ഇന്ത്യൻ വിപണിയില്‍ തിരിച്ചടി തുടരുകയാണ്. സമീപകാല ഉയർന്ന നിലവാരത്തില്‍ നിന്നും പ്രധാന ഓഹരി സൂചികകളില്‍ പത്ത് ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടു.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്ക് എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും വീണു. ഇതോടെ നിക്ഷേപകരില്‍ ഒരുവിഭാഗത്തിനെ ഭയാശങ്ക പിടികൂടിയിട്ടുണ്ട്.
എന്നാല്‍ ഇന്ത്യൻ വിപണിയുടെ ദീർഘകാല സാധ്യതകളെ കുറിച്ച് നിക്ഷേപകർ പേടിക്കേണ്ടതില്ലെന്നും ഇപ്പോള്‍ നേരിടുന്ന തിരിച്ചടി ആരോഗ്യകരമായ തിരുത്തലിന്റെ ഭാഗമാണെന്നും മാർക്കറ്റ് അനലസിസ്റ്റുകള് ചൂണ്ടിക്കാട്ടുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ആഭ്യന്തര വിപണിയില്‍ നേരിടുന്ന തിരിച്ചടിയില്‍ ദീർഘകാല നിക്ഷേപകർ എന്തുകൊണ്ട് ഭയക്കേണ്ടതില്ല എന്നതുമായി ബന്ധപ്പെട്ട അഞ്ച് ഘടകങ്ങള്‍ വിശദമായി നോക്കാം.
തിരുത്തല്‍ ആരോഗ്യകരം
കുതിച്ചുപായുന്ന വിപണിയില്‍ ഇടവേളകളില്‍ നേരിടുന്ന ആരോഗ്യകരമായ തിരുത്തല്‍ വിപണിയുടെ ചാക്രികതയുടെ ഭാഗമാണ്. വളരെ ഉയർന്ന ലിക്വിഡിറ്റി കാരണം, സമീപകാലയളവില്‍ ഏറെക്കുറെ ഏകപക്ഷീയമായി മുന്നേറിയിരുന്ന ഇന്ത്യൻ ഓഹരി വിപണികള്‍ സെപ്റ്റംബർ മാസം അവസാനിക്കുമ്ബോഴും അജയ്യരാണെന്ന പ്രതീതിയാണ് പുറമേയ്ക്ക് നല്‍കിയിരുന്നത്.
എന്നാല്‍ കോർപറേറ്റ് കമ്ബനികളുടെ നടപ്പ് സാമ്ബത്തിക വർഷത്തിലെ രണ്ടാം പാദഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതോടെ, തിരുത്തലിന് വഴിതെളിച്ചു. ഇതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി തിരിച്ചടിയുടെ പാതയിലാണ്.
അതേസമയം പ്രധാന സൂചികകളില്‍ 10 ശതമാനത്തോളം തിരുത്തല്‍ നേരിട്ടുവെങ്കിലും ആഭ്യന്തര വിപണിയില്‍ കാര്യമായ ദിശാമാറ്റം അഥവാ മേജർ ട്രെൻഡ് റിവേഴ്സല്‍ സംഭവിച്ചുവെന്ന് കരുതാനാകില്ലെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡിലോക്ക്സ് പ്രീമിയം റിസർച്ചിന്റെ സ്ഥാപകൻ ഗൗതം ഷാ അഭിപ്രായപ്പെട്ടു.
ബുള്‍ മാർക്കറ്റില്‍ പോലും തിരുത്തല്‍ അത്യന്താപേക്ഷിതമാണ്. ഇത് വിപണിയുടെ ദീർഘകാല സുസ്ഥിരതയ്ക്ക് നിർണയാകമാണ്. വിപണിയെ സ്ഥിരതയാർജിക്കാനും അമിത ഊഹക്കച്ചവടങ്ങളെ നിയന്ത്രിക്കാനും നിക്ഷേപകർക്ക് മികച്ച വാങ്ങല്‍ അവസരം നല്‍കാനുമൊക്കെ സഹായകരമാകും.
ഇപ്പോള്‍ വിപണിയില്‍ സംഭവിക്കുന്നതും അത്തരമൊരു ആരോഗ്യകരമായ തിരുത്തലാണെന്നും ഗൗതം ഷാ വ്യക്തമാക്കി.
ബുള്ളിഷ് ട്രെൻഡില്‍ മാറ്റമില്ല
സമീപകാല ഉയർന്ന നിലവാരത്തില്‍ നിന്നും പ്രധാനപ്പെട്ട ആഭ്യന്തര ഓഹരി സൂചികകളില്‍ പത്ത് ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടു എങ്കിലും ദീർഘമായ കാലയളവിലേക്കുള്ള ഇന്ത്യയുടെ നിക്ഷേപ സാധ്യതകളും സാമ്ബത്തിക വളർച്ചാ ശേഷിയും കൈമോശം വന്നിട്ടില്ലെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ആഗോള വിപണികള്‍ താരതമ്യേന ശക്തമായ നിലയില്‍ തുടരുന്നതിനാല്‍ ഇപ്പോള്‍ ഇന്ത്യൻ വിപണിയില്‍ നേരിടുന്ന തിരുത്തല്‍ നിർണായക ട്രെൻഡ് റിവേഴ്സല്‍ ആണെന്ന് കരുതാനാകില്ല. ചരിത്രപരമായി നോക്കിയാല്‍ വിപണിയില്‍ പോസിറ്റീവ് നീക്കങ്ങളുണ്ടാകുന്ന സീസണായതിനാല്‍ തമാസിയാതെ തിരിച്ചടിക്ക് ശമനമുണ്ടാകാമെന്നും ഇപ്പോഴത്തെ ഇറക്കത്തെ മറ്റൊരു കുതിപ്പിനുള്ള തയ്യാറെടുപ്പായാണ് കാണുന്നതെന്നും മാർക്കറ്റ് അനലിസ്റ്റ് ഗൗതം ഷാ പറഞ്ഞു.
സ്മോള്‍ ക്യാപ് തിരുത്തല്‍ സാധാരണം
സമീപകാലത്ത് മിഡ് ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗം ഓഹരികളില്‍ നേരിട്ട ശക്തമായ തിരിച്ചടി ഏറെ ഗൗരവതരമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും മുൻകാല ചരിത്രം കൂടി കണക്കിലെടുത്ത് ആഴത്തില്‍ പരിശോധിച്ചാല്‍ അങ്ങനെ ഭയപ്പെടാനില്ലെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 25 മുതല്‍ 30 ശതമാനം വരെ തിരുത്തല്‍ നേരിട്ട നിരവധി സ്മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളുണ്ട്. എന്നാല്‍ ഇത്തരം ഓഹരികളുടെ കഴിഞ്ഞ ഒന്നര വർഷത്തെ ചരിത്രം നോക്കിയാല്‍ വളരെയധികം മുന്നേറ്റം കാഴ്ചവെച്ചിരുന്നതായി കാണാം.
അതിനാല്‍ രണ്ടും മൂന്നും ഇരട്ടിയൊക്കെ നേട്ടം നല്കിയ ഓഹരികളില്‍ സമീപകാല ഉയരത്തില്‍ നിന്നും 40 ശതമാനം വരെ നേരിടുന്ന തിരിച്ചടിയൊക്കെ സ്വാഭാവികമായി എടുക്കാമെന്നാണ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.
ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് ഇത്തരം തിരുത്തലുകള്‍ ക്വാളിറ്റിയുള്ള ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനായി നല്കുന്ന അവസരങ്ങളായി കാണാം. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരി വിഭാഗങ്ങളില്‍ നിക്ഷേപം പരിഗണിക്കുമ്ബോള്‍, ക്വാളിറ്റിയുള്ള കമ്ബനികളെ മാത്രമെ തെരഞ്ഞെടുക്കാവു എന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടി.
പ്രധാന സെക്ടറുകളുടെ പിന്തുണ
വിപണിയില്‍ തിരുത്തല്‍ നേരിടുമ്ബോഴും നിർണായകമായ മൂന്ന് സെക്ടറുകള്‍ താരതമ്യേന ശക്തമായി തുടരുന്നത് ശ്രദ്ധേയമാണ്.
പ്രധാനമായും ബാങ്കിങ്, ഐടി സെക്ടറുകളും ചില ലാർജ് ക്യാപ് ഓഹരികളും വലിയ തിരിച്ചടി നേരിടാതെ പിടിച്ചുനില്ക്കുന്നുണ്ട്. മൂവിങ് ആവറേജ് പോലെയുള്ള ചില ടെക്നിക്കല്‍ ഇൻഡിക്കേറ്ററുകളില് നെഗറ്റീവ് സൂചന കണ്ടിട്ട് ആശങ്കപ്പെടുന്നവരുണ്ട്.
എന്നാല്‍ നിർണായകമായ സെക്ടറുകള്‍ താരതമ്യേന ശക്തമായി തുടരുന്നത്, വിപണിക്ക് പിന്തുണയേകുന്ന ഘടകമാകുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ് എന്നിവയൊക്കെ ഉദ്ദാഹരണം.
ചുരുക്കത്തില്‍ നിർണായക സെക്ടറുകള്‍ ഭേദപ്പെട്ട നിലയില്‍ തുടരുന്നിടത്തോളം വിപണിയില്‍ വലിയൊരു തിരിച്ചടിക്ക് സാധ്യതയില്ലെന്നും മാർക്കറ്റ് അനലിസ്റ്റ് ഗൗതം ഷാ പറഞ്ഞു.
10-12% തിരുത്തല്‍ സ്വാഭാവികം
ശക്തമായൊരു ബുള്‍ മാർക്കറ്റില്‍ പോലും 10 – 12 ശതമാനം തോതില്‍ നേരിടുന്ന തിരുത്തലൊക്കെ സ്വാഭാവികമാണെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുൻപ് 2003-07 കാലയളവില്‍ ഇന്ത്യൻ വിപണി സാക്ഷ്യം വഹിച്ച ശക്തമായ ബുള്‍ റാലിയില്‍ പോലും നിരവധി തവണ പ്രധാന സൂചികയില്‍ സമാനമായ തിരുത്തലുകള്‍ നേരിട്ടിട്ടുണ്ട്.
എന്നിരുന്നാലും ക്രമേണ വിപണിയില്‍ മുന്നേറ്റം തുടരുന്നതിനാണ് ഏവരും സാക്ഷ്യംവഹിച്ചിട്ടുള്ളത്.ഇപ്പോഴത്തെ നിക്ഷേപകരില്‍ ഒരു വിഭാഗത്തിന് അഞ്ച് ശതമാനത്തിലധികമുള്ള തിരിച്ചടിയോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നതാണ് പ്രശ്നം.
എന്തായാലും ഹ്രസ്വകാലയളവിലെ ചാഞ്ചാട്ടം താത്കാലികമാണെന്നും ദീർഘമായ കാലയളവില്‍ മികച്ച ഓഹരികളും ഇന്ത്യൻ വിപണിയും മുന്നേറിയിട്ടുള്ളതായും മുൻകാല ചരിത്രം നോക്കിയാല്‍ മനസ്സിലാകുമെന്ന് വിപണി വിദഗ്ധർ അടിവരയിടുന്നു.