സാധാരണക്കാർക്കിടയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഉത്സവ സീസണ് തൊട്ടുമുന്നോടിയായുള്ള സ്വർണ വിലയിലെ വർധനവ്.ഇന്ന് നേരിയ ഇടിവോടെ സ്വർണ വില പവന് 73680 ലേക്ക് എത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ നിരക്ക് 74040 രൂപയായിരുന്നു. ജുലൈ 22 ന് കഴിഞ്ഞ രണ്ട് മാസത്തെ ഉയർന്ന നിരക്കായ 74280 ലേക്കും വില എത്തി. വ്യാഴാഴ്ച വരെ ഈ ആഴ്ച സ്വർണം ഏകദേശം 2% വില വർധനവാണ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച പത്ത് ഗ്രാമിന് 98791 രൂപയായിരുന്ന സ്വർണവില ബുധനാഴ്ച 100502 രൂപയിലേക്ക് ഉയർന്നു. 3% ജിഎസ്ടിയും പണിക്കൂലിയും കണക്കാക്കുമ്ബോള്‍ 10 ഗ്രാം സ്വർണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 110000 ത്തിന് മുകളിലേക്ക് എത്തും. രക്ഷാബന്ധന്‍ അടക്കമുള്ള ഉത്സവങ്ങള്‍ വരുന്നതിനാല്‍ ദേശീയ അടിസ്ഥാനത്തില്‍ തന്നെ സ്വർണത്തിന്റെ ഡിമാന്‍ഡിന് വലിയ ഇടിവുണ്ടാകുമെന്നാണ് ജ്വല്ലറി ഉടമകളുടെ ആശങ്ക.
‘ചൈന വൻതോതില്‍ സ്വർണം വാങ്ങുന്നുണ്ട്. ലോകമെമ്ബാടുമുള്ള സെൻട്രല്‍ ബാങ്കുകളും വലിയ നിക്ഷേപകരും സ്വർണം വാങ്ങുന്നു. ഈ ഘടകങ്ങളെല്ലാം സ്വർണവില ഉയർത്തുന്നു.’ എന്നാണ് ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ (ഐബിജെഎ) ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്തയെ ഉദ്ധരിച്ചുകൊണ്ട് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രില്‍ 22-ന് യുഎസ്-ചൈന വ്യാപാര സംഘർഷത്തെ തുടർന്ന് യുഎസ് ചൈനയ്ക്ക് മേല്‍ ഉയർന്ന തീരുവ ഏർപ്പെടുത്തിയപ്പോഴും സ്വർണവില പത്ത് ഗ്രാമിന് 1 ലക്ഷം രൂപയിലെത്തിയിരുന്നു.
പുതിയ സാഹചര്യത്തില്‍ വെള്ളിയുടെ വിലയിലും കാര്യമായ വർധനവുണ്ടായി. ചൊവ്വാഴ്ച 111000 രൂപയായിരുന്ന വെള്ളി വില ബുധനാഴ്ച 115500 രൂപയായി ഉയർന്നു. അതായത് ഒരു ദിവസം കൊണ്ട് 4500 രൂപയുടെ വർധന. ഡോളർ സൂചികയുടെ ദുർബലതയും യുഎസ് വ്യാപാര തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്കും വെള്ളിയിലേക്കും ആളുകളെ ആകർഷിക്കുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട നാറ്റോയുടെ സെക്കൻഡറി ഉപരോധ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യൻ രൂപയ്ക്ക് മേല്‍ സമ്മർദ്ദം വർധിച്ചതും പ്രാദേശിക സ്വർണ-വെള്ളി വിലകളെ ബാധിച്ചു. സ്വർണം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം എന്നതിനാല്‍ തന്നെ രൂപയുടെ മൂല്യത്തകർച്ച നേരിട്ട് വിലയെ സ്വാധീനിക്കുന്നു.
വില വർധനവ് നേരിടാനായി ആളുകള്‍ വാങ്ങുന്ന സ്വർണത്തിന്റെ അളവിലും മൂല്യത്തിലും വലിയ ഇടിവ് വരുത്തുകയും ചെയ്യുന്നുണ്ട്. “ഉപഭോക്താക്കള്‍ ഇപ്പോള്‍ തങ്ങളുടെ ബജറ്റിനനുസരിച്ച് ഭാരം കുറഞ്ഞ സ്വർണാഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നു. വോളിയത്തില്‍ 15% ഇടിവ് പ്രതീക്ഷിക്കുന്നു. വിലക്കയറ്റം തുടർന്നാല്‍, 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിക്കും.”സെൻകോ ഗോള്‍ഡ് ജ്വല്ലറി ശൃംഖലയുടെ മാനേജിംഗ് ഡയറക്ടർ സുവങ്കർ സെൻ ചൂണ്ടിക്കാട്ടുന്നു.


