HomeIndiaറിട്ടയർമെൻറ് സമ്പാദ്യത്തെ പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കാം; ചെയ്യേണ്ടത് ഈ നാല് കാര്യങ്ങൾ: വിശദമായി...

റിട്ടയർമെൻറ് സമ്പാദ്യത്തെ പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കാം; ചെയ്യേണ്ടത് ഈ നാല് കാര്യങ്ങൾ: വിശദമായി വായിക്കാം

റിട്ടയര്‍മെന്റ് നിക്ഷേപം പ്ലാന്‍ ചെയ്യുമ്ബോള്‍ പണപ്പെരുപ്പത്തിന്റെ ആഘാതം പരിഗണിക്കേണ്ടത് നിര്‍ണ്ണായകമാണ്. കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ക്രമാനുഗതമായി വര്‍ധിക്കുന്നതിനെയാണ് പണപ്പെരുപ്പം സൂചിപ്പിക്കുന്നത്.

വില കൂടുന്നതിനനുസരിച്ച്‌ നിങ്ങളുടെ പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുന്നു എന്നാണ് ഇതിനര്‍ത്ഥം. തല്‍ഫലമായി ഭാവിയില്‍ സമാന ജീവിത നിലവാരം നിലനിര്‍ത്തുന്നതിനും സാമ്ബത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നിങ്ങളുടെ പക്കല്‍ വലിയൊരു തുക ഉണ്ടായിരിക്കേണ്ടതായി വരും.

പണപ്പെരുപ്പം നിങ്ങളുടെ റിട്ടയര്‍മെന്റ് സേവിങ്‌സിനെ എങ്ങനെ ബാധിക്കുന്നു?

പല മുതിര്‍ന്ന വ്യക്തികളും അവരുടെ പെന്‍ഷനെയും റിട്ടര്‍മെന്റ് ഫണ്ടിനെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. വിരമിക്കല്‍ സമയത്തെ പണപ്പെരുപ്പം നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ കുറവുണ്ടാക്കാം. ഇന്ത്യയിലെ പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ സാധാരണക്കാരെയും ശമ്ബളമുള്ള ജീവനക്കാരെയും പെന്‍ഷന്‍ വാങ്ങുന്നവരെയുമെല്ലാം ബാധിക്കുന്നതാണ്.

ഇതിനൊരു ലളിതമായ ഉദാഹരണം നോക്കാം: ഇപ്പോള്‍ നിങ്ങള്‍ക്ക് 5,000 രൂപയുടെ ചെലവ് ഉണ്ടെന്നു വിചാരിക്കുക, 6% പണപ്പെരുപ്പം കണക്കാക്കിയാല്‍ ഇതേ കാര്യത്തിന് 5300 രൂപ ചെലവാക്കേണ്ടി വരും. അടുത്ത 30 വര്‍ഷത്തേക്ക് ഈ പണപ്പെരുപ്പ നിരക്ക് തുടര്‍ന്നാല്‍ ഈ 5000 രൂപയുടെ സ്ഥാനത്ത് 28,700 രൂപ ചെലവാക്കേണ്ടി വരും. ഇതുപോലെ തന്നെയാണ് നിങ്ങളുടെ റിട്ടയര്‍മെന്റ് തുകയുടെ കാര്യവും. ഇന്ന് മികച്ചതെന്ന് തോന്നുന്ന സമ്ബാദ്യം പണപ്പെരുപ്പം കാരണം 20 അല്ലെങ്കില്‍ 30 വര്‍ഷത്തിന് ശേഷം മതിയായ ഒരു സമ്ബാദ്യമാകണമെന്നില്ല. അതിനാല്‍ വ്യക്തമായ റിട്ടയര്‍മെന്റ് പ്ലാന്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഇത് നിങ്ങളെ പണപ്പെരുപ്പം ബാധിക്കാതെ നിങ്ങളുടെ സമ്ബാദ്യം മികച്ച രീതിയില്‍ വളരുന്നതിന് സഹായിക്കുന്നു.

റിട്ടയര്‍മെന്റ് കോര്‍പ്പസിനെ പണപ്പെരുപ്പത്തില്‍ നിന്ന് എങ്ങനെ സംരക്ഷിക്കാം?

ഓഹരികളില്‍ നിക്ഷേപിക്കുക:

ഓഹരികളില്‍ നിക്ഷേപിക്കുന്നതു വഴി പണപ്പെരുപ്പം കൈകാര്യം ചെയ്യാനും നല്ല വരുമാനം നേടാനും സാധിക്കും. ഇത് ഹ്രസ്വകാല നിക്ഷേപകര്‍ക്ക് അപകടസാധ്യതയുള്ളതിനാല്‍ ഒരു വിദഗ്ദന്റെ അഭിപ്രായം തേടിയതിനു ശേഷം മാത്രം നിങ്ങള്‍ക്ക് യോജിച്ച ഇക്വിറ്റി എക്‌സ്‌പോഷര്‍ ഏതെന്ന് തീരുമാനിക്കുക.

പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കുക

അപകടസാധ്യതകള്‍ കുറച്ചുകൊണ്ട് നിങ്ങളുടെ നിക്ഷേപങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ വിവിധ അസറ്റുകള്‍ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉണ്ടായിരിക്കുന്നതാണ് അനുയോജ്യം. നിങ്ങളുടെ നിക്ഷേപത്തിന്റെ 30% സ്റ്റോക്കുകളിലും 30% ബോണ്ടുകളിലും 30% റിയല്‍ എസ്‌റ്റേറ്റിലും ബാക്കി 10% പണമായോ സ്വര്‍ണ്ണമായോ വ്യാപിപ്പിക്കുവാനാണ് വിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്നത്. ഈ സമീപനം പണപ്പെരുപ്പ സമയത്ത് അപകടസാധ്യതകള്‍ കുറയ്ക്കാനും നല്ല വരുമാനം നേടാനും സഹായിക്കുന്നതാണ്.

ഫ്‌ളോട്ടിങ് റേറ്റ് ബോണ്ട് ഫണ്ടുകളില്‍ നിക്ഷേപിക്കുക

പണപ്പെരുപ്പ സമയത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച റിട്ടേണ്‍ ലഭിക്കുന്നതിന് ഈ ഫണ്ടുകള്‍ സഹായിക്കുന്നതാണ്. സാധാരണഗതിയില്‍ പണപ്പരുപ്പം ഉയരുന്നതിനനുസരിച്ച്‌ പലിശ നിരക്കും ഉയരുന്നതാണ്. ഡിമാൻഡ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് പോലെയുള്ള സെൻട്രല്‍ ബാങ്കുകള്‍ ഹ്രസ്വകാല നിരക്കുകള്‍ ഉയർത്തുന്നു. പലിശ നിരക്ക് ബെഞ്ച്മാര്‍ക്ക് റേറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് ഫ്‌ളോട്ടിങ് റേറ്റ് ഫണ്ടുകള്‍ സഹായിക്കുന്നു. അതിനാല്‍, പണപ്പെരുപ്പ സമയത്ത്, ഈ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഹ്രസ്വകാലത്തേക്ക് അധിക വരുമാനം നേടാനുള്ള മികച്ച മാർഗമാണ്.

ഭാവിക്കായി തയ്യാറായിരിക്കുക

വിലകള്‍ ഉയരുന്നത് നിങ്ങളുടെ ദിവസേനയുള്ള ചെലവുകളെ ബാധിച്ചേക്കാം, അതിനനുസരിച്ച്‌ നിങ്ങളുടെ പ്രതിമാസ ബജറ്റ് ക്രമീകരിക്കേണ്ടതായും വരാം. ശരിയായ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ഇതെല്ലാം പരിഹരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. പണം ശരിയായ രീതിയില്‍ വര്‍ധിപ്പിക്കുന്നതിനും ഭാവി ആസൂത്രണം ചെയ്യുന്നതിനുമുള്ള മികച്ച മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്.

Latest Posts