HomeIndiaനാല് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ; വാർത്ത പുറത്തുവന്നതോടെ വിലയിൽ കുതിപ്പ്: ...

നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ; വാർത്ത പുറത്തുവന്നതോടെ വിലയിൽ കുതിപ്പ്: ബാങ്കുകളുടെ പട്ടികയും വിശദാംശങ്ങളും വാർത്തയോടൊപ്പം

രാജ്യത്തെ 4 പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികള്‍ വില്‍ക്കാനാണ് ശ്രമം.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സര്‍ക്കാരിന് 96.4 ശതമാനം ഓഹരിയുണ്ട്. യുകോ ബാങ്കില്‍ 95.4 ശതമാനം ഓഹരിയും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 98.3 ശതമാനം ഓഹരിയും കേന്ദ്രസര്‍ക്കാരിന് ഉണ്ട് . സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93% ഓഹരികള്‍ കേന്ദ്രത്തിന്‍റെ പക്കലാണ്. വിപണി സാഹചര്യം പരിശോധിച്ച ശേഷമായിരിക്കും എത്ര ഓഹരികള്‍ വിറ്റഴിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. വാര്‍ത്ത പുറത്തുവന്നതോടെ ഈ ബാങ്കുകളുടെ ഓഹരി വിലയില്‍ വര്‍ധന രേഖപ്പെടുത്തി. യൂക്കോ ബാങ്ക് 4 ശതമാനം ഉയര്‍ന്ന് 43 രൂപയിലെത്തി. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 3 ശതമാനം വര്‍ധിച്ച്‌ 50 രൂപയ്ക്കടുത്തെത്തി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3.5 ശതമാനം ഉയര്‍ന്ന് 52 രൂപയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 3.5 ശതമാനം ഉയര്‍ന്ന് 55 രൂപയിലുമെത്തി.

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശ പ്രകാരം ലിസ്റ്റ് ചെയ്ത കമ്ബനികളില്‍ 25% പൊതു ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണം. എന്നാല്‍ 2026 ഓഗസ്റ്റ് വരെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്ബനികളെ ഈ നിയമങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം സെബി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സര്‍ക്കാര്‍ ബാങ്കിന്‍റെ ഓഹരികള്‍ വില്‍ക്കുമോ അതോ ഈ നിയമത്തിന്‍റെ സമയപരിധി നീട്ടാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമോ എന്നതിനെക്കുറിച്ച്‌ സൂചനകളില്ല. വിപണി സാഹചര്യം അനുസരിച്ച്‌ വില്‍പ്പനയുടെ സമയവും ഓഹരിയുടെ എണ്ണവും തീരുമാനിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മികച്ച പ്രകടനമാണ് പൊതുമേഖലാ ബാങ്കുകള്‍ കാഴ്ചവച്ചത്. 2022-23 ല്‍ പൊതുമേഖലാ ബാങ്കുകളുടെ ആസ്തി 9.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022-23 കാലയളവില്‍ ആദ്യമായി, പൊതുമേഖലാ ബാങ്കുകളുടെ മൊത്തം അറ്റാദായം ഒരു ട്രില്യണ്‍ കവിഞ്ഞു, മുന്‍ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ 57 ശതമാനം ആണ് വര്‍ധന. ഈ ലാഭത്തിന്‍റെ 50 ശതമാനവും എസ്ബിഐയുടെ സംഭാവനയാണ്.നിഷ്ക്രിയ ആസ്തികള്‍ കുറച്ചതും പൊതുമേഖലാ ബാങ്കുകളുടെ മുന്നേറ്റത്തിന് സഹായകരമായി.

Latest Posts