വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്തതില്‍ പ്രകോപിതരായ ജനക്കൂട്ടം യുവതിയെ ആക്രമിച്ചു.
പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്ന് ആരോപിച്ചാണ് യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത കുർത്തി ധരിച്ച് ഭർത്താവിനൊപ്പം ലാഹോറിലെ ഒരു റസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
കുർത്തിയിലുള്ള അറബി വാക്യങ്ങള്‍ ഖൂറാനില്‍ ഉള്ളതാണെന്നും ഇത് അനാദരവാണെന്നുമാണ് ആള്‍ക്കൂട്ടം ആരോപിച്ചത്. പിന്നാലെ റസ്റ്റോറന്റിലുണ്ടായിരുന്നവർ യുവതിയെ ആക്രമിക്കാൻ തുടങ്ങി. വസ്ത്രം അഴിച്ചുമാറ്റാനും ആള്‍ക്കൂട്ടം ആവശ്യപ്പെട്ടു. അവസാനം പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് സംഭവത്തില്‍ വിമർശനവുമായി രംഗത്തെത്തിയത്.
പഞ്ചാബ് പൊലീസും അവരുടെ ഔദ്യോഗിക എക്സ് പേജില്‍ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ജനക്കൂട്ടത്തില്‍ നിന്ന് ആ യുവതിയെ രക്ഷിച്ച ഉദ്യോഗസ്ഥയെ പുകഴ്ത്തിയാണ് പഞ്ചാബ് പൊലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം ഇരയായ യുവതി അത്തരം കുർത്തി ധരിച്ചതിന് തന്റെ എക്സ് പേജിലൂടെ മാപ്പ് ചോദിച്ചെന്നും റിപ്പോർട്ടുണ്ട്.