ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈൻ ഇടപാടുകള്‍ക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണല്‍ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോള്‍ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ ലളിതവും കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നു. യുപിഐ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഒതന്‍റിക്കേഷൻ ആണ് നാഷണല്‍ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.
ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റില്‍ അവതരണം: മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റിനിടെയാണ് എൻപിസിഐ യുപിഐ പേയ്‌മെന്‍റുകള്‍ക്കുള്ള ബയോമെട്രിക് ഒതന്‍റിക്കേഷൻ അവതരിപ്പിച്ചത്. എൻപിസിഐ അവതരിപ്പിച്ച ഈ പുതിയ സവിശേഷത ബയോമെട്രിക് പരിശോധനയിലൂടെയാണ് പ്രവർത്തിക്കുന്നത്. ബയോമെട്രിക് സംവിധാനം അവതരിപ്പിച്ചതോടെ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താൻ ഉപയോക്താക്കള്‍ക്ക് ഇനി പിൻ നമ്ബർ നല്‍കേണ്ടിവരില്ല.
യുപിഐ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റ്: 2016 ഏപ്രിലില്‍ ആരംഭിച്ചതിനു ശേഷം യുപിഐ ഡിജിറ്റല്‍ പേയ്‌മെന്‍റ് സിസ്റ്റത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്‌ഡേറ്റാണിത്. ഉപയോക്താക്കള്‍ക്ക് ഇനി പിൻ കോഡിന് പകരം അവരുടെ മുഖവും വിരലടയാളവും ഉപയോഗിച്ച് ഒതന്‍റിക്കേഷൻ ചെയ്യാൻ കഴിയും. ബയോമെട്രിക് ഒതന്‍റിക്കേഷന്‍ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ മുമ്ബത്തേക്കാള്‍ വളരെ എളുപ്പമാക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റില്‍ എൻപിസിഐ കുറിച്ചു.
ഈ പുതിയ സവിശേഷതയുടെ ഒരു പ്രധാന നേട്ടം, നിങ്ങളുടെ യുപിഐ സുരക്ഷാ പിൻ കോഡ് മറന്നുപോയാലും, ബയോമെട്രിക് ഒതന്‍റിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓണ്‍ലൈൻ ഇടപാടുകള്‍ നടത്താൻ കഴിയും എന്നതാണ്. മാത്രമല്ല യുപിഐ ആപ്പുകളില്‍ അവരുടെ പിൻ സജ്ജീകരിക്കുന്നതിനോ പുനഃസജ്ജമാക്കുന്നതിനോ പുതിയതും സുരക്ഷിതവുമായ ഒരു മാർഗം ഈ ഫീച്ചർ വാഗ്‌ദാനം ചെയ്യും. ഇതുവരെ, ഒരു യുപിഐ പിൻ സൃഷ്‌ടിക്കുന്നതിന് ഡെബിറ്റ് കാർഡ് വിശദാംശങ്ങള്‍ നല്‍കുകയോ ആധാർ വണ്‍-ടൈം പാസ്‌വേഡ് (OTP) പരിശോധന നടത്തുകയോ ചെയ്യണമായിരുന്നു.
പ്രവർത്തനം ആധാർ അടിസ്ഥാനമാക്കി: ആധാറിന് കീഴില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും എൻപിസിഐ ബയോമെട്രിക് ഒതന്‍റിക്കേഷൻ നടത്തുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ നീക്കം. യുപിഐ പേയ്‌മെന്‍റുകള്‍ക്ക് ബയോമെട്രിക് ഒതന്‍റിക്കേഷന്‍ അവതരിപ്പിക്കുന്നതിനായി എൻപിസിഐ സ്റ്റാർട്ടപ്പുകളുമായി ചർച്ചകള്‍ നടത്തിവരികയാണെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു.
വളരുന്ന യുപിഐ: 2025 സെപ്റ്റംബറില്‍ യുപിഐ പ്ലാറ്റ്‌ഫോം 19.63 ബില്യണ്‍ ഇടപാടുകള്‍ പ്രോസസ് ചെയ്‌തു എന്നാണ് നാഷണല്‍ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പറയുന്നത്. 24.9 ട്രില്യണ്‍ ആയിരുന്നു അതിന്‍റെ മൂല്യം. ഇടപാടുകളുടെ അളവ് പ്രതിമാസം 1.9 ശതമാനം കുറവായിരുന്നു. എന്നാല്‍ പ്രതിവർഷം 31 ശതമാനം കൂടുതലായിരുന്നു. ഓഗസ്റ്റില്‍ യുപിഐ ഇടപാടുകളുടെ മൂല്യം 24.85 ട്രില്യണ്‍ ആയിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം കൂടുതലാണ്.


