സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിപ്പിന്‍റെ പാതയില്‍. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കൂടിയത്.
ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,640 രൂപയിലും ഗ്രാമിന് 7,205 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5,950 രൂപയിലെത്തി.
ഒരാഴ്ച നീണ്ട ചാഞ്ചാട്ടത്തിനൊടുവില്‍ തിങ്കളാഴ്ച സ്വർണവില പവന് 120 രൂപ വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കുതിച്ചുചാടിയത്. നിലവില്‍ ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തില്‍ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,670 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 101 രൂപയിലെത്തി.