ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടയുള്ള അനധികൃത മാര്‍ഗങ്ങളിലൂടെ വായ്പ നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ട് പുതിയ കരട് ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍.നിയമം ലംഘിക്കുന്നവർക്ക് ഏഴ് വര്‍ഷം തടവും പിഴയും ഉള്‍പ്പെടുന്നതാണ് ശിക്ഷ സംബന്ധിച്ചുള്ള നിര്‍ദേശം.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരെയും താഴ്ന്ന വരുമാനമുള്ളവരെയും കൊള്ളയടിക്കുന്ന അനധികൃത വായ്പാ സ്ഥാപനങ്ങളെക്കുറിച്ച് വലിയ തോതിലുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നീക്കം. 2022 മുതല്‍ ഈ വിഷയത്തിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മനിരീക്ഷണം നടത്തി വരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കരട് നിയമം അനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ നിയമവും അംഗീകരിച്ചത് ഒഴികെയുള്ള എല്ലാ വായ്പാ ഇടപാടുകളു നിരോധിക്കപ്പെടും. ഇത്തരത്തിലുള്ള അനധികൃത വായ്പയ്ക്ക് ഏഴ് വര്‍ഷം വരെ തടവും പരമാവധി ഒരു കോടി രൂപ വരെ പിഴയും ഈടാക്കുമെന്ന് ബില്ലില്‍ പറയുന്നു. പണം വീണ്ടെടുക്കാന്‍ വായ്പ എടുത്തയാളെ ശല്യപ്പെടുത്തുകയോ നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്താല്‍ പിഴ കനക്കും. അത്തരം സാഹചര്യത്തില്‍ നിയമവിരുദ്ധമായി പണം കടം കൊടുത്തയാള്‍ക്ക് 10 വര്‍ഷം വരെ തടവും വായ്പാ തുകയുടെ ഇരട്ടി പിഴയായി ഈടാക്കുകയും ചെയ്യുമെന്നും കരട് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായ്പയ്ക്ക് അപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തില്‍ തെറ്റായതും വഞ്ചനാപരമായതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ തടയുന്നതിനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
നിയമപരമായി വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ പട്ടികപ്പെടുത്തുകയും നിയമവിരുദ്ധമായി വായ്പ നല്‍കുന്നവരെ റിപ്പോര്‍ട്ട് ചെയ്യാനും കഴിയുന്ന വിധത്തില്‍ നടപടികള്‍ സുഗമമാക്കുന്ന ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസും സര്‍ക്കാര്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ വായ്പാ സമ്ബ്രദായങ്ങള്‍ തടയുന്നതിനും ഉപഭോക്തൃ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ആര്‍ബിഐ ഒരു സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് കരട് നിയമം തയ്യാറാക്കിയത്.