സ്‌പെക്‌ട്രം കുടിശ്ശിക കേന്ദ്രസര്‍ക്കാരിന്റെ ഓഹരിയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ടെലികോം കമ്ബനിയായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐ) ഓഹരി വിപണിയില്‍ കുതിച്ചു.ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്.
ഒരു ഓഹരിക്ക് 10 രൂപ നിരക്കില്‍ 3,695 കോടി ഓഹരികളാണ് സര്‍ക്കാരിന് ലഭിക്കുക. സ്‌പെക്‌ട്രം കുടിശ്ശിക 36,950 കോടി രൂപ മൂല്യമുള്ള ഓഹരികളാക്കിയാണ് മാറ്റുന്നത്. ഇന്ന് രാവിലെ 9.18 ന്, എന്‍എസ്‌ഇയില്‍ വിഐയുടെ ഓഹരികള്‍ 7.48 രൂപയ്ക്കാണ് ക്വാട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് റേറ്റിനേക്കാള്‍ 10 ശതമാനം കൂടുതലാണിത്. സ്‌പെക്‌ട്രം കുടിശ്ശിക ഓഹരിയാക്കി മാറ്റിയതോടെ വോഡഫോണ്‍ ഐഡിയയിലെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 22.6 ശതമാനത്തില്‍ നിന്ന് 48.99 ശതമാനമായി ഉയരും. ‘കമ്ബനിയുടെ നിയന്ത്രണം പ്രൊമോട്ടര്‍മാര്‍ക്ക് തുടര്‍ന്നും ഉണ്ടായിരിക്കും,’- കമ്ബനിയുടെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ പറയുന്നു.
ടെലികോം ഓപ്പറേറ്ററുടെ അഭിപ്രായത്തില്‍, കഴിഞ്ഞ 90 വ്യാപാര ദിവസങ്ങളിലെയോ ഫെബ്രുവരി 26ന് മുമ്ബുള്ള 10 ദിവസത്തെയോ വോളിയം-വെയ്റ്റഡ് ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് ഇഷ്യു വില നിശ്ചയിച്ചത്. 2021 സെപ്റ്റംബറിലെ ടെലികോം പരിഷ്‌കരണ പാക്കേജിന് അനുസൃതമായി ഓഹരിയാക്കി മാറ്റിയതിനെ അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വോഡഫോണ്‍ ഐഡിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വോഡഫോണ്‍ ഐഡിയയുടെ കടം ഓഹരിയിലേക്ക് സര്‍ക്കാര്‍ പരിവര്‍ത്തനം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. 2023 ല്‍, 16,133 കോടി രൂപ കടം ഓഹരിയിലേക്ക് മാറ്റിയിരുന്നു. അന്ന് ഒരു ഓഹരിക്ക് 10 രൂപ എന്ന നിരക്കിലായിരുന്നു കൈമാറ്റം.