HomeIndiaചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.

ചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.

സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്.

അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ് ഉയർത്തിയിട്ടുണ്ട്. സ്വർണ വില കൂടുകയും കുറയുകയും ചെയ്യുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആഗോള സാമ്ബത്തിക പ്രവണതകള്‍, പലിശ നിരക്കുകള്‍, കറൻസി നിരക്കുകള്‍ എന്നിവ സ്വർണവിലയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സമീപകാല ഇടിവ് സ്വർണത്തിന്റെ ആഗോള ഡിമാൻഡ് കുറച്ചിട്ടുണ്ട്.

നിക്ഷേപകർക്ക്, സ്വർണ്ണ വില കുറയുന്നത് സുവർണാവസരമാണ്. എന്നിരുന്നാലും, നിക്ഷേപത്തിനുള്ള സമയവും തന്ത്രവും നിർണായകമാണ്. ശരിയായ രീതിയില്‍ നിക്ഷേപം നടത്തുന്നത് അപകടസാധ്യതകള്‍ ഒഴിവാക്കി പരമാവധി വരുമാനം നേടാൻ സഹായിക്കും. ഇപ്പോള്‍ സ്വർണത്തില്‍ നിക്ഷേപിക്കണോ അതോ കുറച്ചു കൂടി കാത്തിരിക്കണോയെന്ന് എങ്ങനെ തീരുമാനിക്കുമെന്ന് നോക്കാം.

എന്തുകൊണ്ടാണ് സ്വർണ വില കുറയുന്നത്

രാജ്യാന്തര തലത്തില്‍ സാമ്ബത്തിക അനിശ്ചിതത്വം ഉടലെടുക്കുക, യുദ്ധ സമാന സാഹചര്യം ഉണ്ടാവുക, ഓഹരി വിപണികള്‍ ഇടിയുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം സ്വർണം നിക്ഷേപ മാർഗമെന്ന നിലയില്‍ ആളുകള്‍ വാങ്ങിക്കൂട്ടാറുണ്ട്. അപ്പോള്‍ സ്വർണ വില കൂടും. ആഗോള വിപണികള്‍ സ്ഥിരത കൈവരിക്കുമ്ബോള്‍ സ്വർണത്തിന്റെ ആവശ്യകത കുറയുന്നു. അപ്പോള്‍ സ്വർണത്തിന്റെ വില കുറയുന്നു. നിലവില്‍ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും (കടപ്പത്ര ആദായനിരക്ക്) ഉയരുന്നതാണ് പ്രധാനമായും സ്വർണ വില കുറയുന്നതിന്റെ കാരണം. ഇന്ത്യയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യവും സ്വർണ വിലയെ ബാധിക്കുന്നു.

2024 നവംബർ ആദ്യം ഡല്‍ഹിയില്‍ 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 80,000 രൂപയിലെത്തി. ഈ വർഷം ആദ്യം 81,000 രൂപ കടന്നിരുന്നു. നിലവില്‍, വില 80,000 രൂപയില്‍നിന്ന് കുറഞ്ഞ് 76,000 രൂപയിലേക്ക് അടുക്കുമ്ബോള്‍, പലരും സ്വർണം വാങ്ങാൻ ആലോചിക്കുന്നുണ്ട്. പ്രത്യേകിച്ച്‌ വിവാഹ സീസണും ജുവലറികള്‍ നല്‍കുന്ന കിഴിവുകളും കണക്കിലെടുത്ത് സ്വർണം വാങ്ങാൻ പലരും തീരുമാനിച്ചേക്കാം.

തന്ത്രപരമായി നിക്ഷേപിക്കുക

വിപണിയില്‍ വില ഇടിയുന്ന സാഹര്യത്തില്‍ സ്വർണം വാങ്ങാൻ തിരക്കുകൂട്ടുന്നത് അപകടകരമാണ്. ആഗോള ഘടകങ്ങള്‍ സ്ഥിരമായി തുടരുകയാണെങ്കില്‍ വില ഇനിയും കുറയാനിടയുണ്ട്. ആദ്യം ചെറിയ അളവില്‍ സ്വർണം വാങ്ങുക. പതിയെ പതിയെ കൂട്ടുക. റുപീ കോസ്റ്റ് ആവറേജിംഗ് എന്ന് വിളിക്കുന്ന ഈ രീതി, വിപണിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കുന്നു. വില ഇനിയും കുറയുകയാണെങ്കില്‍, നിങ്ങളുടെ മൊത്തത്തിലുള്ള ചെലവ് കുറച്ച്‌ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വാങ്ങാം.

പലവിധ നിക്ഷേപ മാർഗങ്ങള്‍ തിരഞ്ഞെടുക്കുക

വിലയിടിവ് സമയത്ത് പോലും എല്ലാ ഫണ്ടുകളും സ്വർണത്തില്‍ നിക്ഷേപിക്കാനായി നീക്കിവയ്ക്കരുത്. സ്വർണം സുരക്ഷിതമായ ഒരു സ്വത്താണ്. എന്നാല്‍ ഇക്വിറ്റികള്‍ അല്ലെങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ പോലുള്ള സ്ഥിരമായ വരുമാനം നല്‍കുന്നില്ല. നിക്ഷേപിക്കുന്നതിന് മുമ്ബ് നിങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടാവണം. സ്വർണം വാങ്ങുന്നത് വിവാഹത്തിനോ, അതോ സമ്ബത്ത് കൂട്ടാനോയെന്ന് തീരുമാനിക്കുക. ഇതിലൂടെ എത്ര, എപ്പോള്‍ വാങ്ങണമെന്ന് തീരുമാനിക്കാൻ സാധിക്കും. ഉദാഹരണത്തിന്, സമ്ബത്ത് വർധിപ്പിക്കാനാണെങ്കില്‍ നിലവിലെ വിലയിടിവില്‍ സ്വർണം വാങ്ങാം.

നിലവിലെ സ്വർണ വിലയിടിവ് നിക്ഷേപത്തിന് നല്ലൊരു അവസരമൊരുക്കുന്നു. എന്നാല്‍ തിരക്കുകൂട്ടരുത്. വിപണി പ്രവണതകള്‍ മനസ്സിലാക്കി തന്ത്രപരമായി നിക്ഷേപിക്കുക. നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും സമയബന്ധിതമായി ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ സ്വർണത്തിന്റെ മൂല്യം പരമാവധി പ്രയോജനപ്പെടുത്താം.

Latest Posts