സ്വർണവില ചരിത്രത്തിന്റെ ഭാഗമായി ഉയരുകയാണ്. സർവ്വകാല റെക്കോഡുകള്‍ ഭേദിച്ച് സ്വർണത്തിന്റെ വില കുതിച്ചുയരുമ്ബോള്‍ അതിന്റെ അരികുപറ്റി വെള്ളിവില ഉയരുന്നത് പലരും ശ്രദ്ധിക്കുന്നില്ല.
പക്ഷെ സ്വർണത്തിനു വില ഉയരുന്നതിനു ആനുപാതികമായി വെള്ളിയ്ക്കും വില കൂടുന്നുണ്ട്. ഇത് ഭാവിയില്‍ വെള്ളിയുടെ ഡിമാൻഡ് ഉയരുന്നതിലേക്കു നയിക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ
വെള്ളിവില കുറിക്കുന്നത്…
ആഭരണ നിർമ്മാണത്തിനു പുറമേ നിക്ഷേപമായും വ്യവസായ രംഗത്തും ഉപയോഗിക്കുന്ന വെള്ളിയ്ക്ക് സ്വർണത്തിനേക്കാള്‍ വില എന്തുകൊണ്ടാണ് കുറയുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?2024 ലെ കണക്കനുസരിച്ച് വെള്ളിവില ഗ്രാമിന് 87 രൂപയോളമാണ്. അതായത് സ്വർണത്തേക്കാല്‍ 85 ശതമാനം കുറവ് മൂല്യം. ഇത്രയും താഴ്ന്ന വിലയില്‍ നില്‍ക്കുന്ന വെള്ളിയ്ക്ക് പ്രാധാന്യമേറും എന്ന് പറയുന്നത് കേട്ടു പുച്ഛിക്കേണ്ട.
കാരണം വെള്ളിയുടെ വ്യാവസായിക രംഗത്തെ മൂല്യം കുതിച്ചുയരുകയാണ് ഇപ്പോള്‍. സാങ്കേതിക വിദ്യയുടെ രംഗത്തും വ്യാവസായിക രംഗത്തുമുള്ള ഉപയോഗം കുടുന്നതും വെള്ളിയുടെ ഖനന നിരക്കും പരിശോധിക്കുമ്ബോഴാണ് ഈ നിഗമനത്തില്‍ വിദഗ്ധർ എത്തുന്നത്. ഉത്പാദനവും ഉപയോഗവും തമ്മിലുള്ള അന്തരം കൂടുന്ന കാലത്ത് കരുതല്‍ ശേഖരമായി വെള്ളി മാറിയേക്കാം എന്നാണ് വിലയിരുത്തല്‍. സില്‍വർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ട് അനുസരിച്ച് ഭാവിയില്‍ സ്വർണത്തേക്കാള്‍ വില വെള്ളിക്ക് ഉയരുമെന്നാണ് പ്രവചനം.
വ്യാവസായിക ആവശ്യവും വെള്ളിയും
ഇലക്‌ട്രോണിക്‌സ്, സോളാർ പാനലുകള്‍, തുടങ്ങിയ സാങ്കേതിക വിദ്യകളിലും മറ്റ് സാങ്കേതിക വ്യാവസായിക രംഗത്തും വെള്ളിയ്ക്ക് വലിയ പ്രാധാന്യം ഇന്നുണ്ട്. സില്‍വർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, വ്യാവസായിക ആപ്ലിക്കേഷനുകളില്‍ വെള്ളിയുടെ ആഗോള ആവശ്യം 2033 ആകുമ്ബോഴേക്കും 46% വർദ്ധിക്കും. എന്നാല്‍ വെള്ളി ശേഖരമാകട്ടെ കുറയുകയുമാണ്.
ഭൂമിക്ക് താഴെയുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ശേഖരം താരതമ്യം ചെയ്താല്‍, വെള്ളി ശേഖരം ഇപ്പോഴും സ്വർണ്ണത്തേക്കാള്‍ 10 മടങ്ങ് കൂടുതലാണെന്ന് ഡാറ്റ കാണിക്കുന്നു. എന്നാല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വെള്ളിയുടെ ആവശ്യം സ്വർണത്തേക്കാള്‍ വളരെ കൂടുതലാണ്. റിപ്പോർട്ടുകള്‍ പ്രകാരം, ഉയർന്ന ഡിമാൻഡ് കാരണം വെള്ളി ശേഖരം അതിവേഗം കുറയുന്നുമുണ്ട്. ഇതുകാരണം വെള്ളിവില കൂടുമെന്നാണ് വിലയിരുത്തല്‍.
യുദ്ധവും ഒരു കാരണം
2022-ല്‍ റഷ്യ-ഉക്രെയ്ൻ യുദ്ധം വെള്ളി വിലയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷവും മറ്റ് പിരിമുറുക്കങ്ങളും ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വവും വിപണിയിലെ ചാഞ്ചാട്ടം വർദ്ധിപ്പിക്കുകയും വെള്ളിയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളിയുടെ മികച്ച താപ, വൈദ്യുത ചാലകതയാണ് വ്യവസായ രംഗത്ത് ഇതിനെ മാറ്റാനാകാത്ത ഘടകമാക്കുന്നത്. ഇലക്‌ട്രോണിക്‌സ് രംഗത്ത് മദർബോർഡുകള്‍, ഇലക്‌ട്രിക്കല്‍ കോണ്‍ടാക്റ്റുകള്‍, ഓട്ടോമൊബൈലുകള്‍ രംഗത്ത് ബാറ്ററികള്‍, ഇലക്‌ട്രിക്കല്‍ വയറിംഗ് എന്നിവയില്‍ ഇത് നിർണായക പങ്ക് വഹിക്കുന്നു.
വിപണിയിലെ മായം
സ്വർണവും വെള്ളിയും തമ്മിലുള്ള വില വ്യത്യാസത്തിന് പ്രധാന കാരണം വിപണിയില്‍ ഉണ്ടായ ചില കൃതൃമത്വമാണെന്നാണ് വിലയിരുത്തല്‍. 2024-ലെ ഓക്‌ഫോർഡ് എക്കണോമിക്‌സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ചില അമേരിക്കൻ ബാങ്കുകള്‍ വെള്ളി വില കുറയ്ക്കാൻ മനപൂർവ്വം ശ്രമിക്കുന്നതായാണ് വിവരം. ഇത്തരം ചില പ്രവർത്തികളാണ് വിലയില്‍ ഈ അന്തരമുണ്ടാക്കുന്നത്. ഭാവിയില്‍ വെള്ളിയുടെ ആവശ്യം കൂടുന്ന കാലത്ത് യഥാർത്ഥ വില പുറത്തുവരും എന്നാണ് നിഗമനം. അന്ന് സ്വർണത്തേക്കാള്‍ വില വെള്ളിയ്ക്ക് ഉണ്ടായേക്കാം.
വെള്ളി വില ഒരു ലക്ഷമാകുമോ?
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ വെള്ളിയ്ക്ക് ഒരു ലക്ഷം വരെ വില ഉയരുമെന്ന പ്രതീക്ഷ പങ്കു വയ്ക്കുന്നുണ്ട്. ഈ വർഷത്തെ തന്നെ കണക്ക് പരിശോധിച്ചാല്‍ 11 ശതമാനം വർധനയാണ് വെള്ളിവിലയില്‍ ഉണ്ടായിട്ടുള്ളത്. 15 ശതമാനം വില സ്വർണത്തിന് കൂടിയ സ്ഥാനത്താണ് ഈ വിലക്കൂടുതല്‍.