HomeIndiaസ്വർണ്ണം വാങ്ങുന്നതിനേക്കാൾ മെച്ചമോ ഗോൾഡ് ഇടിഎഫിലെ നിക്ഷേപം? വിശദമായി വായിക്കാം

സ്വർണ്ണം വാങ്ങുന്നതിനേക്കാൾ മെച്ചമോ ഗോൾഡ് ഇടിഎഫിലെ നിക്ഷേപം? വിശദമായി വായിക്കാം

സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും റെക്കോഡുകള്‍ ഭേദിച്ച്‌ കുതിച്ച്‌ കൊണ്ടിരിക്കുകയാണ്. എന്നാല്‍ വില കൂടുമ്ബോഴും സ്വര്‍ണത്തില്‍ നേട്ടമുണ്ടാക്കുകയാണ് പലരും.

പതിറ്റാണ്ടുകളായി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. ആദ്യകാലങ്ങളില്‍ ഫിസിക്കല്‍ ഗോള്‍ഡ് വാങ്ങി സൂക്ഷിക്കുക എന്നതായിരുന്നു എല്ലാവരും ചെയ്തിരുന്നത്.

എന്നാല്‍ ഇന്നത്തെ കാലത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഗോള്‍ഡ് ഇടിഎഫ്. എന്താണ് ഗോള്‍ഡ് ഇടിഎഫ് എന്നതും ഫിസിക്കല്‍ ഗോള്‍ഡാണോ ഗോള്‍ഡ് ഇടിഎഫാണോ ഏറ്റവും മികച്ച സുരക്ഷിത മാര്‍ഗം എന്നതില്‍ സംശയമുള്ളവരാണോ നിങ്ങള്‍? ഈ രണ്ട് നിക്ഷേപ മാര്‍ഗങ്ങള്‍ നല്‍കുന്ന വരുമാനം താരതമ്യം ചെയ്യുന്നതിനുമുമ്ബ്, അവയുടെ അടിസ്ഥാന വ്യത്യാസങ്ങള്‍ മനസിലാക്കേണ്ടത് പ്രധാനമാണ്.

നാണയങ്ങള്‍, കട്ടികള്‍, ആഭരണങ്ങള്‍ എന്നിവയുടെ രൂപത്തില്‍ വാങ്ങുന്ന സ്വര്‍ണത്തെ സൂചിപ്പിക്കുന്നതാണ് ഫിസിക്കല്‍ ഗോള്‍ഡ് അഥവാ ഭൗതിക സ്വര്‍ണം. ഇത് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ നേരിട്ട് ഉടമസ്ഥതയിലുള്ളതായിരിക്കും. എന്നാല്‍ ഇതിന് വിപരീതമാണ് ഗോള്‍ഡ് ഇടിഎഫുകള്‍. ഇത് ഒരു നിക്ഷേപ ഓപ്ഷനാണ്. ഗോള്‍ഡ് ഇടിഎഫുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ആണ് ട്രേഡ് ചെയ്യപ്പെടുന്നത്.

അതിനാല്‍ തന്നെ ഇത് ഉയര്‍ന്ന ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് ഒരു ലളിതമായ ക്ലിക്കിലൂടെ വിപണി വിലയില്‍ തന്നെ ഇടിഎഫുകള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയും. ഫിസിക്കല്‍ സ്വര്‍ണത്തിന് വരുന്ന നിര്‍മ്മാണ, സംഭരണ ചെലവുകള്‍ നിക്ഷേപകരെ സംബന്ധിച്ച്‌ പ്രയാസമുണ്ടാക്കുന്നതാണ്. ജിഎസ്ടി, പണിക്കൂലി തുടങ്ങിയവ പവന്‍വിലയ്ക്ക് അപ്പുറം നല്‍കേണ്ടി വരും. മറുവശത്ത് സ്വര്‍ണ്ണ ഇടിഎഫുകള്‍ ഏറ്റെടുക്കുന്നതിനും സ്വന്തമാക്കുന്നതിനുമുള്ള ചെലവുകള്‍ കുറവാണ്.

ഏതാണ് നല്ലത്?

ദ്രവ്യത, സുതാര്യത, ചെലവ്-ഫലപ്രാപ്തി, ഫിസിക്കല്‍ സ്വര്‍ണ്ണവുമായി താരതമ്യപ്പെടുത്തുമ്ബോഴുള്ള വ്യാപാരത്തിന്റെ എളുപ്പം എന്നിവ കാരണം നിക്ഷേപകര്‍ സ്വര്‍ണ്ണ ഇടിഎഫുകളില്‍ നിക്ഷേപിക്കാനാണ് ഇപ്പോള്‍ ഇഷ്ടപ്പെടുന്നത് എന്ന് ഐസിആര്‍എ അനലിറ്റിക്സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റ് ഹെഡുമായ അശ്വിനി കുമാര്‍ പറയുന്നു. സമാന അഭിപ്രായമാണ് ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് പാര്‍ട്ണര്‍ രാംകുമാറും പറയുന്നത്.

”പണപ്പെരുപ്പ സമ്മര്‍ദ്ദവും വര്‍ധിച്ച്‌ വരുന്ന ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദവും കാരണം സ്വര്‍ണം സുരക്ഷിത നിക്ഷേപ ഓപ്ഷനായി മാറിയിരിക്കുന്നു. എന്നിരുന്നാലും ഉല്‍പ്പാദനം, സംഭരണം, ഇന്‍ഷുറന്‍സ് ചെലവ് എന്നിവ ഉയര്‍ന്ന ചെലവിന് കാരണമാകുന്നു. ഫിസിക്കല്‍ ഗോള്‍ഡിനേക്കാള്‍ ഇടിഎഫിന് ആകര്‍ഷണം കൂടുന്നത് ഇക്കാരണത്തലാണ്. എക്സ്ചേഞ്ചിലൂടെ ഇത് ലിക്വിഡേറ്റ് ചെയ്യാനും എളുപ്പമാണ്, ”രാംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഗോള്‍ഡ് ഇടിഎഫ് വില നിര്‍ണയിക്കുന്നത് സപ്ലൈയും ഡിമാന്‍ഡും അനുസരിച്ചാണ്. ഡിമാന്‍ഡിന്റെയും സപ്ലൈയുടെയും അടിസ്ഥാനത്തില്‍ റിട്ടേണുകളില്‍ ചാഞ്ചാട്ടമുണ്ടാകും. ഫിസിക്കല്‍ സ്വര്‍ണത്തേക്കാള്‍ വില കുറവായിരിക്കുമെങ്കിലും ഗോള്‍ഡ് ഇടിഎഫ് കൂടുതല്‍ ദ്രവ്യതയുള്ളതും സംഭരണച്ചെലവില്ലാത്തതും ആയിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച വരുമാനം നല്‍കിയത് ഏതാണ്?

കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന്റെ വിലയില്‍ ഗണ്യമായി വര്‍ധനവാണ് ഉണ്ടായത്. 2023 ഒക്ടോബര്‍ 21-ന് പത്ത് പവന്‍ സ്വര്‍ണത്തിന് 61690 രൂപയായിരുന്നെങ്കില്‍ ഈ വര്‍ഷം അത് 80000 കടന്നു. 18000 ത്തിലധികം രൂപയുടെ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ടുണ്ടായിരിക്കുന്നത്. അതായത് ഏകദേശം 30 ശതമാനം വരുമാനം ഇതുവഴി ലഭിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് അതായത് 2021 ഒക്ടോബര്‍ 21 ന് 47,570 രൂപയായിരുന്നു സ്വര്‍ണ വില.

ഇന്നത്തെ വില വെച്ച്‌ നോക്കുമ്ബോള്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 32,850 രൂപയുടെ വര്‍ധനവാണിത്. ഏകദേശം 68.9% വരുമാനം നല്‍കുന്നു. അഞ്ച് വര്‍ഷം മുന്‍പ് അതായത് 2019 ഒക്ടോബര്‍ 21-ന് 38,500 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. അഞ്ച് വര്‍ഷ കാലയളവില്‍ 41920 രൂപയുടെ വര്‍ധനവ്! ഇത് ഏകദേശം 108.9% ആദായം നല്‍കുന്നു.

ഗോള്‍ഡ് ഇടിഎഫുകള്‍

ഇന്ന് ആഭ്യന്തര വിപണിയില്‍ 17 ഗോള്‍ഡ് ഇടിഎഫ് സ്‌കീമുകള്‍ ഉണ്ട്. ഇതില്‍ നിന്നുള്ള ശരാശരി ഒരു വര്‍ഷത്തെ വരുമാനം 29.12% ആണ്. 3 വര്‍ഷത്തെയും 5 വര്‍ഷത്തെയും വരുമാനം യഥാക്രമം 16.93%, 13.59% എന്നിങ്ങനെയാണ്. എല്‍ഐസി എംഎഫ് ഗോള്‍ഡ് ഇടിഎഫ് യഥാക്രമം 29.97%, 17.47%, 13.87% എന്നിങ്ങനെ 1 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം അടിസ്ഥാനത്തില്‍ പരമാവധി വരുമാനം നല്‍കി എന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫിസിക്കല്‍ സ്വര്‍ണത്തിന്റെയും സ്വര്‍ണ ഇടിഎഫുകളുടെയും സമ്ബൂര്‍ണ്ണ വരുമാനം താരതമ്യം ചെയ്യുമ്ബോള്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫിസിക്കല്‍ ഗോള്‍ഡ് മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് കാണാം. ഗോള്‍ഡ് ഇടിഎഫുകള്‍ ഒരു വര്‍ഷത്തില്‍ 29.12% ആദായവും മൂന്ന്, അഞ്ച് വര്‍ഷങ്ങളില്‍ ഏകദേശം 59.35%, 84.24% എന്നിങ്ങനെയും മികച്ച വരുമാനം കാണിക്കുന്നു.

പരമ്ബരാഗതമായി സ്വര്‍ണാഭരണം വാങ്ങി സൂക്ഷിക്കുന്നതിന് പകരം ലാഭമുണ്ടാക്കാം എന്ന ധാരണയില്‍ നിക്ഷേപകര്‍ ഗോള്‍ഡ് ഇടിഎഫുകളിലേക്ക് കടന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024 ജനുവരിയില്‍ 657.46 കോടി രൂപയായിരുന്ന നിക്ഷേപം സെപ്റ്റംബറില്‍ 1232.99 കോടി രൂപയായി ഉയര്‍ന്നു എന്നാണ് അസ്സോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കില്‍ പറയുന്നത്.

Latest Posts