HomeIndiaകുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില;ഇന്നത്തെ നിരക്ക് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില;ഇന്നത്തെ നിരക്ക് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വെള്ളിയാഴ്ച വില കുറഞ്ഞ ആശ്വാസം തീരുംമുമ്ബേ ശനിയാഴ്ച വില കൂടിയിരുന്നു.പുതിയ ആഴ്ച വ്യാപാരം തുടങ്ങിയ ആദ്യം ദിനം തന്നെ വില നേരിയ തോതില്‍ വീണ്ടും വര്‍ധിച്ചു. അമേരിക്കയില്‍ സുപ്രധാനമായ ചില നീക്കങ്ങള്‍ നടന്നുവരികയാണെന്നും ഒരുപക്ഷേ, ഇതിന് ശേഷം സ്വര്‍ണവില കൂടാനുള്ള സാധ്യതയുണ്ടെന്നും വിപണി നിരീക്ഷകര്‍ പറയുന്നു.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 64560 രൂപയാണ്. ഏറ്റവും കുറഞ്ഞത് 61640 രൂപയും. ഏകദേശം 3000ത്തോളം രൂപയുടെ വര്‍ധനവ് ഈ മാസം മാത്രം രേഖപ്പെടുത്തി. ഓരോ മാസവും സ്വര്‍ണവിലയില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോര്‍ട്ട് നോക്‌സ് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കയില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമാണ് ഫോര്‍ട്ട് നോക്‌സ്. അമേരിക്കയുടെ കൈവശമുള്ള പകുതി സ്വര്‍ണവും കെന്റുകിയിലെ ഈ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ എത്ര സ്വര്‍ണം ഉണ്ട് എന്ന് പരിശോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. 4800 ടണ്‍ സ്വര്‍ണം ഇല്ലെങ്കില്‍ ഒരുപക്ഷേ, കൂടുതല്‍ സ്വര്‍ണം അമേരിക്ക വാങ്ങിക്കൂട്ടും. ഇതാകട്ടെ, സ്വര്‍ണവില കൂടാന്‍ കാരണമാകുകയും ചെയ്യും.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 8055 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 64440 രൂപയും. ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 70000 രൂപ ചുരുങ്ങിയത് ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്ബോഴാണിത്. അഞ്ച് ശതമാനം കുറഞ്ഞ പണിക്കിലിയും മൂന്ന് ശതമാനം ജിഎസ്ടിയും ആഭരണത്തിന് നല്‍കേണ്ടതുണ്ട്.

അതേസമയം, 22 കാരറ്റ് സ്വര്‍ണം വില കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ 18 കാരറ്റിലേക്ക് തിരിഞ്ഞിട്ടുണ്ട്. കൂടുതല്‍ ഉപഭോക്താക്കള്‍ 18 കാരറ്റ് സ്വര്‍ണം ചോദിച്ചുവരുന്നു എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. 75 ശതമാനം സ്വര്‍ണവും 25 ശതമാനം മറ്റു ലോഹങ്ങളും ഉള്‍പ്പെടുന്ന സ്വര്‍ണമാണ് 18 കാരറ്റ്. ഇന്ന് ഈ കാരറ്റിലുള്ള ഒരു ഗ്രാം സ്വര്‍ണത്തിന് 6625 രൂപയായി. അഞ്ച് രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

22 കാരറ്റിലെ ആഭരണങ്ങള്‍ നിര്‍മിക്കുന്നത് എല്ലായിടത്തും മെഷീന്‍ ഉപയോഗിച്ചാണ്. എന്നാല്‍ 18 കാരറ്റിലുള്ള സ്വര്‍ണത്തില്‍ ആഭരണം തയ്യാറാക്കുന്നതിന് മെഷീന്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ പണിക്കൂലി കൂടും. 18 കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടാന്‍ ഇതൊരു കാരണമാണ്. എന്നാല്‍ ഉപഭോക്താക്കള്‍ ഇനിയും കൂടിയാല്‍ എല്ലാ ജ്വല്ലറികളിലും ആഭരണ നിര്‍മാണത്തിന് മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയേക്കും.

ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 2940 ഡോളര്‍ ആണ് പുതിയ വില. ആഗോള വിപണിയിലെ വില, മുംബൈ വിപണിയിലെ വില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് ഓരോ ദിവസവും കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില പുതുക്കി നിശ്ചിയിക്കുക. ഇന്ന് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ വില കുറച്ചുള്ള തുക ലഭിക്കും.

Latest Posts