ജോലിയില്‍ നിന്ന് വിരമിക്കുമ്ബോള്‍ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ നിങ്ങള്‍ക്ക് സാമ്ബത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
റിട്ടയർമെന്റിനു ശേഷവും ഉറപ്പുള്ള വരുമാനം ലഭിക്കുമോ? കൂടുതല്‍ ഉറപ്പുള്ളതും പ്രതിമാസം ഉയർന്ന വരുമാനം ലഭിക്കാൻ നിങ്ങള്‍ ആദ്യം നാഷണല്‍ പെൻഷൻ സ്കീമില്‍ (എൻ.പി.എസ്) നിക്ഷേപിക്കൂ. നിങ്ങള്‍ക്ക് എൻ.പി.എസില്‍ പ്രതിമാസ നിക്ഷേപത്തിലൂടെ കോടികള്‍ സമ്ബാദിക്കാൻ സാധിക്കും. അതിലൂടെ ഉറപ്പുള്ള സാമ്ബത്തിക നേട്ടവും ലഭിക്കുന്നു.
സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, എല്ലാവർക്കും എൻ.പി.എസില്‍ നിക്ഷേപിക്കാം. 60 വയസ്സിനു ശേഷം ആരോഗ്യ വിഷയങ്ങളില്‍ പ്രതിസന്ധികള്‍ നേരിടുമ്ബോള്‍ സ്ഥിരമായ വരുമാനം ഉണ്ടായിരിക്കണം. അതിനു എൻ.പി.എസ് ഒരു നല്ല ഓപ്ഷനാണ്.
എൻ.പി.എസ്
ഇതൊരു ദീർഘകാല നിക്ഷേപമാണ്. റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കുവാനായി സർക്കാർ പിന്തുണയോടെയുള്ള പദ്ധതിയാണ് നാഷണല്‍ പെൻഷൻ സ്കീം (എൻ.പി.എസ്). ഇത് വെറുമൊരു നിക്ഷേപമല്ല, വമ്ബൻ ലാഭവും നേടാനാവും. 18 നും 70 നും ഇടയില്‍ പ്രായമുള്ള പൗരന്മാർക്ക് എൻ പി എസില്‍ അംഗമാകാം. 60 വയസ്സ് മുതലാണ് നിങ്ങള്‍ക്ക് പെൻഷൻ കിട്ടുന്നത്. 9% മുതല്‍ 12% വരെ ശരാശരി വരുമാനമാണ് ഈ നിക്ഷേപത്തിലൂടെ കിട്ടുന്നത്.
എൻ.പി.എസ് തുടക്കത്തില്‍ സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രം ആരംഭിച്ച പദ്ധതിയായിരുന്നു. എന്നാല്‍ പിന്നീട് ഇത് രാജ്യത്തെ എല്ലാ പൗരന്മാർക്കും ഉപയോഗിക്കാവുന്ന രൂപത്തിലെത്തി. ഇതൊരു പെൻഷൻ സ്കീമാണെങ്കിലും മികച്ചൊരു നിക്ഷേപ മാർഗമാണെന്നും പറയാം. കൃത്യമായി നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് പ്രതിമാസം 50,000 രൂപയില്‍ കൂടുതല്‍ പെൻഷൻ ലഭിക്കും. എങ്ങനെ പ്രതിമാസം 50,000 രൂപയ്ക്ക് മുകളില്‍ നേടാമെന്ന് പരിശോധിക്കാം.
എൻ.പി.എസ് എങ്ങനെ പ്രവർത്തിക്കുന്നു?
എൻ.പി.എസില്‍ എത്ര രൂപ നിക്ഷേപിച്ചാലും മാർക്കറ്റില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെയും ബാധിക്കും. മാർക്കറ്റ് അനുസരിച്ചാണ് എൻ.പി.എസിന്റെ റിട്ടേണ്‍ തീരുമാനിക്കുന്നത്. അതിനാല്‍ തന്നെ എൻ.പി.എസ് ഒരു മാർക്കറ്റ് ലിങ്ക്ഡ് സ്കീമാണ്. പ്രധാനമായും എൻ.പി.എസിന് രണ്ട് തരം അക്കൗണ്ടുകളുണ്ട്; ടയർ 1, ടയർ 2. ടയർ 1 അക്കൗണ്ടിന്റെ പ്രത്യേകത എന്തെന്നാല്‍ ഈ അക്കൗണ്ട് ആർക്കും തുടങ്ങാം. മറ്റു നിബന്ധനകളൊന്നുമില്ല. പക്ഷേ നിങ്ങള്‍ക്ക് ഒരു ടയർ-1 അക്കൗണ്ട് ഉണ്ടെങ്കിലേ ടയർ-2 അക്കൗണ്ട് എടുക്കാൻ കഴിയൂ.
എൻ.പി.എസ് ഒരു പെൻഷൻ സ്കീമായതിനാല്‍ റിട്ടയർമെന്റ് സമയത്താണ് കാലാവധി പൂർത്തിയാവുന്നത്. അതായത് 60 വയസ്സ് കഴിഞ്ഞാല്‍ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനം ഒറ്റത്തവണയായി എടുക്കാം. ഈ തുക സത്യത്തില്‍ നിങ്ങളുടെ റിട്ടയർമെൻ്റ് ഫണ്ടാണ്. അതിനാല്‍ തുകയുടെ 40 ശതമാനമെങ്കിലും ആന്വിറ്റിയായി ഉപയോഗിക്കണം. ഈ അന്വിറ്റിയിലൂടെ നിങ്ങള്‍ക്ക് പെൻഷൻ ലഭിക്കും. എന്നാല്‍ എത്ര പെൻഷൻ ലഭിക്കുമെന്നത് നിങ്ങളുടെ അന്വിറ്റിയെ അനുസരിച്ചിരിക്കും.
എങ്ങനെ 50,000ലധികം പെൻഷൻ നേടാം?
നിങ്ങള്‍ 35 വയസ്സില്‍ എൻ.പി.എസില്‍ നിക്ഷേപിക്കാൻ തുടങ്ങിയാല്‍ കോടികള്‍ സമ്ബാദിക്കാം. 35 വയസ്സ് മുതല്‍ 60 വയസ്സ് വരെ തുടർച്ചയായി എൻ.പി.എസില്‍ നിക്ഷേപിച്ചാല്‍ നിങ്ങളുടെ മൊത്തം നിക്ഷേപ കാലാവധി 25 വർഷമാവും. ഇതില്‍ പ്രതിമാസം 50,000 രൂപയില്‍ കൂടുതല്‍ പെൻഷൻ ലഭിക്കണമെങ്കില്‍ നിങ്ങള്‍ പ്രതിമാസം 15,000 രൂപയെങ്കിലും നിക്ഷേപിക്കണം. കണക്ക് പ്രകാരം 25 വർഷത്തേക്ക് തുടർച്ചയായി എല്ലാ മാസവും 15,000 രൂപ നിക്ഷേപിച്ചാല്‍ നിങ്ങളുടെ മൊത്തം നിക്ഷേപം 45,00,000 രൂപയാകും. എന്നാല്‍ 10% പലിശ നിരക്ക് നോക്കിയാല്‍ 1,55,68,356 കോടി രൂപ മാത്രം പലിശയിനത്തില്‍ ലഭിക്കുന്നു.
കാലാവധി പൂർത്തിയാവുമ്ബോള്‍ നിങ്ങളുടെ മൊത്തം തുകയായി 2,00,68,356 രൂപ ലഭിക്കും. ഈ തുകയുടെ 40% നിങ്ങള്‍ ആന്വിറ്റിയായി ഉപയോഗിച്ചാല്‍, 40% നിരക്കില്‍ 80,27,342 രൂപ നിങ്ങളുടെ അന്വിറ്റിയായി കണക്കാക്കും. അപ്പോള്‍ ഒറ്റത്തവണയായി പിൻവലിക്കാൻ പറ്റുന്ന തുക 1,20,41,014 രൂപയായിരിക്കും. വാർഷിക തുകയുടെ 8% റിട്ടേണ്‍ ലഭിച്ചാല്‍ എല്ലാ മാസവും 53,516 രൂപ പെൻഷൻ ലഭിക്കും.