ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനും ഏറെ മുന്നേ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കരുതലെടുത്ത് ഇന്ത്യ.ഏറെ സുരക്ഷിതമായി കരുതിപ്പോരുന്ന അമേരിക്കൻ ട്രഷറി ബില്ലിലുള്ള നിക്ഷേപം കുറച്ചുകൊണ്ടുവരുന്ന പ്രവണതയാണ് ഇതില്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കൻ ട്രഷറി ബില്ലിലുള്ള ഇന്ത്യയുടെ കരുതല്‍ നിക്ഷേപത്തില്‍ 1,500 കോടി ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകരം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തില്‍ നിക്ഷേപം ഉയരുകയും ചെയ്തു.
റിസർവ് ബാങ്കിന്റെ പുതിയ കണക്കനുസരിച്ച് ജൂണില്‍ യുഎസ് ട്രഷറി ബില്ലിലുള്ള ഇന്ത്യയുടെ കരുതല്‍ശേഖരം 22,700 കോടി ഡോളറാണ്. ഒരുവർഷം മുമ്ബിത് 24,200 കോടി ഡോളർ വരെയായിരുന്നു. അതായത് ഒരു വർഷംകൊണ്ട് കുറഞ്ഞത് 1,500 കോടി ഡോളറിന്റെ (1.32 ലക്ഷം കോടി രൂപ) ട്രഷറി ബില്‍ നിക്ഷേപം. അതേസമയം, അമേരിക്കൻ കടപ്പത്രങ്ങളില്‍ ഉയർന്ന നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ തുടരുകയാണ്. ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോഴും ഇന്ത്യയുണ്ട്.
ഇന്ത്യ മാത്രമല്ല, മറ്റു പല രാജ്യങ്ങളും ഡോളർ അധിഷ്ഠിത കരുതല്‍ ശേഖരം കുറച്ചുകൊണ്ടുവരുന്ന പ്രവണതയുണ്ട്. യുഎസ് ട്രഷറി നിക്ഷേപങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനയും ട്രഷറി ബില്ലിലുള്ള ശേഖരം കുറയ്ക്കുന്നുണ്ട്. ജൂണില്‍ ചൈനയുടെ യുഎസ് ട്രഷറി ബില്ലിലുള്ള കരുതല്‍ശേഖരം 75,600 കോടി ഡോളറായി ചുരുങ്ങി. 2024 ജൂണിലിത് 78,000 കോടി ഡോളറായിരുന്നു. 2,400 കോടി ഡോളറിന്റെ കുറവ്.
യുഎസ് ട്രഷറി ബില്‍ ശേഖരം കുറഞ്ഞെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ശേഖരം ശക്തമായ നിലയിലാണുള്ളത്. ഓഗസ്റ്റ് 22 വരെയുള്ള കണക്കനുസരിച്ച് 69,072 കോടി ഡോളറാണ് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരം. ഇതില്‍ 8,500 കോടിയുടെ ശേഖരമാണ് സ്വർണത്തിലുള്ളത്. ഒരു വർഷത്തിനിടെ ഇന്ത്യ 39.22 ടണ്‍ സ്വർണം കരുതല്‍ ശേഖരത്തിന്റെ ഭാഗമാക്കി. ജൂണ്‍ 27 വരെയുള്ള കണക്കുപ്രകാരം 879.98 ടണ്‍ ആണ് ഇന്ത്യയുടെ സ്വർണത്തിലുള്ള കരുതല്‍ ശേഖരം. ഒരു വർഷം മുൻപിത് 840.76 ടണ്‍ ആയിരുന്നു.


