പണമിടപാടിന്റെ പരിധികള്‍ വർദ്ധിപ്പിച്ചതുള്‍പ്പെടെ ഇന്നുമുതല്‍ യുപിഐ ഇടപാടുകളില്‍ വമ്ബൻ മാറ്റങ്ങള്‍.വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക് (പി 2 എം) പണമടയ്ക്കുന്നതിനുള്ള പ്രതിദിന യുപിഐ പരിധി 10 ലക്ഷം രൂപയായി ഉയർത്തിയതായി നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. ഇൻഷുറൻസ്, നിക്ഷേപങ്ങള്‍, യാത്ര, ക്രെഡിറ്റ് കാർഡ് ബില്ലുകള്‍ തുടങ്ങിയ മേഖലകളിലും ഇടപാടുകളുടെ പരിധി ഉയർത്തി. മാറ്റങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും.
അതേസമയം, ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പണം അയക്കുന്നതിന്റെ പരിധിയില്‍ മാറ്റമില്ല. ഇടപാട് പരിധി പ്രതിദിനം ഒരു ലക്ഷം രൂപയായി തുടരും. ഇൻഷുറൻസ്, വായ്പകള്‍, നിക്ഷേപങ്ങള്‍, യാത്ര തുടങ്ങിയ മേഖലകളില്‍ യുപിഐ വഴി വലിയ പേയ്‌മെന്റുകള്‍ നടത്താൻ ആളുകളെ സഹായിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ക്രെഡിറ്റ് കാർഡ് ഇടപാടുകള്‍ക്ക് ഒരു ദിവസത്തെ പരിധി ആറ് ലക്ഷമാക്കി ഉയർത്തിയതായി നാഷണല്‍ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങള്‍
ഇൻഷുറൻസ്, മൂലധന വിപണി നിക്ഷേപങ്ങള്‍ക്ക്, ഓരോ ഇടപാടിനും പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി. ഒരുദിവസം പരമാവധി അയക്കാവുന്ന തുക 10ലക്ഷം രൂപയാക്കി.
നികുതി,ഗവണ്‍മെന്റ് ഇ-മാർക്കറ്റ്‌പ്ലേയ്‌മെന്റ് തുടങ്ങിയവയുടെ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി.
യാത്രാ ബുക്കിംഗുകള്‍ക്ക് ഇടപാട് പരിധി 1 ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തി. പ്രതിദിനം പരമാവധി 10 ലക്ഷം രൂപയുടെ ഇടപാട് നടത്താം.
ക്രെഡിറ്റ് കാർഡ് ബില്‍ പേയ്മെന്റുകളും ലോണ്‍/ഇഎംഐ ഇടപാടുകള്‍ക്കും ഒരു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. ഒരുദിവസം പരമാവധി അയക്കാനുള്ള തുകയുടെ പരിധി 10 ലക്ഷം രൂപയാണ്.
ആഭരണങ്ങള്‍ വാങ്ങുന്നതിന് യുപിഐ വഴി പ്രതിദിനം ആറ് ലക്ഷം രൂപവരെ ഇടപാട് നടത്താം.നേരത്തെ, ഇത് വെറും ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്നു.
ഫോറിൻ എക്‌സ്‌ചേഞ്ച് പേയ്മന്റുകളുടെ പരിധി അഞ്ചു ലക്ഷം രൂപയാക്കി. ബാങ്കിംഗ് സേവനങ്ങളായ ടേം ഡെപ്പോസിറ്റുകള്‍ ഡിജിറ്റലായി തുറക്കുന്നതിനുള്ള ഇടപാട് പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി.
അതേസമയം, ഈ ഉയർന്ന പരിധികള്‍ നിർദിഷ്ട വിഭാഗത്തിലെ വെരിഫെയ്ഡ് വ്യാപാരികള്‍ക്ക് മാത്രമാണ് ബാധകമാകുക. യോഗ്യതയുള്ള ഉപയോക്താക്കള്‍ക്ക് മാറ്റങ്ങള്‍ ലഭ്യമാകുമെന്നും എൻപിസിഐ അറിയിച്ചു.


