HomeIndiaവിദ്യാർത്ഥികൾക്ക് നാൽപ്പതിനായിരം വരെ സ്കോളർഷിപ്പ് നേടാം; യോഗ്യത ആർക്കൊക്കെ? എൽഐസി പദ്ധതിയെക്കുറിച്ച് വായിക്കാം

വിദ്യാർത്ഥികൾക്ക് നാൽപ്പതിനായിരം വരെ സ്കോളർഷിപ്പ് നേടാം; യോഗ്യത ആർക്കൊക്കെ? എൽഐസി പദ്ധതിയെക്കുറിച്ച് വായിക്കാം

സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല്‍ഐസി) സുവർണ ജൂബിലി സ്കോളർഷിപ്പ് സ്കീം 2024 ആരംഭിച്ചത്.സർക്കാർ അല്ലെങ്കില്‍ സ്വകാര്യ സർവകലാശാലയില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പ് സ്കീമിന് അപേക്ഷിക്കാം.

ഇൻഡസ്ട്രിയല്‍ ട്രെയിനിങ് സ്ഥാപനങ്ങളിലും നാഷണല്‍ കൗണ്‍സില്‍ ഫോർ വൊക്കേഷണല്‍ ട്രെയിനിങ്ങുമായി (എൻസിവിടി) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇൻഡസ്ട്രിയല്‍ ട്രെയിനിങ് കേന്ദ്രങ്ങളിലുമുള്ള ടെക്നിക്കല്‍, വൊക്കേഷണല്‍ കോഴ്‌സുകളും 12-ാം ക്ലാസിനു ശേഷമുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സുകളും തിരഞ്ഞെടുത്ത വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

ജനറല്‍ സ്കോളർഷിപ്പ്, പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക സ്കോളർഷിപ്പ് എന്നിങ്ങനെ എല്‍ഐസി ഗോള്‍ഡൻ ജൂബിലി സ്കോളർഷിപ്പ് സ്കീം രണ്ട് തരത്തിലാണുള്ളത്. സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 22 ആണ്.

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത

പന്ത്രണ്ടാം ക്ലാസ്

2021-22, 2022-23, അല്ലെങ്കില്‍ 2023-24 അധ്യയന വർഷങ്ങളില്‍ കുറഞ്ഞത് 60% മാർക്കോടെയോ തത്തുല്യമായ സിജിപിഎയോ ഉള്ള പന്ത്രണ്ടാം ക്ലാസ് (അല്ലെങ്കില്‍ തത്തുല്യം) പാസായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനങ്ങള്‍ വഴി മെഡിസിൻ, എഞ്ചിനീയറിംഗ്, അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം, ഡിപ്ലോമ അല്ലെങ്കില്‍ വൊക്കേഷണല്‍ കോഴ്‌സ് തുടങ്ങിയ മേഖലകളിലെ ഒന്നാം വർഷ ബിരുദ കോഴ്‌സിന് 2024-25 അധ്യയന വർഷത്തില്‍ പ്രവേശനം നേടിയിരിക്കണം. മാതാപിതാക്കളുടെ അല്ലെങ്കില്‍ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2,50,000 രൂപയില്‍ കൂടരുത്.

10-ാം ക്ലാസ്

കുറഞ്ഞത് 60% മാർക്കോടെ പത്താം ക്ലാസ് (അല്ലെങ്കില്‍ തത്തുല്യം) അല്ലെങ്കില്‍ അതേ അധ്യയന വർഷങ്ങളില്‍ തത്തുല്യമായ സിജിപിഎ പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങള്‍ മുഖേന ഒന്നാം വർഷ വൊക്കേഷണല്‍ അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2024-25 അധ്യയന വർഷത്തില്‍ പ്രവേശനം നേടിയിരിക്കണം. മാതാപിതാക്കളുടെ അല്ലെങ്കില്‍ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2,50,000 രൂപയില്‍ കൂടരുത്.

പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക സ്കോളർഷിപ്പ്

നിശ്ചിത അധ്യയന വർഷങ്ങളില്‍ കുറഞ്ഞത് 60% മാർക്കോടെയോ തത്തുല്യമായ സിജിപിഎയോടെയോ പത്താം ക്ലാസ് (അല്ലെങ്കില്‍ തത്തുല്യം) പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങള്‍ മുഖേന രണ്ട് വർഷത്തേക്ക് ഇന്റർമീഡിയറ്റ്/10+2 പാറ്റേണ്‍, വൊക്കേഷണല്‍ അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സുകളുടെ ഒന്നാം വർഷത്തില്‍ ഉന്നത പഠനത്തിന് 2024-25 അധ്യയന വർഷത്തില്‍ പ്രവേശനം നേടിയിരിക്കണം. മാതാപിതാക്കളുടെയോ അല്ലെങ്കില്‍ രക്ഷിതാക്കളുടെയോ വാർഷിക വരുമാനം 2,50,000 രൂപയില്‍ കവിയാൻ പാടില്ല.

സ്കോളർഷിപ്പ് കാലാവധി

ജനറല്‍ സ്‌കോളർഷിപ്പ് കോഴ്‌സിന്റെ മുഴുവൻ കാലയളവിലും ലഭിക്കും. പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക സ്കോളർഷിപ്പ് രണ്ട് വർഷത്തേക്കും ലഭിക്കും.

സ്കോളർഷിപ്പ് തുക

ജനറല്‍ സ്‌കോളർഷിപ്പ്: മെഡിസിൻ മേഖലയില്‍ (എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്‌എംഎസ്, ബിഡിഎസ്) ഉന്നത വിദ്യാഭ്യാസം നേടുന്ന തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിവർഷം 40,000 രൂപ നല്‍കും. എല്ലാ വർഷവും രണ്ട് തവണകളായി 20000 രൂപ വീതമാണ് നല്‍കുക. കോഴ്‌സിന്റെ കാലാവധി സ്കോളർഷിപ്പ് യോഗ്യതയ്ക്ക് വിധേയമാണ്.

എഞ്ചിനീയറിംഗ് മേഖലയില്‍ (ബിഇ, ബിടെക്, ബിആർക്) ഉന്നത വിദ്യാഭ്യാസം നേടുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികള്‍ക്ക് പ്രതിവർഷം 30,000 രൂപ നല്‍കും. ഓരോ വർഷവും 15000 രൂപ വീതം രണ്ട് തവണകളായാണ് നല്‍കുക. കോഴ്‌സിന്റെ കാലാവധി സ്കോളർഷിപ്പ് യോഗ്യതയ്ക്ക് വിധേയമാണ്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഇൻ്റഗ്രേറ്റഡ് കോഴ്‌സുകള്‍, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്‌സ് അല്ലെങ്കില്‍ മറ്റ് തത്തുല്യ കോഴ്‌സുകള്‍, സർക്കാർ അംഗീകൃത കോളേജുകള്‍ / സ്ഥാപനങ്ങള്‍ വഴിയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ അല്ലെങ്കില്‍ ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐടിഐ) കോഴ്‌സുകള്‍ എന്നിവയില്‍ വിദ്യാഭ്യാസം നേടുന്ന തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിവർഷം 20,000 രൂപ നല്‍കും. എല്ലാ വർഷവും രണ്ട് ഗഡുക്കളായി 10000 രൂപ വീതം നല്‍കും.

പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക സ്കോളർഷിപ്പ്: സർക്കാർ അംഗീകൃത കോളേജുകള്‍/സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ കോഴ്‌സുകള്‍ വഴി ഇന്റർമീഡിയറ്റ്/10 + 2 പാറ്റേണ്‍/ വൊക്കേഷണല്‍ അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ഉപരിപഠനത്തിന് അർഹത ലഭിച്ച പെണ്‍കുട്ടികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിവർഷം 15,000 രൂപ നല്‍കും. രണ്ട് വർഷത്തേക്ക്, ഓരോ വർഷവും 7500 രൂപ വീതം രണ്ട് തവണകളായാണ് നല്‍കുക. കോഴ്‌സിന്റെ കാലാവധി സ്കോളർഷിപ്പ് യോഗ്യതയ്ക്ക് വിധേയമാണ്.

സ്കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം

https://licindia.in എന്ന ലിങ്ക് വഴി ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷകർക്ക് അപേക്ഷകള്‍ സമർപ്പിക്കാൻ കഴിയൂ. ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടാല്‍ മറുപടി ലഭിക്കും.

Latest Posts