പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ നടപ്പിലാകുന്നതോടെ കോളടിച്ചത് ജനങ്ങള്‍ക്ക്. സെപ്തംബർ 22 മുതല്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഉത്പന്ന (എഫ്.എം.സി.ജി ) കമ്ബനികള്‍ സാധനങ്ങളുടെ വില കുറയ്ക്കും.മദർ ഡെയറി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ തുടങ്ങിയ കമ്ബനികളെല്ലാം ഉത്പന്നങ്ങളുടെ പുതുക്കിയ വില പ്രഖ്യാപിച്ചു. ചില സ്ഥാപനങ്ങള്‍ വില കുറയ്ക്കുന്നതിന് പകരം ഉത്പന്നങ്ങളുടെ അളവ് കൂട്ടുകയാണ് ചെയ്തത്.
ജി,എസ്.ടി ഇളവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറുമ്ബോള്‍ നെയ്യ്, വെണ്ണ, പാലുത്പന്നങ്ങള്‍, പായ്ക്കറ്റ് ഭക്ഷണങ്ങള്‍, ഐസ്ക്രീം, സോപ്പ്, ഷാംപൂ തുടങ്ങി അറുപതിലധികം ഉത്പന്നങ്ങളുടെ വില കുറയുന്നതിനാണ് സാഹചര്യമൊരുങ്ങുന്നത്. പല ഉത്പന്നങ്ങളുടെയും ജി.എസ്.ടി 12ല്‍ നിന്ന് അഞ്ച് ശതമാനമായും 28ല്‍ നിന്ന് 18 ശതമാനമായും അടുത്ത ആഴ്ച മുതല്‍ കുറയും.
ജി.എസ്.ടി കുറച്ചതിന് ശേഷം ഉത്പന്നങ്ങളുടെ പുതുക്കിയ വിലനിലവാരം അറിയിക്കാൻ കേന്ദ്ര സർക്കാർ കമ്ബനികള്‍ക്ക് നേരത്തെ നിർദേശം നല്‍കിയിരുന്നു. വിലയില്‍ കൃത്രിമത്വം കാണിക്കുന്നതിന് തടയിടാൻ ഓരോ മാസവും 54 ഉത്പന്നങ്ങളുടെ വില നിലവാര പട്ടിക സമർപ്പിക്കണമെന്നാണ് സെൻട്രല്‍ ബോർഡ് ഒഫ് ഡയറക്‌ട് ടാക്സസ് ആൻഡ് എക്‌സൈസ്(സി.ബി.ഐ.സി) ആവശ്യപ്പെട്ടത്.
വെണ്ണ, തെർമോമീറ്റർ, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ജി.എസ്.ടി പരിഷ്‌കരണത്തിന് ശേഷമുള്ള വിശദമായ വില പട്ടിക കമ്ബനികള്‍ സമർപ്പിക്കണം. അടുത്ത ആറ് മാസത്തേക്ക് എല്ലാ ഇരുപതാം തിയതിയും വില വിവരങ്ങള്‍ സി.ബി.ഐ.സിക്ക് നല്‍കണം. വില നിശ്ചയിക്കുന്നതിലും നികുതി ഈടാക്കുന്നതിലും സുതാര്യതയും സ്ഥിരതയും ഉറപ്പാക്കാനാണ് ലക്ഷ്യം.


