മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തന്നെ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വടകര.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന് പകരം കോണ്‍ഗ്രസ് ഷാഫി പറമ്ബിലിനെ നിയോഗിച്ചതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ന് ഔദ്യോഗികമായി വടകരയില്‍ ഷാഫി പറമ്ബില്‍ പ്രചരണം ആരംഭിക്കും.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ എസ് യുവിലൂടെയാണ് ഷാഫി പറമ്ബില്‍ പൊതുരംഗത്തേക്ക് എത്തുന്നത്. 2007 ല്‍ കെ എസ് യു സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷം 2009 ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റുമായി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആണ് ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫിയുടെ ആദ്യ ജയം.
പിന്നീട് 2016 ലും 2021 ലും ഷാഫി പറമ്ബില്‍ തന്നെയായിരുന്നു പാലക്കാട് നിന്ന് മത്സരിച്ച് ജയിച്ചത്. 2016 ല്‍ 17000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഷാഫി പറമ്ബിലിന് പക്ഷെ 2021 ല്‍ ബി ജെ പിയുടെ ഇ ശ്രീധരനില്‍ നിന്ന് അപ്രതീക്ഷിതമായ മത്സരം നേരിടേണ്ടി വന്നു. എങ്കിലും 3000 ത്തിലേറെ വോട്ടുകള്‍ക്ക് വിജയം ഷാഫി പറമ്ബിലിന് ഒപ്പം തന്നെയായിരുന്നു. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി കഴിഞ്ഞ വര്‍ഷമാണ് പദവി ഒഴിഞ്ഞത്.
എം ബി എ ബിരുദധാരിയായ ഷാഫി പറമ്ബിലിന് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലം പ്രകാരം 5621410 രൂപയുടെ ആസ്തിയാണ് ഉള്ളത്. 1325849 രൂപയുടെ ബാധ്യതയും ഷാഫിക്കുണ്ട്. ഭാര്യയുടേയും തന്റേയും പേരില്‍ വിവിധ ബാങ്കുകളിലായി 33410 രൂപയുടെ നിക്ഷേപമുണ്ട് എന്നാണ് ഷാഫി പറമ്ബില്‍ 2021 ലെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
1553000 രൂപ വിലയുള്ള ഇന്നോവ കാറാണ് ഷാഫി പറമ്ബിലിന്റെ പേരിലുള്ളത്. ഇത് കൂടാതെ പാലക്കാട് യാക്കരയില്‍ ഷാഫി പറമ്ബിലിന്റെ പേരില്‍ 17 ലക്ഷം രൂപാ വിലയുള്ള കൃഷിയിടവും ഉണ്ട്. എം എല്‍ എ ശമ്ബളമാണ് പ്രധാന വരുമാന മാര്‍ഗമായി ഷാഫി പറമ്ബില്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യ അഭിഭാഷകയാണെങ്കിലും നിലവില്‍ വീട്ടമ്മയാണ് എന്നാണ് കാണിച്ചിരിക്കുന്നത്.