നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഹ്യൂണ്ടായ് മോ ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ) ഇടിഞ്ഞ് 1,934 രൂപയിലും. 1,960 രൂപയായിരുന്നു ഓഹരിയുടെ ഐ.പി.ഒ വില. ഗ്രേ മാർക്കറ്റിൽ കേവലം രണ്ട് ശതമാനം മാത്രമായിരുന്നു ഓഹരിയുടെ പ്രീമിയം എന്നതുകൊണ്ടുതന്നെ ലിസ്റ്റിംഗിൽ കനത്ത നേട്ടം പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല എങ്കിലും വില ഇഷ്യൂ പ്രൈസ്നെക്കാൾ താഴേക്ക് പോകുമെന്ന് ആരും ധരിച്ചിരുന്നില്ല.
ഐ.പി.ഒയ്ക്ക് മുന്‍പ് 300 ശതമാനം വരെ പ്രീമിയത്തില്‍ ആയിരുന്നു ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് വ്യാപാരം. പിന്നീട് ഇത് കുത്തനെ താഴുകയായിരുന്നു. ഇന്ന് വ്യാപാരം പുരോഗമിക്കവെ ഓഹരി വില 3.57 ശതമാനം ഇടിഞ്ഞ് 1,846 രൂപ വരെ താഴേക്ക് പോയി. ഓഹരിക്ക് 10 ശതമാനമാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ പരമാവധി 2,124.05 രൂപ വരെ മുകളിലേക്കും 1,737 രൂപ വരെ താഴേക്കും വ്യാപാരത്തിനിടെ വിലയ്ക്ക് വ്യതിചലിക്കാനാകും.
ലിസ്റ്റിംഗ് വില അനുസരിച്ച് 1.50 ലക്ഷം കോടി രൂപയാണ് ഹ്യുണ്ടായ് ഇന്ത്യയുടെ വിപണി മൂല്യം. 27,870 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഐ.പി.ഒയ്ക്ക് മൊത്തം 2.37 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. ഐ.പി.ഒയുടെ ആദ്യ രണ്ടു ദിനങ്ങളില്‍ തണുപ്പന്‍ സ്വീകരണമായിരുന്നുവെങ്കിലും അവസാന ദിനം അടിച്ചു കയറുകയായിരുന്നു. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് 700 ശതമാനത്തോളം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചിരുന്നു.