സ്വര്‍ണത്തിന് അനുദിനം വില വര്‍ധിക്കുകയാണ്. എങ്കിലും സ്വര്‍ണാഭരണത്തോടുള്ള കൊതി അവസാനിക്കുന്നില്ല. ഒരു ലക്ഷം രൂപയ്ക്കരികിലാണ് നിലവില്‍ സ്വര്‍ണവില.സ്വര്‍ണമെന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് സുരക്ഷിതത്വത്തിന്റെയും സമ്ബത്തിന്റെയും പ്രതീകമാണ്. പ്രതിസന്ധികളില്‍ സ്വര്‍ണം എപ്പോഴും കൂട്ടായുണ്ടാകുമെന്ന പ്രതീക്ഷയാണ് ഭൂരിഭാഗം ആളുകള്‍ക്കും.
സ്വര്‍ണത്തില്‍ പലതരത്തില്‍ നിക്ഷേപം നടത്താം. ആഭരണങ്ങളായും നാണയങ്ങളും ബാറുകളായും അല്ലെങ്കില്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയുമെല്ലാം ഇത് സാധ്യമാണ്. പൊതുവേ ഡിജിറ്റല്‍ ഗോള്‍ഡിന് വലിയ പ്രാധാന്യം നല്‍കുന്നവരല്ല ഇന്ത്യക്കാര്‍. അങ്ങനെയങ്കില്‍ സ്വര്‍ണനാണയങ്ങളില്‍ അല്ലെങ്കില്‍ ആഭരണങ്ങള്‍ എന്നിവയില്‍ നിക്ഷേപത്തിനായി ഏത് തിരഞ്ഞെടുക്കണമെന്ന് പരിശോധിക്കാം.
ഒറ്റനോട്ടത്തില്‍ അവ രണ്ടും സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചവയാണ്. എന്നാല്‍ സ്വര്‍ണം വില്‍ക്കാനായി തീരുമാനിക്കുമ്ബോള്‍ ഇവ രണ്ടും എത്രത്തോളം മൂല്യം നല്‍കുന്നുവെന്നതാണ് പ്രധാനം.
ആഭരണങ്ങളും നാണയങ്ങളും
വിവാഹങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് പലപ്പോഴും സ്വര്‍ണാഭരണം വാങ്ങിക്കുന്നത്. എന്നാല്‍ സ്വര്‍ണ നാണയങ്ങളെ തീര്‍ത്തും നിക്ഷേപമായി തന്നെ പരിഗണിക്കുന്നു. രണ്ടും ഒരേ ലക്ഷ്യത്തോടെയുള്ളതാണെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
സ്വര്‍ണം വില്‍ക്കുന്ന സമയത്ത് ആദ്യം പരിശോധിക്കുന്നത് അതിന്റെ പരിശുദ്ധിയാണ്. ആഭരണങ്ങള്‍ പലപ്പോഴും 22 കെ സ്വര്‍ണത്തിലാണ് നിര്‍മിക്കുന്നത്. അത് നിര്‍മിക്കുന്നതിനായി നിങ്ങള്‍ ധാരാളം പണം ചെലവാക്കിയിട്ടുണ്ടെങ്കിലും വില്‍ക്കുമ്ബോള്‍ ആ തുക ലഭിക്കില്ല.
സ്വര്‍ണം തൂക്കിനോക്കിയതിന് ശേഷം പരിശുദ്ധി വിലയിരുത്തുകയും നിര്‍മ്മാണച്ചെലവും ജിഎസ്ടിയുമെല്ലാം ഒഴിവാക്കിയതിന് ശേഷമാണ് വാങ്ങിക്കുന്നയാള്‍ വില പറയുക. നിങ്ങള്‍ 50,000 രൂപയ്ക്ക് വാങ്ങിയ ആഭരണത്തിന് ചിലപ്പോള്‍ 40,000 രൂപയോ അതിന് താഴെയോ മാത്രമായിരിക്കും വില ലഭിക്കുന്നത്.
സ്വര്‍ണനാണയങ്ങള്‍ സാധാരണയായി 24 കാരറ്റിലാണ് നിര്‍മ്മിക്കുന്നത്. ഇവയുടെ മൂല്യം നിര്‍ണയിക്കാനും വളരെ എളുപ്പമാണ്. ഡിസൈന്‍ ചെലവുകളോ പണികൂലിയോ ഇവയ്ക്ക് ബാധകമല്ല. ഇവ വില്‍ക്കുമ്ബോള്‍ നിങ്ങള്‍ക്ക് വിപണി നിരക്ക് തന്നെ ലഭിക്കും.


