ഏറെ കാത്തിരുന്ന ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്രവ്യാപാര കരാർ യാഥാർത്ഥ്യമായി. മൂന്നുവർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിൽ ബ്രിട്ടണുമുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം കരാർ യാഥാർഥ്യമായ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്.
കെയർ സ്റ്റാർമറുമായി സംസാരിച്ചതായും പരസ്പരം പ്രയോജനകരവുമായ സ്വതന്ത്ര വ്യാപാര കരാർ എന്ന് അദ്ദേഹം കരാറിനെ വിശേഷിപ്പിച്ചതായും നരേന്ദ്ര മോദി ട്വീറ്റ്ചെയ്തു. വ്യാപാരം, നിക്ഷേപം, വളര്ച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, നവീകരണം എന്നീ മേഖലകളെ കരാർ ഉത്തേജിപ്പിക്കുമെന്നും സ്റ്റാർമർ ഉടൻ തന്നെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. ഇരു സമ്ബദ്വ്യവസ്ഥകളിലും വ്യാപാരം, നിക്ഷേപം, നവീകരണം, തൊഴിലവസരങ്ങൾ എന്നിവ വളർത്തിയെടുക്കുന്ന നാഴികക്കല്ലായിട്ടാണ് നേതാക്കള് ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തെ വൻ സമ്ബദ്വ്യവസ്ഥകൾ തമ്മിലുള്ള ചരിത്രപരമായ കരാറുകൾ വ്യവസായികൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും സാമ്ബത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ജനങ്ങള് തമ്മിലുള്ള ബന്ധം കൂടുതല് ആഴത്തിലാക്കുകയും ചെയ്യുമെന്ന് ഇരുവരും സമ്മതിച്ചു.
ആഗോള വിപണികൾക്കായി ഉല്പ്പന്നങ്ങളും സേവനങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പുതിയ സാധ്യതകൾ ഇരു രാജ്യങ്ങള്ക്കും ലഭ്യമാക്കാൻ കരാർ സഹായിക്കും. ഡൊണാള്ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ തുടങ്ങിവച്ച വ്യാപാരയുദ്ധം രാജ്യാന്തരവിപണിയിൽ സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ലോകത്തെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്ബദ്വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാകുന്ന സമയം ഏറെ പ്രധാനമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.
കരാറിന്റെ നേട്ടങ്ങൾ:
ബ്രിട്ടീഷ് വിപണിയിൽ ‘നികുതി രഹിത’ പ്രയോജനം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ 99 ശതമാനം ഉല്പ്പന്നങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം ഇന്ത്യൻ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കും. നിലവിലെ 90 ശതമാനത്തിൽ നിന്ന് പത്തുവർഷം കൊണ്ട് 85 ശതമാനം പൂർണ്ണമായും നികുതിരഹിതമാകും.
കരാർ പ്രകാരം ഇന്ത്യയിലെ വാഹനവിപണിയിലേക്ക് ബ്രിട്ടീഷ് നിർമാതാക്കൾക്കുള്ള പ്രവേശനം സുഗമമാകും. ബ്രിട്ടണിൽ നിന്നുള്ള വിസ്കി, അത്യാധുനിക ഉപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ എന്നിവയ്ക്ക് ഇന്ത്യയിൽ നികുതിയും കുറയും. ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇൻഷുറൻസ് രംഗത്തേക്കും ബ്രിട്ടീഷ് കമ്പ്നികൾക്ക് പ്രവേശിക്കാനാകും. ഇത് രാജ്യത്ത് വലിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ഇതോടൊപ്പം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ബ്രിട്ടണിലും കൂടുതൽ അവസരം തുറന്നുകിട്ടും. യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പ്രവേശനവും ഇത് എളുപ്പമാക്കും. ഇന്ത്യയിലെ ഐ.ടി, ടെക്, ആരോഗ്യം, ടെക്സ്റ്റൈൽ, പാദരക്ഷ, കാർപെറ്റ്, സമുദ്രവിഭവങ്ങൾ, മാമ്പഴം, മുന്തിരി, മത്സ്യം തുടങ്ങിയ മേഖലകൾക്കും കരാര് ഗുണം ചെയ്യും. ഇത്തരം ഉത്പന്നങ്ങൾക്ക് ബ്രിട്ടണിൽ നികുതി കുറയും.
ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവ കുറച്ച ഉല്പ്പന്നങ്ങൾ: സൗന്ദര്യവർദ്ധക വസ്തുക്കൾ, എയ്റോസ്പേസ്, മെഡിക്കൽ ഉപകരണങ്ങൾ, സാല്മൺ, ഇലക്‌ട്രിക്കൽ മെഷിനറി, സോഫ്റ്റ് ഡ്രിങ്കുകൾ, ചോക്ലേറ്റ്, ബിസ്ക്കറ്റുകൾ
ബ്രിട്ടണിലേക്കുള്ള ഇറക്കുമതി തീരുവ കുറച്ച ഉല്പ്പന്നങ്ങൾ: വസ്ത്രങ്ങൾ, പാദരക്ഷകൾ, ശീതീകരിച്ച ചെമ്മീൻ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉല്പ്പന്നങ്ങൾ