വിവാഹത്തലേന്ന് മകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ജിം ട്രെയിനറായ മകന്‍ തന്നെ അപമാനിച്ചുവെന്ന കാരണത്താലാണ് രംഗലാല്‍ മകനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട 29കാരനായ ഗൗരവിനെ മുഖത്തും നെഞ്ചിലുമായി ഏകദേശം 15 തവണ കുത്തേറ്റതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ തിഗ്രിയിലാണ് സംഭവം നടന്നത്. പ്രതിയെ ജയ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച്ച ഗൗരവിന്‍റെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം അരങ്ങേറുന്നത്. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയോടെ തനിക്ക് കൊലപാതക വിവരം സംബന്ധിച്ച് കുടുംബത്തില്‍ നിന്ന് ഒരു കോള്‍ വന്നെന്നും, താന്‍ എത്തിയപ്പോഴേക്കും ഗൗരവിനെ ആശുപത്രിയിലെത്തിച്ചിരുന്നെന്നും, കുറ്റവുമായി ബന്ധപ്പെട്ട് കുടംബത്തില്‍ നിന്ന് ആരെയും സംശയമില്ലെന്ന് ഗൗരവിന്‍റെ ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു.ഗൗരവിനെ ആരാണ് കൊന്നത് എന്ന് സംബന്ധിച്ച് കുടുംബത്തിലാര്‍ക്കും ഒരു അറിവുമില്ല. വീടിനടുത്ത് ആഘോഷം നടന്നിരുന്നതിനാല്‍, കരച്ചില്‍ കേട്ടില്ലെന്നും മറ്റൊരു ബന്ധുവും അറിയിച്ചു.
പ്രതിയായ രംഗലാല്‍ കുടുംബവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു. ഗൗരവും അമ്മയും താമസിച്ചിരുന്ന വീടിന് അടുത്തായാണ് രംഗലാല്‍ താമസിച്ചിരുന്നത്. യുവാവിന് തന്‍റെ സ്വന്തം വീട്ടില്‍ വെച്ചാണ് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു. സംഭവം നടന്ന ഉടന്‍ ഗൗരവിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്കൂടി പ്രതികളായുണ്ട്. അവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതിയായ രംഗലാലിനെ ജയപൂരില്‍ നിന്ന് പൊലീസ് പിടികൂടി ഡല്‍ഹിയിലെത്തിച്ചു.