അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.നയ സമീപനം ‘നിക്ഷ്പക്ഷ’ (ന്യൂട്രല്‍)തയില്‍ നിലനിർത്തുകയും ചെയ്തു.
നടപ്പ് സാമ്ബത്തിക വർഷത്തെ രാജ്യത്തെ വളർച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിർത്താൻ കഴിയുമെന്നാണ് ആർബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും.
കോവിഡ് കാലത്താണ് (2020 മെയ്) ആർബിഐ അവസാനമായി നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി റിപ്പോ 6.50 ശതമാനമായി ഉയർത്തുകയായിരുന്നു.
കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര ആർബിഐ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറയ്ക്കല്‍ തീരുമാനം. ആറംഗ പണ സമിതി യോഗത്തില്‍ ഗവർണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.