HomeIndiaരാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും:...

രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി വായിക്കാം

രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്.

നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ അപേക്ഷിച്ച്‌ 8.4 ശതമാനം വളരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ യഥാർത്ഥ വളർച്ച 6.6 ശതമാനത്തിലേയ്ക്ക് ചുരുങ്ങുകയാണ്. വരുമാന വളർച്ചയും മുൻവർഷത്തെയപേക്ഷിച്ച്‌ 2.8 ശതമാനം എന്ന കുറഞ്ഞ നിലയിലാണ്. ഈയിനത്തിലെ പ്രതീക്ഷ 4.2 ശതമാനമായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച്‌ 7.6 ശതമാനം വളർച്ച എന്നാണ് ഒന്നാം പാദത്തില്‍ നിരീക്ഷിക്കപ്പെട്ടത്. ഇത് 4.2 ശതമാനമായി കുറഞ്ഞു.

കണക്കാക്കിയതിനേക്കാള്‍ വളരെ കുറഞ്ഞു എന്നു പറയാൻ കഴിയില്ലെങ്കിലും, ആഭ്യന്തര വിപണിയുടെ ഇപ്പോഴത്തെ സ്ഥിതി കൂടുതല്‍ തീവ്രമാണ്. 2-3 വർഷമായി കൂടിയ വാല്യുവേഷനില്‍ നടക്കുന്ന ട്രേഡിംഗ് ഇന്ത്യയ്ക്കു നില നിർത്താൻ കഴിയില്ലെന്ന യാഥാർത്ഥ്യവുമായി വിപണി പൊരുത്തപ്പെടുകയാണ്. ഭാവി വരുമാന വളർച്ച കുറയുമ്ബോഴും വാല്യുവേഷൻ അതിനനുസരിച്ച്‌ ക്രമപ്പെട്ടിട്ടില്ല. ഇന്ത്യയുടെ വാല്യുവേഷൻ കുറഞ്ഞതിന്റെ ഫലമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്.

ഒന്നാം പാദത്തില്‍ നികുതി കഴിച്ചുള്ള ലാഭ വളർച്ച 6.7 ശതമാനമായിരുന്നു. രണ്ടാംപാദവും ഇതേ രീതിയില്‍ അവസാനിക്കുകയാണ്. ഒന്നാം അർധ വർഷം നികുതി കഴിച്ചുള്ള ലാഭ വളർച്ച ഏതാണ്ട് 6.6 ശതമാനമായിരിക്കും. രണ്ടാം അർധ വാർഷിക ഫലങ്ങള്‍ ഒന്നാം അർധ വർഷത്തേക്കാള്‍ ഭേദമായിരിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. സർക്കാർ ചിലവഴിക്കല്‍ മെച്ചപ്പെടുമെന്നതിനാലാണിത്. 2025 സാമ്ബത്തിക വർഷത്തെ ബജറ്റ് ചെലവ് നിലനിർത്തേണ്ടതും സർക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ ദുർബലമായ ഒന്നാം അർധ വാർഷിക വളർച്ച കാരണം 2025 സാമ്ബത്തിക വർഷത്തേക്കുള്ള ആളോഹരി ലാഭം (EPS) കുറവായിരിക്കുമെന്നു വിദഗ്ധർ നിരീക്ഷിച്ചിട്ടുണ്ട്. നിഫ്റ്റി 50 ന്റെ EPS, 2.5 ശതമാനം കുറച്ചു. കഴിഞ്ഞ പാദത്തിലെ EPS 1,150 ആയിരുന്നെങ്കില്‍, പുതിയ എസ്റ്റിമേറ്റ് 1,121 രൂപയാണ്.

വിപണിയില്‍ വീണ്ടെടുപ്പു സാധ്യമാക്കുകയും അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുംവിധം വാല്യുവേഷൻ തിരുത്തപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. 2025 സാമ്ബത്തിക വർഷം 21 x എന്ന പിഇ അനുപാതത്തിലും 2026 സാമ്ബത്തിക വർഷം 18 x എന്ന പിഇ അനുപാതത്തില്‍ കുറച്ചുമാണ് ഇപ്പോള്‍ ഇന്ത്യയുടെ വാല്യുവേഷൻ കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ച്‌ ഒരു വർഷം മുന്നോട്ടുള്ള പിഇ അനുപാതം 19.6 x എന്നത് സെപ്റ്റംബറിലെ 21.4 x നേക്കാള്‍ താഴെയാണ്. ഇന്ന് ട്രേഡിംഗ് നടത്തുന്നത് 5 വർഷ ശരാശരിയായ 19.4 x നേക്കാള്‍ അല്‍പം മാത്രം മുകളിലാണ് എന്നത് ദീർഘ കാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ആകർഷകമാണ്.

വില കുറയ്ക്കുന്നതിനേക്കാള്‍ സമയ ബന്ധിതമായ തിരുത്തലായിരിക്കണം നടത്തേണ്ടത്. ഒക്ടോബറിനേക്കാള്‍ കുറഞ്ഞ നിരക്കിലാണെങ്കിലും നവംബറിലും വിദേശ സ്ഥാപന ഓഹരികള്‍ വില്‍പന തുടരുക തന്നെയാണ്. ഇത് വിലകള്‍ താഴോട്ടു കൊണ്ടു പോകുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. 5 വർഷം + 1 സ്റ്റാൻഡേഡ് വ്യതിയാനവും -1 സ്റ്റാൻഡേഡ് വ്യതിയാനവും യഥാക്രമം 21 x ,18 x എന്നിങ്ങനെയാണ്. വാല്യുവേഷന്റെ ഏറ്റക്കുറച്ചിലുകള്‍ +8, 7 എന്നീ ക്രമത്തിലും. പാദ വാർഷിക നേട്ടം മുൻ പാദത്തെ അപേക്ഷിച്ച്‌ മെച്ചപ്പെടാനും 4-ാം പാദത്തില്‍ അതിലും മെച്ചപ്പെടാനും ഇടയുള്ളതിനാല്‍ താഴ്ച സാധ്യതകള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുവേണം പറയാൻ. 2025 സാമ്ബത്തിക വർഷത്തെ 9 ശതമാനം താഴ്ചയെ അപേക്ഷിച്ച്‌, 2026 സാമ്ബത്തിക വർഷം EPS വളർച്ച കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ 14-16 ശതമാനമാവുമെന്നാണ് കണക്കാക്കപ്പെടന്നത്.

ഒക്ടോബറിലെ 6.21 ശതമാനം എന്ന കൂടിയതോതിലുള്ള ഉപഭോക്തൃ വില സൂചികയില്‍ വിപണി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നവംബർ, ഡിസംബർ മാസങ്ങളില്‍ പ്രതിമാസ പ്രതീക്ഷ 4 മുതല്‍ 5 ശതമാനം വരെ എന്നക്രമത്തില്‍ മിതമാവുമെന്നതിനാല്‍ ഇതൊരു പ്രശ്നമാകില്ല. നേരത്തേ പ്രതീക്ഷിക്കാത്ത വിധത്തില്‍ യുഎസ് ഡോളർ കൂടുതല്‍ കരുത്താർജിച്ച സാഹചര്യത്തില്‍, റിസർവ് ബാങ്ക് പലിശ നിരക്കു കുറയ്ക്കുന്നതിനെ വിപണി അനുകൂലിക്കുന്നില്ല. ഇപ്പോള്‍ നിരക്കു കുറച്ചാല്‍ ഇന്ത്യൻ രൂപ ഇനിയും താഴോട്ടു പോകാനാണ് സാധ്യത. മുൻ വർഷം ചിലവാക്കാതിരുന്ന സർക്കാർ ഫണ്ടുകള്‍ വരാനിരിക്കുന്ന പ്രതിമാസ കണക്കുകളില്‍ പ്രതിഫലിച്ചു തുടങ്ങുന്നതോടെ വിപണി വികാരം മെച്ചപ്പെടും.

രണ്ട് പതിറ്റാണ്ടായി യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച ദീർഘകാല വാർഷിക നിരക്കില്‍ 3.2 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 1.7 ശതമാനം എന്നനിലയില്‍ താഴ്ന്ന നിലയിലായിരുന്നു. ഇതര വികസ്വര വിപണികളെയപേക്ഷിച്ച്‌ ഇന്ത്യൻ രൂപയുടെ പ്രകടനം മെച്ചമാണ്. ഈ സ്ഥിതി നിലനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. ദീർഘകാലമായി നിലനില്‍ക്കുന്ന ഈ സാഹചര്യം മാറിയാല്‍ മാത്രമേ യുഎസ് ഡോളറിന്റെ കരുത്ത് നമുക്ക് പ്രശ്നമാവുകയുള്ളു. ദീർഘ കാലാടിസ്ഥാനത്തില്‍ ഇന്ത്യൻ സമ്ബദ്വ്യവസ്ഥയുടെ ഘടനാപരമായ കരുത്തു കാരണം, ട്രംപിന്റെ രണ്ടാം വരവിലും ഇതിനു സാധ്യത കാണുന്നില്ല. ഇന്ത്യാ ജിഡിപി 6 ശതമാനം മുതല്‍ 7 ശതമാനം വരെ യഥാർഥ നിരക്കിലും 10 മുതല്‍ 12 ശതമാനം വരെ നാമമാത്ര നിരക്കിലും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Posts