തന്റെ വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീ സൂററ്റില്‍ 60 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങിയതായി കണ്ടന്റ് ക്രിയേറ്ററുടെ പോസ്റ്റ്. നളിനി ഉനഗർ എന്ന യൂസറാണ് എക്സില്‍ (ട്വിറ്റർ) ഇതേക്കുറിച്ച് പോസ്റ്റിട്ടത്. അധികം വൈകാതെ തന്നെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു. ജോലിക്കാരിയുടെ സാമ്ബത്തിക വിജയം തന്നെ ഞെട്ടിച്ചു എന്നാണ് നളിനി പറയുന്നത്.
‘എന്റെ വീട്ടുജോലിക്കാരി ഇന്ന് വളരെ സന്തോഷവതിയായിട്ടായിരുന്നു ഉണ്ടായിരുന്നത്. സൂറത്തില്‍ 60 ലക്ഷം രൂപ വിലവരുന്ന ഒരു 3BHK ഫ്ലാറ്റ് വാങ്ങിയെന്നും, ഫർണിച്ചറുകള്‍ക്കായി 4 ലക്ഷം രൂപ ചെലവഴിച്ചുവെന്നും, വെറും 10 ലക്ഷം രൂപ മാത്രമാണ് വായ്പ എടുത്തതെന്നും അവർ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഞാൻ ഞെട്ടിപ്പോയി’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.’കൂടുതല്‍ ചോദിച്ചപ്പോള്‍, അടുത്തുള്ള വേലഞ്ച ഗ്രാമത്തില്‍ അവർക്ക് ഒരു ഇരുനില വീടും കടയും ഉണ്ടെന്നും പറഞ്ഞു. അത് രണ്ടും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് എന്നും പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു’ എന്നും പോസ്റ്റില്‍ നളിനി കുറിച്ചിട്ടുണ്ട്.
വളരെ പെട്ടെന്നാണ് നളിനി ഷെയർ ചെയ്ത പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി എത്തി. ഒരുപാടുപേർ കമന്റ് ചെയ്തിരിക്കുന്നത് നളിനിയുടെ വീട്ടുജോലിക്കാരിയുടെ സാമ്ബത്തിക അച്ചടക്കത്തെ കുറിച്ചാണ്. മറ്റ് ചിലർ പറഞ്ഞിരിക്കുന്നത്, നിശ്ചയദാർഢ്യവും സമ്ബാദ്യശീലവും ഉണ്ടെങ്കില്‍ ഇതൊക്കെ സാധിക്കും എന്നാണ്. അവിടെ എന്ത് ജോലിയാണ് ചെയ്യുന്നത് എന്നതിന് യാതൊരു പ്രസക്തിയും ഇല്ല എന്നും ഇവർ അഭിപ്രായപ്പെട്ടു.
‘ശമ്ബളക്കാരായ ജീവനക്കാർക്ക് കനത്ത നികുതി അടയ്ക്കേണ്ടി വരുന്നു. അതേസമയം വീട്ടുജോലിക്കാർ, തെരുവ് കച്ചവടക്കാർ, സമാനമായ മറ്റ് തൊഴിലാളികള്‍ എന്നിവർക്ക് നികുതി നല്‍കേണ്ടി വരുന്നില്ല. കാലക്രമേണ, ഇത് അവർക്ക് കൂടുതല്‍ ലാഭിക്കാനും നമ്മളേക്കാള്‍ വേഗത്തില്‍ ആസ്തികളുണ്ടാവാനും കാരണമാകുന്നു’ എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയത്. എന്തായാലും, ഭൂരിഭാഗം പേരും നളിനിയുടെ വീട്ടുജോലിക്കാരിയെ അഭിനന്ദിച്ചു.


