പച്ചയായ ഒരു ഗ്രാമത്തെക്കുറിച്ച് ചിന്തിക്കുമ്ബോള്‍ മനസ്സിലേക്ക് വരുന്ന കാഴ്ചകള്‍ പലതാണ്. ചെറിയ വീടുകള്‍, മണ്‍കുടിലുകള്‍, പച്ചപ്പ് നിറഞ്ഞ വയലുകള്‍, മേയുന്ന കന്നുകാലികള്‍, ഗ്രാമീണ ജീവിതത്തിന്റെ ശാന്തമായ ലാളിത്യം എന്നിവയൊക്കെയാകും നാം ചിന്തിക്കുക.എന്നാല്‍ ഈ പരമ്ബരാഗത സങ്കല്‍പത്തെ പൂർണമായും തകർക്കുന്ന ഒരു ഇന്ത്യൻ ഗ്രാമമുണ്ട്. ഗുജറാത്തിലെ മധാപർ. ലോകത്തിലെ ഏറ്റവും സമ്ബന്നമായ ഗ്രാമമായി ഇവിടം പരക്കെ കണക്കാക്കപ്പെടുന്നു.
ഇവിടെയുള്ള ഓരോ വീട്ടുകാരും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആണ്. കൂടാതെ 5,000 കോടിയിലധികം രൂപ പ്രാദേശിക ബാങ്കുകളില്‍ ഇവർ നിക്ഷേപിച്ചിട്ടുമുണ്ട്. ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മധാപറില്‍ ഏകദേശം 92,000 താമസക്കാരും 7,600 ഓളം വീടുകളുമാണുള്ളത്. ഗ്രാമത്തില്‍ 17 ബാങ്ക് ശാഖകളുണ്ട്. ഇവയിടെല്ലാംകൂടി 5,000 കോടിയിലധികം രൂപയുടെ നിക്ഷേപവും.
ഈ അഭിവൃദ്ധിക്ക് പിന്നിലെ രഹസ്യം
എങ്ങനെയാണ് മധാപർ ഇത്രയും വലിയ വിജയം നേടിയത്? ഉത്തരം അവിടത്തെ ജനങ്ങള്‍ തന്നെയാണ്. മധാപറിലെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും വിദേശത്ത്, പ്രത്യേകിച്ച് യുകെ, യുഎസ്, കാനഡ, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ബന്ധുക്കളുണ്ട്. ഈ പ്രവാസി ഇന്ത്യക്കാർ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഗണ്യമായ സമ്ബത്ത് നേടിയിട്ടുണ്ട്. എന്നാല്‍ അവർ ഗ്രാമത്തിലെ തങ്ങളുടെ ബന്ധങ്ങള്‍ കൈവിട്ടിട്ടുമില്ല.
അവരില്‍ പലരും തങ്ങളുടെ കുടുംബങ്ങളെ പിന്തുണയ്ക്കാൻ മാത്രമല്ല, ഗ്രാമത്തിന്റെ വളർച്ചയില്‍ നിക്ഷേപിക്കാനുംകൂടി നാട്ടിലേക്ക് പണം അയക്കുന്നത് തുടരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയ്ക്കായി അവർ സജീവമായി സംഭാവന ചെയ്യുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ള പാരമ്ബര്യം
മധാപറിന്റെ ഉത്ഭവം പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. ഗുജറാത്തിലുടനീളം ക്ഷേത്രങ്ങളും ചരിത്രസ്മാരകങ്ങളും നിർമിക്കുന്നതില്‍ പ്രശസ്തരായ കച്ചിലെ മിസ്ത്രി സമുദായമാണ് ഇത് സ്ഥാപിച്ചത്. കാലക്രമേണ, വിവിധ സമുദായങ്ങളില്‍നിന്നുള്ള ആളുകള്‍ ഈ ഗ്രാമത്തെ തങ്ങളുടെ ഭവനമാക്കി മാറ്റി. അത് ഗ്രാമത്തിന്റെ സമ്ബന്നമായ സാംസ്കാരിക തനിമയ്ക്ക് കാരണമായി.
ഗ്രാമീണ പശ്ചാത്തലത്തിലെ നഗര സൗകര്യങ്ങള്‍
ഒരു സാധാരണ ഗ്രാമത്തില്‍നിന്ന് വ്യത്യസ്തമായി, പല ഇന്ത്യൻ നഗരങ്ങളിലുള്ളതിനേക്കാള്‍ മികച്ച ആധുനിക സൗകര്യങ്ങള്‍ മധാപറിലുണ്ട്. സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, പാർക്കുകള്‍, നന്നായി പരിപാലിക്കുന്ന റോഡുകള്‍ എന്നിങ്ങനെ നീളുന്നു. ജീവിതനിലവാരവും വളരെ ഉയർന്നതാണ്. കഠിനാധ്വാനവും ദീർഘവീക്ഷണവും ഒന്നിക്കുമ്ബോള്‍ എന്തെല്ലാം സാധ്യമാകുമെന്ന് ഈ ഗ്രാമം കാണിച്ചുതരുന്നു.
ഐക്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം
മധാപർ കേവലം ഒരു സമ്ബന്ന ഗ്രാമം മാത്രമല്ല, ശക്തമായ സാമൂഹിക ബന്ധങ്ങളും ആഗോള ബന്ധങ്ങളും വികസനത്തോടുള്ള പ്രതിബദ്ധതയും ഒത്തുചേരുമ്ബോള്‍ ഗ്രാമീണ ജീവിതത്തെ എങ്ങനെ പുനർനിർവചിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഗുജറാത്തിന് മാത്രമല്ല, ഇന്ത്യക്ക് മുഴുവൻ അഭിമാനിക്കാവുന്ന സമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമായി ഇത് നിലകൊള്ളുന്നു.


