HomePoliticsപത്മജ കോണ്‍ഗ്രസ് വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ': കെ. മുരളീധരൻ

പത്മജ കോണ്‍ഗ്രസ് വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ’: കെ. മുരളീധരൻ

പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂരിലെ സ്ഥാനാർത്ഥിയുമായ കെ മുരളീധരന്‍

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു.

നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് മുതല്‍ ബിജെപിക്ക് തന്നോട് പകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പത്മജാ വേണുഗോപാലിനെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിച്ചത് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഇടനില വഹിച്ച ഉദ്യോഗസ്ഥന്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു. പത്മജ ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്ളാദം സിപിഎമ്മിനാണ്. പത്മജയുടെ കൂടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പോലും പോയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ലോക്നാഥ് ബെഹ്‌റയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷിച്ച്‌ കണ്ടെത്താന്‍ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെ മുരളീധരന്‍ എം പിയുടെ സഹോദരിയുമായ പത്മജ വ്യാഴാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍നിന്ന് നേരിട്ട അവഗണനമൂലമാണ് പാര്‍ട്ടിവിട്ടത് എന്നായിരുന്നു പത്മജ പറഞ്ഞത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ പത്മജയ്ക്ക് വൻ വരവേല്‍പ്പായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts