ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ 7 ത്രൈമാസങ്ങള്‍ക്കിടയിലെ (21 മാസങ്ങള്‍) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
8.1 ശതമാനമായിരുന്നു മുൻവർഷത്തെ സമാനപാദത്തില്‍ വളർച്ച. 2022-23ലെ ഒക്ടോബർ-ഡിസംബർ പാദത്തില്‍ 4.3% രേഖപ്പെടുത്തിയ ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വളർച്ചയാണ് കഴിഞ്ഞപാദത്തിലേത്.
നഗരങ്ങളില്‍ ഉപഭോക്തൃച്ചെലവഴിക്കലുകള്‍ (urban consumer spending) ഇടിഞ്ഞതും മധ്യവർഗ കുടുംബങ്ങള്‍ (middle-class families) നേരിട്ട സാമ്ബത്തിക ഞെരുക്കവും ജിഡിപി വളർച്ചയെ താഴ്ത്തിയെന്നാണ് വിലയിരുത്തലുകള്‍.
റിസർവ് ബാങ്കിന്റേതടക്കം പ്രവചനങ്ങള്‍ അമ്ബേ പാളുന്ന കാഴ്ചയും കഴിഞ്ഞപാദത്തില്‍ കണ്ടു. ഇന്ത്യ 7% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രതീക്ഷ. നേരത്തേ 7.2% വളരുമെന്ന് റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീടത് 7 ശതമാനത്തിലേക്ക് താഴ്ത്തുകയായിരുന്നു.
എസ്ബിഐ റിസർച്ച് 6.5%, റോയിട്ടേഴ്സ് 6.5%, റേറ്റിങ് ഏജൻസിയായ ഇക്ര 6.6%, ജെപി മോർഗൻ 6.3-6.5% എന്നിങ്ങനെയും വളർച്ച അനുമാനിച്ചിരുന്നെങ്കിലും അതിനേക്കാള്‍ താഴ്ചയിലേക്ക് വളർച്ചാനിരക്ക് നീങ്ങിയത് സാമ്ബത്തിക വിദഗ്ദ്ധരെപ്പോലും അമ്ബരിപ്പിച്ചിട്ടുണ്ട്.
44.10 ലക്ഷം കോടി രൂപയാണ് കഴിഞ്ഞപാദ ജിഡിപിമൂല്യം. അതായത്, മുൻവർഷത്തെ സമാനപാദത്തിലെ 41.86 ലക്ഷം കോടി രൂപയേക്കാള്‍ 5.4% വളർന്നു. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണില്‍ മൂല്യം 43.64 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്ബദ്‍വ്യവസ്ഥ (fastest growing major economy) എന്ന നേട്ടം ഇന്ത്യ കഴിഞ്ഞപാദത്തിലും നിലനിർത്തി.
2023-24ലെ ഒന്നാംപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യ 8.2% വളർന്നിരുന്നു. ജൂലൈ-സെപ്റ്റംബറില്‍ 8.1%, ഒക്ടോബർ-ഡിസംബറില്‍ 8.6% എന്നിങ്ങനെയും വളർന്നു ആ വർഷം ജനുവരി-മാർച്ച് പാദം (7.8%) മുതല്‍ പക്ഷേ, വളർച്ച താഴേക്കായി.
നടപ്പുവർഷം ഏപ്രില്‍-ജൂണില്‍ 6.7 ശതമാനമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുടെ മൂലധനച്ചെലവ് കുറഞ്ഞതും രാജ്യത്ത് സാമ്ബത്തിക പ്രവർത്തനങ്ങള്‍ മന്ദഗതിയിലായതും ജൂണ്‍പാദ ജിഡിപി വളർച്ചയെ ബാധിച്ചു.
എന്നാല്‍, വെല്ലുവിളികള്‍ സെപ്റ്റംബർ പാദത്തിലും വിട്ടൊഴിഞ്ഞില്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുവർഷത്തെ ആദ്യപകുതിയിലെ (ഏപ്രില്‍-സെപ്റ്റംബർ) ജിഡിപി വളർച്ചാനിരക്ക് മുൻവർഷത്തെ സമാനകാലത്തെ 8 ശതമാനത്തില്‍ നിന്ന് 6.2 ശതമാനമായി ഇടിഞ്ഞെന്നും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവർഷത്തെ രണ്ടാംപാതിയിലെ (ഒക്ടോബർ-മാർച്ച്) വളർച്ച 6.5 ശതമാനമായിരുന്നു.
തളർന്ന് മാനുഫാക്ചറിങ്ങും മൈനിങ്ങും; പ്രതീക്ഷ നല്‍കി കൃഷി
ഇന്ത്യൻ സമ്ബദ്‍വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്ചറിങ് മേഖലയുടെ വളർച്ച 14.3 ശതമാനത്തില്‍ നിന്ന് 2.2 ശതമാനത്തിലേക്ക് ഇടിഞ്ഞതാണ് കഴിഞ്ഞപാദത്തില്‍ ജിഡിപി വളർച്ച കൂപ്പുകുത്താൻ മുഖ്യകാരണം.
ഖനന (മൈനിങ്) മേഖലയുടെ വളർച്ച 11.1ല്‍ നിന്ന് നെഗറ്റീവ് 0.1 ശതമാനത്തിലേക്കും ഇടിഞ്ഞത് തിരിച്ചടിയായി. വൈദ്യുതി, കുടിവെള്ളം, ഗ്യാസ് തുടങ്ങിയ സേവനമേഖലകളുടെ വളർച്ച 10.5ല്‍ നിന്ന് 3.3 ശതമാനത്തിലേക്കും നിർമാണ (കണ്‍സ്ട്രക്ഷൻ) മേഖലയുടെ വളർച്ച 13.6ല്‍ നിന്ന് 7.7 ശതമാനത്തിലേക്കും കുറഞ്ഞതും വലച്ചു.
അതേസമയം, ഇന്ത്യൻ തൊഴില്‍മേഖലയുടെ മുഖ്യപങ്ക് വഹിക്കുന്ന കാർഷികരംഗം 1.7ല്‍ നിന്ന് 3.5 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തിയെന്നത് നേട്ടമാണ്.
വ്യാപാരം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിങ് എന്നിവ ഉള്‍പ്പെടുന്ന വിഭാഗം 4.5ല്‍ നിന്ന് 6 ശതമാനത്തിലേക്കും ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗം 6.2ല്‍ നിന്ന് 6.5 ശതമാനത്തിലേക്കും പൊതുഭരണം, പ്രതിരോധം എന്നിവ ഉള്‍പ്പെടുന്ന വിഭാഗം 7.7ല്‍ നിന്ന് 9.2 ശതമാനത്തിലേക്കും വളർച്ച മെച്ചപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ജിഡിപി വളർച്ച കൂടുതല്‍ ഇടിയുമായിരുന്നു.