മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥകളാണ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളെയും ബാധിച്ചിരിക്കുന്നത്.മാര്‍ച്ച് മാസത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 14% ഇടിഞ്ഞ് 25,082 കോടി രൂപയായി. ഫെബ്രുവരിയില്‍ 29,303 കോടി രൂപയായിരുന്നു മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വന്നത്.
11 മാസങ്ങള്‍ക്കിടെ ഏറ്റവും താഴ്ന്ന നിക്ഷേപമാണ് മാര്‍ച്ചില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ലഭിച്ചത്. മാര്‍ച്ചില്‍ സെന്‍സെക്‌സ് 5.76 ശതമാനവും നിഫ്റ്റി 6.3 ശതമാനവും മുന്നേറിയെങ്കിലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപകര്‍ വിശ്വാസം കാട്ടിയില്ല.
അതേസമയം എസ്‌ഐപികള്‍ മുഖേന മാര്‍ച്ചില്‍ 25,926 കോടി രൂപ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തി. മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ ആകെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് (എയുഎം) 65.74 ലക്ഷം കോടി രൂപയാണ്.
11 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങള്‍ക്കും മാര്‍ച്ചില്‍ നിക്ഷേപം ലഭിച്ചു. ഫ്‌ളെക്‌സി-ക്യാപ്പ് ഫണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ചത്. ഫെബ്രുവരിയില്‍ 5,104 കോടി രൂപയില്‍ നിന്ന് മാര്‍ച്ചില്‍ 5,615 കോടി രൂപയുടെ നിക്ഷേപം ഈ വിഭാഗത്തിന് ലഭിച്ചു. 4,092 കോടി രൂപ എന്ന രണ്ടാമത്തെ ഉയര്‍ന്ന നിക്ഷേപമാണ് സ്‌മോള്‍ ക്യാപ്പ് ഫണ്ടുകള്‍ നേടിയത്.
ഈ കാലയളവില്‍ മിഡ്ക്യാപ് ഫണ്ടുകളിലേക്ക് 3,438 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു, ഫെബ്രുവരിയില്‍ ഇത് 3,406 കോടി രൂപയായിരുന്നു. സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളിലേക്ക് പ്രതിമാസ അടിസ്ഥാനത്തില്‍ ഏകദേശം 97% നിക്ഷേപം കുറഞ്ഞു.
ഫെബ്രുവരിയില്‍ 5,711 കോടി രൂപയായിരുന്ന ഈ വിഭാഗത്തിലേക്ക് മാര്‍ച്ചില്‍ 170 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ലഭിച്ചത്.
പ്രതിമാസ അടിസ്ഥാനത്തില്‍, സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളിലും ലാര്‍ജ് ക്യാപ് ഫണ്ടുകളിലും മാത്രമാണ് നിക്ഷേപത്തില്‍ കുറവ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ ഇത് 2,866 കോടി രൂപയായിരുന്നുവെങ്കില്‍, മാര്‍ച്ചില്‍ ലാര്‍ജ് ക്യാപ്പിലെ നിക്ഷേപം 13% കുറഞ്ഞ് 2,866 കോടി രൂപയായി.
ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ഇടിഎഫുകള്‍, വിദേശ നിക്ഷേപ ഫണ്ടുകളുടെ ഫണ്ട് എന്നിവ ഉള്‍പ്പെടുന്ന മറ്റ് പദ്ധതികളിലെ നിക്ഷേപത്തില്‍ 38% വര്‍ധനവ് രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ 10,248 കോടി രൂപയായിരുന്ന മറ്റ് പദ്ധതികളിലെ നിക്ഷേപം മാര്‍ച്ചില്‍ 14,148 കോടി രൂപയായി.