തൊഴില്‍പരമായ വളർച്ചയും സാമ്ബത്തിക അച്ചടക്കവും ഇന്ന് യുവജനങ്ങളുടെ സ്വപ്നമാണ്. ഇപ്പോഴിതാ, വെറും 11 വർഷങ്ങള്‍കൊണ്ട് പൂജ്യത്തില്‍ നിന്ന് അഞ്ച് കോടിയുടെ ആസ്തി കെട്ടിപ്പടുത്തിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ആക്സെഞ്ചെറിലെ ജീവനക്കാരനായ ഗുർജോത് അലുവാലിയ ആണ് അവിസ്മരണീയമായ തന്റെ സാമ്ബത്തിക യാത്ര വെളിപ്പെടുത്തിയത്. മൂന്ന് കാര്യങ്ങളില്‍ കൃത്യത പാലിച്ചുള്ള സമീപനമാണ് തന്റെ ജീവിതവിജയത്തിന്റെ രഹസ്യമെന്ന് പറയുകയാണ് ഗുർജോത്.
വർധിച്ച വരുമാനം ലഭിക്കുന്നതിന് കരിയറിലെ വളർച്ച, അച്ചടക്കത്തോടെയുള്ള സമ്ബാദ്യം, തന്ത്രപരമായ ഇക്വിറ്റി നിക്ഷേപങ്ങള, കടം ഇല്ലാത്തതും മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിനാല്‍ വാടകയ്ക്കായി ഒരു തുക മാറ്റിവയ്ക്കേണ്ടതില്ല എന്നതും പ്രധാന ഘടകങ്ങളായി അദ്ദേഹം എടുത്തുപറയുന്നുണ്ട്. ബാധ്യതകളെക്കുറിച്ചുള്ള ചിലരുടെ ചോദ്യത്തിന് ഒരു ലക്ഷം രൂപയില്‍ താഴെ ബാധ്യതകളെ നിലർനിർത്താൻ ശ്രദ്ധിക്കാറുണ്ടെന്നായിരുന്നു ഗുർജോതിന്റെ മറുപടി.
അതേസമയം, എക്സില്‍ പങ്കുവെച്ച ചിത്രത്തില്‍ ബാധ്യത 2.7 ലക്ഷം എന്നാണ് കാണിച്ചിരിക്കുന്നത്. നിരവധി പേരാണ് ഗുർജോതിന് അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. അസാധാരണമായ നേട്ടത്തിന് അദ്ദേഹത്തിന്റെ വിവേകപരമായ നിക്ഷേപശീലങ്ങളെയാണ് ഭൂരിഭാഗംപേരും അഭിനന്ദിക്കുന്നത്.