തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തു നിന്ന് ഇന്ന് രാവിലെ ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യകസംഘമാണ് പ്രതിയെ പിടികൂടിയത്.
ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാല്‍ ഇടയ്ക്കുവച്ച് കുഞ്ഞ് കരഞ്ഞതോടെ വായ പൊത്തിപ്പിടിച്ചു. ഇതോടെ കുഞ്ഞ് ബോധംകെടുകയും തുടർന്ന് ഓടയില്‍ ഉപേക്ഷിക്കുകയുമായിരുന്നു എന്ന് പിടിയിലായ ആള്‍ പൊലീസിനോട് സമ്മതിച്ചു എന്നാണ് റിപ്പോർട്ട്. പിടിയിലായ ആള്‍ പോക്സോ കേസിലെ പ്രതിയാണെന്നും കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് രണ്ടുദിവസം മുമ്ബാണ് ഇയാള്‍ ജയില്‍ മോചിതനായതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകുന്നേരം ആറു മണിയ്ക്ക് നടത്തുന്ന വാർത്താസമ്മേളനത്തില്‍ സിറ്റി പൊലീസ് കമ്മിഷണർ പുറത്തുവിടും.
രണ്ടാഴ്ച മുൻപാണ് ബീഹാർ സ്വദേശികളായ നാടോടി ദമ്ബതികളുടെ കുഞ്ഞിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.20 മണിക്കൂർ നാടിളക്കി നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓടയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുട്ടിയുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ബീഹാർ സ്വദേശികളാണോ കുട്ടിയുടെ രക്ഷിതാക്കള്‍ എന്നതിലും പൊലീസിന് സംശയമുണ്ടായിരുന്നു. അന്വേഷണവുമായി രക്ഷിതാക്കള്‍ സഹകരിക്കാത്തത് സംശയം കൂടുതല്‍ ബലപ്പെടുന്നതിന് ഇടയാക്കിയിരുന്നു.