ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേർ അറസ്റ്റില്‍.
ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്.
യുവതിയുടെ പങ്കാളിയെയും സംഘം ചേർന്ന് ആക്രമിച്ച് പരുക്കേല്‍പിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യൂട്യൂബില്‍ 2 ലക്ഷം ഫോളോവേഴ്സുള്ള വ്ലോഗരാണ് ഇന്ത്യയില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. 5 വർഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരി ഇന്ത്യയിലെത്തിയത്. സംഭവം സർക്കാരിനെതിരെ ശക്തമായ ആയുധമാക്കുകയാണ് പ്രതിപക്ഷം.
ആദിവാസികള്‍ക്കും ദളിതർക്കും പിന്നാലെ വിദേശികളും ജാർഖണ്ഡില്‍ സുരക്ഷിതരല്ലെന്നാണ് ബിജെപി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്‍റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. നേപ്പാള്‍ യാത്രയ്ക്ക് മുന്‍പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് ഇവർ പാകിസ്ഥാൻ വഴി ഇന്ത്യയിലെത്തിയത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ പട്രോളിംഗ് സംഘത്തിന്റെ സഹായം തേടിയ ഇവർ സംസാരിച്ചത് എന്താണെന്ന് പൂർണമായി മനസിലാകാതിരുന്ന പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് നടന്നത് കൂട്ടബലാത്സംഗമാണെന്ന് തിരിച്ചറിയുന്നത്.