HomeIndiaകുതിച്ചുയർന്ന് സ്വർണ്ണവില: വീണ്ടും റെക്കോർഡ് ഭേദിച്ചു; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം

കുതിച്ചുയർന്ന് സ്വർണ്ണവില: വീണ്ടും റെക്കോർഡ് ഭേദിച്ചു; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്.ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480 രൂപയിലും ഗ്രാമിന് 8,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 40 രൂപ ഉയർന്ന് സർവകാല റിക്കാർഡായ 7,060 രൂപയായി.

കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റിക്കാര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്.കഴിഞ്ഞ മാസത്തിന്‍റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ 4,960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കൂടിയത് 3,000 രൂപയാണ്.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞദിവസം കുറിച്ച ഔണ്‍സിന് 3,149 ഡോളർ എന്ന റിക്കാർഡ് പഴങ്കഥയാക്കി രാജ്യാന്തരവില 3,166.99 ഡോളർ വരെയെത്തി. പിന്നീട് 3,120 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നെങ്കിലും നിലവില്‍ വ്യാപാരം ചെയ്യുന്നത് 3,148 ഡോളറിലാണ്.

ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കുംമേല്‍ യുഎസ് പ്രസി‍ഡന്‍റ് ഡോണള്‍ഡ് ട്രംപ് പകരത്തിനുപകരം തീരുവ ഏർപ്പെടുത്തിയതോടെയാണ് സ്വർണവില കത്തിക്കയറിയത്. രൂപയുടെ തളർച്ചയും ഇന്ത്യയില്‍ സ്വർണവില വർധനയുടെ ആക്കംകൂട്ടി.അതേസമയം, വെള്ളിവില ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 110 രൂപയിലെത്തി.

Latest Posts