തെന്നിന്ത്യൻ സിനിമയില്‍ സ്റ്റാർഡമുള്ള സംവിധായകർ വിരളമാണ്. സൂപ്പർ സ്റ്റാറുകള്‍ക്കുള്ള സ്റ്റാർഡവും ഫാൻസും അതേ അളവില്‍ ലഭിക്കുന്ന ഒരു സംവിധായകനാണ് ലോകേഷ് കനഗരാജ്.ലോകേഷ് യൂണിവേഴ്സ് സിനിമാപ്രേമികള്‍ ആഘോഷിക്കുന്നതും അതില്‍ നിന്നും വരുന്ന സിനിമകള്‍ കാണാൻ ത്രില്ലടിച്ച് കാത്തിരിക്കാറുമുണ്ട്. തമിഴില്‍ ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായൊരു സ്ഥാനം സംവിധായകൻ ഉണ്ടാക്കിയെടുത്തത്.
ലോകേഷ് സിനിമകള്‍ പ്രഖ്യാപനം മുതല്‍ വലിയ ഹൈപ്പ് നേടുന്നവയുമാണ്. ഇതുവരെ പരാജയപ്പെട്ട സിനിമകള്‍ ലോകേഷിന്റെ കരിയറിലുണ്ടായിട്ടില്ല. ആദ്യ സിനിമ മാനഗരം തന്നെ സൂപ്പർ ഹിറ്റായിരുന്നു. സുധീപ് കിഷൻ, റെജീന കസാൻഡ്ര എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. പിന്നീട് രണ്ട് വർഷങ്ങള്‍ക്കുശേഷം ഇറങ്ങിയ കൈതി ബ്ലോക്ക് ബസ്റ്ററായി.
കാർത്തിയായിരുന്നു നായകൻ. നായികയോ തട്ടുപൊളിപ്പൻ പാട്ടോ ഒന്നും തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. സ്റ്റീരിയോടൈപ്പുകള്‍ പൊളിച്ചെഴുതിയ കൈതി വിജയിയുടെ ബിഗിലിനൊപ്പമായിരുന്നു തിയേറ്ററുകളിലെത്തിയത്. എന്നിട്ടും പുഷ്പം പോലെ നൂറ് കോടി ക്ലബ്ബില്‍ കയറി. കൈതിയുടെ വിജയത്തിനുശേഷമാണ് ലോകേഷ് കനഗരാജ് എന്ന പേര് ചർച്ചയാകുന്നത്. ശേഷം വിജയിയെ നായകനാക്കി മാസ്റ്റർ സംവിധാനം ചെയ്ത് അതും വലിയ വിജയമാക്കി തീർത്തു.
നാലാം തവണ സാക്ഷാല്‍ കമല്‍ഹാസനായിരുന്നു ലോകേഷ് ചിത്രത്തില്‍ നായകനായത്. വിക്രത്തിന്റെ റിലീസിന് മുമ്ബ് അതുപോലൊരു നായകനെ സിനിമപ്രേമികള്‍ കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. അറുപത്തിയഞ്ച് പിന്നിട്ട കമല്‍ഹാസന്റെ അതിഗംഭീര പ്രകടനമായിരുന്നു വിക്രത്തില്‍. പാട്ടും ഫൈറ്റും എന്തിന് വില്ലൻ റോളക്സ് പോലും ആരാധകർക്കിടയില്‍ ഹിറ്റായി.
വിക്രത്തിന്റെ റിലീസോടെയാണ് ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് സൃഷ്ടിക്കപ്പെടുന്നത്. വിക്രത്തിനുശേഷം വീണ്ടും വിജയ് ചിത്രമാണ് ലോകേഷ് ഒരുക്കിയത്. ലിയോ എന്ന പേരില്‍ വിജയ് അഭിനയിച്ച സിനിമ വൻ വിജയമായിരുന്നു. പല റെക്കോർഡുകളും ലിയോയുടെ റിലീസോടെ തകർന്നു. ലോകേഷ് കനഗരാജ് തമിഴ്നാട്ടിലെ കോയമ്ബത്തൂർ ജില്ലയിലാണ് ജനിച്ച് വളർന്നത്.
2016ല്‍ അവിയല്‍ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. ഈ ഹ്രസ്വചിത്രത്തിന് ലഭിച്ച സ്വീകാര്യതയാണ് സംവിധായകനായി സ്വയം പരിചയപ്പെടുത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലോകേഷ് കനഗരാജ് ഇപ്പോള്‍ രജനികാന്ത് സിനിമ കൂലിയുടെ ഷൂട്ടിംഗ് തിരക്കിലാണ്. ആക്ഷൻ കഥയെ ആസ്പദമാക്കി സണ്‍ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധാണ് സംഗീതം നിർവഹിക്കുന്നത്.
നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, റെബ മോണിക്ക ജോണ്‍, മോനിഷ തുടങ്ങി നീണ്ടതാരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്‍ ചിത്രത്തില്‍ ക്യാമിയോ റോളില്‍ എത്തുന്നുണ്ടെന്നാണ് വിവരം. നടി പൂജ ഹെഗ്ഡെ ഈ ചിത്രത്തിലെ ഒരു പാട്ടില്‍ നൃത്തം ചെയ്യുന്നുണ്ട്. കൂലിയില്‍ രജനികാന്ത് ഒരു ഗ്യാങ്സ്റ്റാര്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. സ്വർണ്ണ കടത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം ഓഗസ്റ്റ് മാസത്തില്‍ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഇത്രയും കുറഞ്ഞ കാലയളവിനുള്ളില്‍ മാസ് നായകന്മാരെ അണിനിരത്തി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലോകേഷ് കനഗരാജ് ഓരോ ചിത്രത്തിനും 50 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. സംനിധായകന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നുണ്ട്.
തമിഴില്‍ ഏറ്റവും ഡിമാന്റുള്ള സംവിധായകനായ ലോകേഷിന്റെ ആസ്തി 100 കോടി മുതല്‍ 125 കോടി വരെയാണ് പറയപ്പെടുന്നു. ചെന്നൈയില്‍ സ്വന്തമായി ഒരു ആഢംബര വസതിയും ലോകേഷ് കനകരാജിനുണ്ട്. കൂടാതെ ലെക്സസ്, ബിഎംഡബ്ല്യു എന്നിവയുള്‍പ്പെടെ ഏതാനും ആഡംബര കാറുകളും സ്വന്തമായുണ്ട്.