ഇന്ന് ഒരു കാര്യം അറിയണമെങ്കില്‍ നിങ്ങള്‍ ആദ്യം എന്താണ് ചെയ്യുക? വീട്ടിലെ മുതിര്‍ന്നവരോടോ അല്ലെങ്കില്‍ കൂട്ടുകാരോടോ ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാറുണ്ടോ?അതൊക്കെ പണ്ടല്ലെ. ഇന്ന് നമുക്കൊരു സംശയമുണ്ടായി കഴിഞ്ഞാല്‍ ഉടന്‍ ഗൂഗിളില്‍ തിരയും അല്ലെങ്കില്‍ യൂട്യൂബില്‍ നോക്കും. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വലിയ മാര്‍ക്കറ്റാണ്.
നമുക്ക് ചെറിയ കാര്യങ്ങള്‍ പറഞ്ഞ് തന്നും ഫാമിലിയെ നമുക്ക് മുന്നില്‍ പരിചയപ്പെടുത്തിയുമെല്ലാം ഓരോ ഇന്‍ഫ്‌ളുവന്‍സറും ഉണ്ടാക്കുന്നത് കോടികളാണ്. പഠിച്ച് ജോലി സമ്ബാദിക്കുന്നവരേക്കാള്‍ വരുമാനം വീടും പരിസരവുമെല്ലാം നമുക്ക് പരിചയപ്പെടുത്തി തരുന്ന സമൂഹമാധ്യമ താരങ്ങള്‍ക്കുണ്ട്.
40.6 ലക്ഷം ആളുകളാണ് നമ്മുടെ രാജ്യത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായിട്ടുള്ളത്. ക്വറൂസ് എന്ന ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്.
ഒരു ലക്ഷം ഫോളോവേഴ്‌സ് ആയി കഴിഞ്ഞാല്‍ ഒരു മാസം തന്നെ അവരുടെ കൈകളിലേക്ക് എത്തിച്ചേരുന്നത് ലക്ഷങ്ങളാണ്. 20,000 മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് ഇവരുടെ മാസ വരുമാനം. യുട്യൂബില്‍ നിന്നുള്ള വരുമാനം മാത്രമല്ല ബ്രാന്‍ഡ് പ്രൊമോഷന്‍, ഉദ്ഘാടനങ്ങള്‍ എന്നിവയും അവര്‍ക്ക് പണം ലഭിക്കാനുള്ള മാര്‍ഗങ്ങളാണ്. 69 ശതമാനം യുട്യൂബര്‍മാരും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായാണ് അഡ്വെര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, പേളി മാണി, കെഎല്‍ ബ്രോ ബിജു, ഫിറോസ് ചുട്ടിപ്പാറ തുടങ്ങി ഒട്ടനവധി സബ്‌സ്‌ക്രൈബര്‍മാരുള്ള എല്ലാവരുടെയും വരുമാനം ലക്ഷങ്ങളാണ്. ഇവരില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട യൂട്യൂബര്‍ ആരാണ്?