HomeIndiaഅക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും യുപിഐ പർച്ചേസ് ചെയ്യാം; എങ്ങനെയാണ് എന്ന് അറിയേണ്ടേ? വിശദാംശങ്ങൾ...

അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും യുപിഐ പർച്ചേസ് ചെയ്യാം; എങ്ങനെയാണ് എന്ന് അറിയേണ്ടേ? വിശദാംശങ്ങൾ വായിക്കാം.

കാലത്തിനൊത്ത് കോലം മാറണം എന്ന് പറയുന്നത് എത്ര ശരിയാണ്. കുറച്ച്‌ വർഷങ്ങള്‍ വരെ 100ന്റെയും 500ന്റെയും നോട്ടുകള്‍ കൈയ്യില്‍ ഉണ്ടായിരുന്നവരുടെ പക്കല്‍ ഇപ്പോള്‍ ഒരു പേഴ്സ് പോലും ഇല്ല.

ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ ഇടപാടുകളെല്ലാം ഓണ്‍ലൈനാവുന്നു. ഈ മാറ്റം നിസ്സാരമല്ല. 5 രൂപയുടെ മിഠായി പോലും ഗൂഗിള്‍ പേ ചെയ്യാം എന്ന് പറയുന്ന കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. യു.പി.ഐ ഇടപാടുകള്‍ അത്രമേല്‍ ജനങ്ങളെ സ്വാധിനിക്കുന്നു.

എന്തിനും ഏതിനും യു.പി.ഐ വഴി ഇടപാടുകള്‍ നടത്തുന്നതോടെ എല്ലാം എളുപ്പമാവുന്നു. യു.പി.ഐ പോലെ ക്രെഡിറ്റ് കാർഡുകളും സർവ്വവ്യാപിയാണ്. എല്ലാവർക്കും ക്രെഡിറ്റ് കാർഡുകളും ഉണ്ട്. ഇവ രണ്ടും ഒരുമിച്ച്‌ പ്രവർത്തിച്ചാല്‍ കൂടുതല്‍ എളുപ്പമാവില്ലേ? അതാണ് യു.പി.ഐ ക്രെഡിറ്റ് കാർഡ്. അതായത് ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്ത് ഉപയോഗിക്കുന്നതിലും എളുപ്പത്തില്‍ യു.പി.ഐ ഉപയോഗിക്കാം. യു.പി.ഐ യില്‍ ക്രെഡിറ്റ് കാർഡിന്റെ എല്ലാ നേട്ടങ്ങളും പ്രയോജനപ്പെടുത്തിയാല്‍ ഫിസിക്കല്‍ കാർഡില്ലാതെയും ഇടപാടുകള്‍ നടത്താൻ സാധിക്കും.

എന്താണ് യു.പി.ഐ ക്രെഡിറ്റ് കാർഡുകള്‍..?

യു.പി.ഐ ഉപയോഗിക്കണമെങ്കില്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ ബാലൻസ് ഉണ്ടാവണം. എന്നാല്‍ ബാലൻസ് ഇല്ലാതെ വരുന്ന അവസരങ്ങളില്‍ എന്തു ചെയ്യും? ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കാൻ യു.പി.ഐ ക്രെഡിറ്റ് കാർഡിലൂടെ സാധിക്കും. അതായത് നിങ്ങളുടെ യു.പി.ഐ അക്കൗണ്ടുമായി ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കാം. ഇതിനായി റിസര്‍വ് ബാങ്കും നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍.പി.സി.ഐ) അനുമതി നല്‍കിയിട്ടുണ്ട്. ഇതാണ് യു.പി.ഐ ക്രെഡിറ്റ് കാർഡുകള്‍.

എല്ലാ ക്രെഡിറ്റ് കാർഡുകളും യു.പി.ഐ യുമായി ബന്ധിപ്പിക്കാൻ സാധിക്കില്ല. ഇന്ത്യയുടെ റൂപ്പേ ക്രെഡിറ്റ് കാർഡുകള്‍ മാത്രമേ യു.പി.ഐയുമായി ബന്ധിക്കാനാവൂ. അക്കൗണ്ടില്‍ ബാലൻസ് ഇല്ലെങ്കിലും നിങ്ങള്‍ക്ക് ഇടപാടുകള്‍ നടത്താൻ സാധിക്കും. മാത്രമല്ല ഇടപാടുകളെല്ലാം ആപ്പ് വഴി ആയതിനാല്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാർഡ് കൈവശം വെക്കേണ്ട ആവശ്യമില്ല.

പേടിഎം, ഫോണ്‍ പേ, മൊബിക്വിക്, BHIM ആപ്പ്, എയർടെല്‍ മണി തുടങ്ങിയ യു.പി.ഐ ആപ്പുകളാണ് ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നത്. മറക്കരുത്! പർച്ചേസിംഗ് ആവശ്യങ്ങള്‍ക്ക് മാത്രമേ യു.പി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനാകൂ. പരസ്പരം പണം കൈമാറാൻ ഇതിലൂടെ സാധിക്കില്ല.

സാധാരണയായി എത്ര യു.പി.ഐ ഇടപാടുകള്‍ നടത്തിയോ അത്രയും വിവരങ്ങള്‍ ബാങ്ക് സ്റ്റേറ്റ്മെന്റില്‍ രേഖപ്പെടുത്തും. പക്ഷേ ക്രെഡിറ്റ് ഉപയോഗിച്ചുള്ള യു.പി.ഐ ഇടപാടുകളെല്ലാം ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിലാണ് രേഖപ്പെടുത്തുന്നത്. അതും ഒറ്റ സ്റ്റേറ്റ്മെന്റ് മാത്രമായിരിക്കും.

യു.പി.ഐ ക്രെഡിറ്റ് കാർഡ് എങ്ങനെ പ്രവർത്തിക്കുന്നു?

1. യു.പി.ഐ ലിങ്ക് ചെയ്യാം: ബാങ്ക് അക്കൗണ്ടിന് പകരം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് യു.പി.ഐ ഐഡിയുമായി ലിങ്ക് ചെയ്‌യുന്നു.

2. ഇടപാടുകള്‍: യുപി.ഐ വഴി പേയ്‌മെൻ്റ് നടത്തുമ്ബോള്‍, ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിടിക്കുന്നില്ല. പകരം അത് ക്രെഡിറ്റ് കാർഡിലൂടെ ഈടാക്കും.

3. തിരിച്ചടവ് നടത്തുന്നത്: ഇവിടെ സാധാരണ ക്രെഡിറ്റ് കാർഡ് ബില്ലുകള്‍ തിരിച്ചടക്കുന്നതു പോലെ ചെയ്യാവുന്നതാണ്.

ഈ രീതിയിലൂടെ യു.പി.ഐ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിക്കാം. കൂടുതല്‍ സൗകര്യത്തോടെ ഇടപാടുകള്‍ നടത്താൻ സാധിക്കും. മാത്രമല്ല പർച്ചേസുകള്‍ക്ക് എപ്പോഴും ക്രെഡിറ്റ് കാർഡുകള്‍ എടുക്കേണ്ട ആവശ്യമില്ല. യു.പി.ഐ ലിങ്ക് ചെയ്യുന്നതിനു മുന്നേ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് റൂപേ കാർഡാണെന്ന് ഉറപ്പ് വരുത്തുക.

Latest Posts