ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യു.പി.ഐ സംവിധാനം വഴി വായ്പാ സേവനം നല്‍കാന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതി.ഇനി യുപിഐ ആപ്പ് വഴി നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സേവനങ്ങള്‍ ലഭിക്കും. കൊമേഷ്യല്‍ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു സെപ്റ്റംബറില്‍ നടപ്പിലാക്കിയ ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കാന്‍ അനുമതി.
സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും അനുമതി ലഭിച്ചതോടെ നിരവധി ആളുകളിലേക്ക് ഇതിന്റെ സേവനം എത്തും.ആവശ്യാനുസരണം കടമെടുക്കാന്‍ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈന്‍. ബാങ്കുകളില്‍ നിന്ന് മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യുപിഐ വഴി ആക്സസ് ചെയ്യാന്‍ ഈ ഉല്‍പ്പന്നം വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തരാക്കുന്നു. വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അതിവേഗത്തില്‍ വായ്പ ലഭ്യമാകുമെന്നതാണ് പ്രത്യേകത. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ ഇനി മുതല്‍ യു.പി.ഐ ആപ്പ് വഴി ചെയ്യാമെന്ന് അര്‍ത്ഥം.
നിരവധി കാര്‍ഡുകള്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ബാങ്കുകളാണ് വായ്പാസേവനത്തിന്റെ പലിശനിരക്ക്, വായ്പാപരിധി, കാലാവധി തുടങ്ങിയവ നിശ്ചയിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ പോലെ നിശ്ചിത ദിവസത്തേക്ക് കുറഞ്ഞ പലിശ നിരക്കിലാകും ക്രെഡിറ്റ് ലൈന്‍ നടപ്പിലാക്കുകയെന്നാണ് സൂചന. തിരിച്ചടവ് മുടങ്ങിയാല്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും.