അമേരിക്കൻ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരേ അധിക തീരുവ പ്രഖ്യാപിച്ചതോടെ, ക്രിസ്മസിനായി അമേരിക്കൻ ഉപയോക്താക്കളില്‍നിന്ന് ലഭിച്ചിരുന്ന ഓർഡറുകള്‍ സൂറത്തിലെ വജ്രകന്പനികള്‍ നിർബന്ധിതമായും താത്കാലികമായും നിർത്തിവച്ചു.ക്രിസ്മസ് സീസണു മാസങ്ങള്‍ മാത്രം ശേഷിക്കേ ഇത്തരം പ്രഖ്യാപനം വന്നത് വ്യാപാരികള്‍ക്ക് കനത്ത ആഘാതമായി. അന്താരാഷ്‌ട്ര വിപണിയില്‍ വർഷത്തെ മൊത്തം വില്പനയില്‍ ഏകദേശം പകുതി വിഹിതം ലഭിക്കുന്നത് ഈ ഉത്സവകാല വില്‍പനകളില്‍നിന്നാണ്.
ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗണ്‍സില്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 2024ല്‍ അമേരിക്കയുടെ മൊത്തം വജ്ര ഇറക്കുമതിയില്‍ 68%വും മൂല്യത്തില്‍ 42%വും (5.79 ബില്യണ്‍ ഡോളർ) ഇന്ത്യയില്‍നിന്നായിരുന്നു.അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ മൂല്യമുള്ള വജ്രങ്ങള്‍ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് 28% വിഹിതവുമായി ഇസ്രയേലാണ്. എന്നാല്‍ ഇസ്രയേലില്‍നിന്നുള്ള ഇറക്കുമതിക്കു ട്രംപ് വെറും 19% തീരുവ മാത്രമാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ഗുജറാത്തിലെ ഡയമണ്ട് വർക്കേഴ്സ് യൂണിയൻ നല്‍കിയ വിവരങ്ങള്‍ പ്രകാരം അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ മൂലം സൗരാഷ്‌ട്ര മേഖലയിലെ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അമേരിക്കൻ തീരുവ 25% ആയി ഉയർത്തുകയും പിന്നീട് 50% ആയി വർധിപ്പിക്കുകയും ചെയ്തതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചതായി യൂണിയൻ വ്യക്തമാക്കി.
വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനും ആവശ്യമായ ജോലികള്‍ വലിയ കന്പനികളില്‍നിന്ന് ഏറ്റെടുക്കുന്ന ഭാവ്നഗർ, അമ്രേലി, ജൂനാഗഡ് മേഖലകളില്‍ ചെറിയ യൂണിറ്റുകളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍നഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഈ മേഖലയില്‍ മൂന്നു മുതല്‍ നാലു ലക്ഷം വരെ തൊഴിലാളികളാണ് പണിയെടുക്കുന്നത്.അമേരിക്കയില്‍നിന്നും ചൈനയില്‍നിന്നുമുള്ള ഓർഡറുകള്‍ കുറഞ്ഞതോടെ നേരത്തേതന്നെ കച്ചവടം മന്ദഗതിയിലായിരുന്നു. എങ്കിലും, ഏപ്രിലില്‍ അമേരിക്ക പ്രഖ്യാപിച്ച തീരുവയാണ് ഏറ്റവും വലിയ തിരിച്ചടിയായത്. മാസം 15,000 മുതല്‍ 20,000 രൂപ വരെ വരുമാനമുള്ള തൊഴിലാളികളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
അമേരിക്കയുമായി ഉഭയകക്ഷി വ്യാപാരചർച്ചകള്‍ വേഗത്തിലാക്കുക, കയറ്റുമതി പ്രോത്സാഹനങ്ങള്‍, പലിശ സബ്സിഡികള്‍, ജിഎസ്ടി റീഫണ്ടുകള്‍ എന്നിവ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വ്യവസായികള്‍ സർക്കാരിന് മുന്നില്‍വച്ചിട്ടുണ്ട്.


