HomeIndiaജി.എസ്.ടി പരിഷ്‌കരണത്തിന് മന്ത്രിതല സമിതിയുടെ അനുമതി; 12%, 28% സ്ലാബുകള്‍ ഓര്‍മയിലേക്ക്; ഉപഭോക്താക്കൾക്ക് നേട്ടം: വിശദമായി...

ജി.എസ്.ടി പരിഷ്‌കരണത്തിന് മന്ത്രിതല സമിതിയുടെ അനുമതി; 12%, 28% സ്ലാബുകള്‍ ഓര്‍മയിലേക്ക്; ഉപഭോക്താക്കൾക്ക് നേട്ടം: വിശദമായി വായിക്കാം

ജി.എസ്.ടി നവീകരണത്തില്‍ കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാര്‍ശ അംഗീകരിച്ച്‌ മന്ത്രിതല സമിതി. ജി.എസ്.ടിയില്‍ 12%, 28% ശതമാനം സ്ലാബുകള്‍ ഒഴിവാക്കുന്നതാണ് പുതിയ പരിഷ്‌കാരം.ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയില്‍ ഉണ്ടാകുക. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ ആറംഗ സമിതിയാണ് അംഗീകാരം നല്കിയത്.

12, 28 ശതമാനം നികുതിയില്‍ ഉള്ളവ മറ്റ് സ്ലാബുകളിലേക്ക് മാറും. സിഗരറ്റ്, പാന്‍മസാല അടക്കമുള്ളവയുടെ 40 ശതമാനം ഉയര്‍ന്ന തീരുവ അതേപടി തുടരും. ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന, രാജസ്ഥാന്‍ ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ്, പശ്ചിമബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ഗൗഡ എന്നിവര്‍ക്കൊപ്പം കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാലും ഈ സമിതിയില്‍ അംഗമാണ്.

ഉറപ്പുവരുത്തണം ഉപയോക്താക്കളുടെ നേട്ടം

സമിതി യോഗത്തിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സമിതിയംഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജി.എസ്.ടിയില്‍ മാറ്റം വരുന്നത് രാജ്യത്തെ ഇടത്തരം, താഴ്ന്ന വരുമാനക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഗുണം ചെയ്യുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് സാമ്ബത്തിക ക്രയവിക്രയം ഉയരാന്‍ ജി.എസ്.ടി പരിഷ്‌കരണം വഴിയൊരുക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ മാറ്റത്തോടെ 12 ശതമാനം നികുതി ഈടാക്കിയിരുന്ന 99 ശതമാനം ഇനങ്ങളുടെയും വില അഞ്ചു ശതമാനം നികുതിയിലേക്ക് മാറും. 28 ശതമാനം സ്ലാബില്‍ ഉള്‍പ്പെട്ടിരുന്ന 90 ശതമാനം സാധനങ്ങളും സേവനങ്ങളും 18 ശതമാനം സ്ലാബിലേക്കും മാറ്റപ്പെടും.

ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ജി.എസ്.ടി ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശവും മന്ത്രിതല സമിതി അവലോകനം ചെയ്തു. പ്രതിവര്‍ഷം ഏകദേശം 9,700 കോടി രൂപയുടെ വരുമാന നഷ്ടം ഇതുവഴി സര്‍ക്കാരിനുണ്ടാകും. എന്നിരുന്നാലും ഈ നിര്‍ദ്ദേശത്തോടും ഭൂരിപക്ഷം സംസ്ഥാന ധനമന്ത്രിമാരും അനുകൂലമായാണ് പ്രതികരിച്ചത്. ജി.എസ്.ടി ഇല്ലാതാകുന്നതോടെ ഗുണം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം വേണമെന്നും മന്ത്രിതല സമിതി നിര്‍ദ്ദേശിച്ചു.

Latest Posts