സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ ഇടിവാണ് അടുത്തിടെയായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും സ്വർണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാകുകയാണ് നവംബറിലെ തുടർച്ചയായ ഇടിവ്.
ഇന്നലത്തെ 1080 ന് പിന്നാലെ ഇന്ന് വീണ്ടും 320 കുറഞ്ഞു. ഇതോടെ രണ്ടാഴ്ച്ചക്കിടയില്‍ മാത്രം 2800 രൂപയാണ് കുറഞ്ഞത്.
സ്വർണത്തിന്റെ വില കൂടി നിന്നപ്പോഴും മലയാളികള്‍ സ്വർണം വാങ്ങുന്നതില്‍ കുറവൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ വാങ്ങുന്ന രീതിയില്‍ വലിയ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്വർണ ഇ ടി എഫുകളിലാണ് മലയാളികളുടെ പ്രിയം ഏറി വരുന്നത്. ഒക്ടോബര്‍ മാസത്തില്‍ സ്വര്‍ണ ഇ ടി എഫുകളിലുള്ള ആകെ നിക്ഷേപം 234.15 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ട്. സ്വർണ വില റെക്കോർഡ് നിരക്കിലെത്തിയ മാസത്തിലാണ് മലയാളികള്‍ ഇ ടി എഫുകളിലേക്ക് കൂടുതലായി തിരിഞ്ഞതെന്നാണ് ശ്രദ്ധേയം. ഒക്ടോബറില്‍ മാത്രമല്ല ഈ വർഷം ഉടനീളം ഇ ടി എഫിലെ നിക്ഷേപം ഉയർന്നിട്ടുണ്ട്.
എന്താണ് ഇടിഎഫ്
സ്വർണത്തില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളാണ് ഗോള്‍ഡ് ഇ ടി എഫുകള്‍ അഥവാ ഗോള്‍ഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍. നമ്മള്‍ നിക്ഷേപിക്കുന്നതിന് അനുസരിച്ച് മ്യൂച്വല്‍ പണ്ട് ഏജന്‍സികള്‍ ഓഹരികള്‍ പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാരം ചെയ്യുന്നു. ഇവയുടെ വിലയാകട്ടെ ഫിസിക്കല്‍ ഗോള്‍ഡിന്റെ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സംഭരണത്തെയും സുരക്ഷയെയും കുറിച്ച് ആകുലപ്പെടാതെ സ്വർണ്ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമായിട്ടാണ് സ്വർണ്ണ ഇ ടി എഫുകള്‍ വിലയിരുത്തപ്പെടുന്നത്.
സ്വർണം ആഭരണമായിട്ടാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി അടക്കമുള്ള അധിക നിരക്കുകള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇ ടി എഫില്‍ നിക്ഷേപിക്കുന്നതിലൂടെ ഇതെല്ലാം ഒഴിവാക്കാന്‍ സാധിക്കും. സെപ്തംബറിലെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 213 കോടി രൂപയായിരുന്നു മലയാളികളുടെ സ്വര്‍ണ ഇ ടി എഫ് നിക്ഷേപങ്ങളുടെ ആകെ തുക. ഓഗസ്റ്റില്‍ 204.20 കോടിയും ജുലായില്‍ 177.06 കോടി രൂപയുടേയും നിക്ഷേപമുണ്ടായി. ജനുവരിയിലെ 137.09 കോടിയാണ് വർഷത്തിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം.
ഇന്നത്തെ സ്വർണ വില
320 രൂപ കുറഞ്ഞതോടെ പവന് 56360 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 7,045 രൂപയായി. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണിത്. ഒക്ടോബർ 31 , 59640 എന്ന നിരക്കിലുണ്ടായിരുന്ന വിലയാണ് രണ്ടാഴ്ച് തികയുന്നതിന് മുമ്ബ് 56360 രൂപ എന്നതിലേക്ക് എത്തിയത്. ഒക്ടോബറിലെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ പവന് ഇതുവരെ 3280 രൂപയുടെ ഇടിവുണ്ടായി.
അമേരിക്കയില്‍ ട്രംപിന്റെ വിജയത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വർണ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടാകുന്നത്. ഒരുഘട്ടത്തില്‍ ട്രോയ് ഔണ്‍സിന് 2590 ലേക്ക് എത്തിയ സ്വർണ വില ഇപ്പോള്‍ 2609 ലേക്ക് തിരിച്ച് കയറിയിട്ടുണ്ട്. ഒക്ടോബറില്‍ ഔണ്‍സിന് 2790 ഡോളറായിരുന്നു സ്വർണ വില.