എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും ഇന്ത്യക്കാരുടെ സ്വർണത്തോടുള്ള ഭ്രമത്തില്‍ ഒരു മാറ്റവും കാണില്ലെന്ന് ഉറപ്പാണ്.അത്രയധികം അവരുടെ ജീവിതത്തോട് ചേർന്ന് നില്‍ക്കുന്ന ഒന്നാണ് സ്വർണം. ഉത്സവങ്ങളിലും വിവാഹ ആഘോഷ വേളകളിലും ഒക്കെ സ്വർണമില്ലാതെ നമ്മുടെ നാട്ടുകാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
ഭാരതീയ സംസ്‌കാരത്തിലും സവിശേഷമായ സ്ഥാനം തന്നെ വഹിക്കുന്ന ഒന്നാണ് സ്വർണമെന്ന് നിസംശയം പറയാം.എന്നാല്‍ അത് കഴിഞ്ഞ കാലങ്ങളില്‍ വളരെ വലിയ വിലക്കയറ്റത്തിന് തന്നെ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ആഗോള വിപണിയിലെ ട്രെൻഡുകളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഇന്ത്യയിലും സ്വർണവില കുതിച്ചുയരുന്നത്. നിലവില്‍ 22 കാരറ്റ് സ്വർണത്തിന് വിപണി വില 60,000ത്തിന് മുകളിലാണ്. എന്നാലും സ്വർണം വാങ്ങുന്നതില്‍ നാം പിശുക്ക് കാട്ടിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്വർണത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായി ഇന്ത്യ അടുത്തകാലത്തായി മാറി കഴിഞ്ഞു. ആഭരണം എന്നതിലുപരി നിക്ഷേപമാർഗമായി കൂടി ആളുകള്‍ സ്വർണത്തെ കാണുന്നുണ്ട്. അതിന്റെ ഉദാഹരണം നമ്മുടെ നാട്ടിൻപുറങ്ങളില്‍ പോലും ദൃശ്യമാണ്. സ്വർണത്തെ വലിയൊരു നിക്ഷേപമായി, ഭാവിയിലെ അസറ്റായി പലരും നോക്കിക്കാണുന്നു.
അതിനിടയിലും അടുത്തകാലത്തായി പുറത്തുവന്ന ചില കണക്കുകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ആഭരണത്തിന് വേണ്ടി സ്വർണം വാങ്ങുന്നവരെ വിടാം. സ്വർണം നിക്ഷേപമായി വാങ്ങിക്കൂട്ടുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ട ചില കണക്കുകളുണ്ട്. ലോകം മുഴുവൻ ഓഹരികളെക്കാള്‍ മികച്ച പ്രകടനം കാഴ്‌ച വച്ചത് സ്വർണമാണ്, കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ കണക്കുകള്‍ പ്രകാരം. പക്ഷേ ഇന്ത്യയില്‍ മാത്രം ഇത് നേരെ മറിച്ചാണ്.
രാജ്യത്ത് സ്വർണത്തെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് ഓഹരികള്‍ നടത്തിയിരിക്കുന്നത്. ദീർഘകാല റിട്ടേണുകളുടെ കാര്യത്തില്‍ ഇന്ത്യൻ ഓഹരികള്‍ സ്വർണത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്‌ച വച്ചത്. 43 ശതമാനം ഇന്ത്യൻ ഓഹരികളും സ്വർണത്തെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി ബ്ലൂംബെർഗ്, ഡിഎസ്‌പി ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് ചൈനയിലെയും യുഎസിലെയും കണക്കുകളേക്കാള്‍ ഏറെ മുകളിലാണ്.
ജപ്പാൻ, യുകെ, യുഎസ് തുടങ്ങിയ വികസിത വിപണികളില്‍ സ്വർണം 6-7 ശതമാനം പോയിന്റ് വ്യത്യാസത്തില്‍ സ്വർണം ഓഹരികളെ മറികടന്ന സ്ഥാനത്താണിത്. ആഗോളതലത്തില്‍, ഓഹരികള്‍ക്ക് പ്രത്യേകിച്ച് അസ്ഥിരമായ വിപണികളില്‍ സ്വർണം വളരെ ശക്തമായ ഒരു ബദലായി തുടരുന്നു എന്നതാണ് ഇതിന്റെ കാരണം.
സ്വർണത്തിലെ നിക്ഷേപം; ഗുണമുണ്ടോ?
എന്നാല്‍ ഈ ഒരൊറ്റ ഘടകം മുൻനിർത്തി സ്വർണത്തില്‍ നടത്തുന്ന നിക്ഷേപത്തെ ഒരിക്കലും നമുക്ക് തള്ളിപ്പറയാൻ കഴിയില്ല. ഇന്ത്യൻ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ഓഹരികള്‍ മികച്ച ദീർഘകാല ടൂള്‍ തന്നെയാണ്, എന്നിരുന്നാലും സ്വർണത്തിന് ഒരു വൈവിധ്യവല്‍ക്കരണ ഉപകരണമെന്ന നിലയില്‍ വ്യക്തമായ മൂല്യമുണ്ട് താനും.
ഇന്ത്യയില്‍ ഓഹരികളുടെ ആധിപത്യം ഉണ്ടായിരുന്നിട്ടും, വിപണിയെ തകർച്ചയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ സ്വർണം നിർണായക പങ്ക് വഹിച്ചു എന്നതാണ് പ്രധാന കാര്യം. കൂടാതെ മറ്റ് ചില ഘടകങ്ങളും സ്വർണത്തെ മുൻനിരയില്‍ നിർത്തുന്നുണ്ട്. സ്വർണ്ണത്തിന് ഇന്ത്യൻ ഓഹരികളേക്കാള്‍ 50 ശതമാനം അസ്ഥിരത കുറവാണ്, ഇത് മികച്ച റിസ്‌ക്-അഡ്‌ജസ്‌റ്റ് റിട്ടേണ്‍ വാഗ്‌ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ സ്വർണത്തില്‍ നടത്തുന്ന നിക്ഷേപത്തിന് ഒട്ടും മാറ്റ് കുറഞ്ഞിട്ടില്ലെന്ന് സാരം.