍ സുഖകരമായി ജയിച്ചുപോയെനേ. എന്നെ തോല്‍പ്പിച്ചവർ മുരളീധരനെയും തോല്‍പ്പിക്കും. എനിക്കെതിരെ വിമർശനം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പൊട്ടിമുളച്ചവരാണ്. ചാനലിലിരുന്ന് വലിയ വർത്താനം പറഞ്ഞാണ് നേതാക്കളായതാണ്. അവർ വിമർശിച്ചാല്‍ എനിക്ക് പുഛം മാത്രേയുളളൂ. ഷാഫി പറമ്ബിലിനെ വടകരയില്‍ നിർത്തിയത് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കാൻ വേണ്ടിയാണ്. അതിനാണ് രാജാവിനേക്കാള്‍ വലിയ രാജഭക്തി രാഹുല്‍ ചെയ്യുന്നത്. സഹിക്കാൻ വയ്യാതെയാണ് ഞാൻ കോണ്‍ഗ്രസ് വിട്ടത്. അച്ഛന്റെ മന്ദിരം പണിയുമെന്നതായിരുന്നു അവസാനം വരെ കോണ്‍ഗ്രസില്‍ എന്നെ പിടിച്ച് നിർത്തിയത്. കെപിസിസി പ്രസിഡന്റിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്’ പത്മജ പറഞ്ഞു.