രാജ്യം 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സാമ്ബത്തികരംഗത്ത് നിരവധി മാറ്റങ്ങളുമായാണ് പുതുവര്‍ഷം കണ്ണുതുറക്കാന്‍ പോകുന്നത്.ഇപിഎഫ്‌ഒ, യുപിഐ, കാര്‍ഷിക വായ്പ അടക്കം വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. അവ ഓരോന്നും ചുവടെ:
പിഎഫ് തുക പിന്‍വലിക്കല്‍
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. ഇതിനാവശ്യമായ ഐടി സംവിധാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം.
പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും. എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസം. ഏഴ് കോടി വരിക്കാരാണ് ഇപിഎഫ്‌ഒയിലുള്ളത്.
രാജ്യത്ത് എവിടെനിന്നും പെന്‍ഷന്‍ വാങ്ങാം
റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്‌ഒ നടത്തുന്ന എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 1995 ന് കീഴിലുള്ള പെന്‍ഷന്‍കാര്‍ക്ക് ജനുവരി മുതല്‍ ഇന്ത്യയിലെ ഏത് ബാങ്കില്‍ നിന്നോ ശാഖയില്‍ നിന്നോ പെന്‍ഷന്‍ ലഭിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 1995 ലെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിനായി കേന്ദ്രീകൃത പെന്‍ഷന്‍ പേയ്‌മെന്റ് സംവിധാനത്തിനുള്ള (സിപിപിഎസ്) നിര്‍ദ്ദേശത്തിന് മന്‍സുഖ് മാണ്ഡവ്യ അംഗീകാരം നല്‍കിയതായി തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയ തലത്തിലുള്ള കേന്ദ്രീകൃത സംവിധാനം നടപ്പാകുന്നതോടെ ഇന്ത്യയിലെ ഏതെങ്കിലും ബാങ്ക് വഴിയോ ഏതെങ്കിലും ബ്രാഞ്ച് വഴിയോ പെന്‍ഷന്‍ വിതരണം സാധ്യമാക്കുന്നതിലൂടെ സിപിപിഎസ് സുപ്രധാന മാറ്റമാണ് കൊണ്ടുവരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. താമസസ്ഥലം മാറുമ്ബോള്‍ അവിടത്തെ പിഎഫ് ഓഫിസിലെത്തി പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍ നല്‍കേണ്ട. പെന്‍ഷന്‍ അക്കൗണ്ട് പുതിയ ബാങ്കിലേക്കോ ബാങ്ക് ശാഖയിലേക്കോ മാറ്റുകയും വേണ്ട. ആദ്യ പെന്‍ഷന്‍ വാങ്ങുമ്ബോള്‍ ബാങ്കില്‍ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥയും ഒഴിവാകും.
ഈടില്ലാത്ത കാര്‍ഷിക വായ്പ 2 ലക്ഷം രൂപ വരെ
2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഈട് വേണ്ടെന്ന ആര്‍ബിഐയുടെ പുതിയ വ്യവസ്ഥ നാളെ പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വരും. കാര്‍ഷിക വായ്പയുടെ പരിധി 1.6 ലക്ഷം രൂപയായിരുന്നതാണ് 2 ലക്ഷമാക്കി വര്‍ധിപ്പിച്ചത്.
യുപിഐ 123പേ
ഫീച്ചര്‍ ഫോണ്‍ വഴിയുള്ള ഇന്‍സ്റ്റന്റ് പേയ്മന്റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയര്‍ത്തിയത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഉപയോക്താക്കള്‍ക്ക് യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. നേരത്തെ ഈ പരിധി 5,000 രൂപയായിരുന്നു.
യുഎസ് വിസ
യുഎസിലേക്കുള്ള നോണ്‍ഇമിഗ്രന്റ് വിസയ്ക്കുള്ള അപ്പോയ്ന്റ്‌മെന്റുകള്‍ അധിക ചാര്‍ജ് നല്‍കാതെ ഒറ്റത്തവണ റീഷെഡ്യൂള്‍ ചെയ്യാനുള്ള ക്രമീകരണം നാളെ മുതല്‍ ഇന്ത്യയിലെ യുഎസ് എംബസി നടപ്പാക്കും. ഒന്നിലേറെ തവണ റീഷെഡ്യൂള്‍ ചെയ്യണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കി ഫീസ് അടയ്ക്കണം. ടൂറിസം, ചികിത്സ, ബിസിനസ്, താല്‍ക്കാലിക ജോലി, വിദ്യാഭ്യാസം പോലെയുള്ള താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി യുഎസിലേക്ക് പോകുന്നവര്‍ക്ക് നല്‍കുന്നതാണ് നോണ്‍ഇമിഗ്രന്റ് വിസ.
വിസ്സമതിച്ചാലും സ്ഥാപിക്കാം മൊബൈല്‍ ടവര്‍
സ്വകാര്യഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുകയോ ടെലികോം ലൈനുകള്‍ വലിക്കുകയോ ചെയ്യുന്നത് പൊതുതാല്‍പര്യത്തിന് അനിവാര്യമെന്നു ബോധ്യപ്പെട്ടാല്‍ സ്ഥലമുടമ വിസമ്മതിച്ചാലും നാളെ മുതല്‍ ടെലികോം കമ്ബനികള്‍ക്ക് ജില്ലാ കലക്ടര്‍ വഴി അനുമതി നേടാം. ഇതിനായി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്ബനി അപേക്ഷ നല്‍കണം. ഉടമയുടെ അനുമതി ലഭിക്കാതെ വന്നാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്ത് കലക്ടര്‍ക്ക് അനുമതി നല്‍കാം.
പഴയ ഫോണുകളില്‍ വാട്‌സ്‌ആപ്പ് നിലയ്ക്കും
സാംസങ് ഗാലക്‌സി എസ്3, ഗാലക്‌സി നോട്ട് 2, ഗാലക്‌സി എയ്‌സ് 3, ഗാലക്‌സി എസ്4 മിനി, സോണി എക്‌സ്പീരിയ, എല്‍ജി ഒപ്റ്റിമസ് ജി, നെക്‌സസ് 4 തുടങ്ങിയ പഴയ ഫോണുകളില്‍ നാളെ മുതല്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല.
കാറുകള്‍ക്ക് വില കൂടും
പുതുവര്‍ഷമാദ്യം തന്നെ രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ കാറുകളുടെയും വിലയില്‍ 3-5% വര്‍ധന ഉണ്ടാകും. ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ടൊയോട്ട, എംജി മോട്ടോഴ്സ്, നിസാന്‍ മോട്ടര്‍ ഇന്ത്യ, ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നീ കമ്ബനികളെല്ലാം വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.