ഓഹരി വിപണിയില്‍ കനത്ത തകർച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സിന് നഷ്ടമായത് 1,250 പോയന്റ്. നിഫ്റ്റിയാകട്ടെ 25,500ന് താഴെയെത്തുകയും ചെയ്തു.മിഡില്‍ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകർച്ചനേരിട്ടു. ഇതോടെ വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം നിക്ഷേപകരുടെ സമ്ബത്തില്‍ അപ്രത്യക്ഷമായത് 5.63 ലക്ഷം കോടി രൂപ. ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ മൊത്തം വിപണി മൂല്യം 469.23 ലക്ഷം കോടിയായി താഴ്ന്നു.
സെൻസെക്സ് ഓഹരികളില്‍ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എല്‍ആൻഡ്ടി, ഭാരതി എയർടെല്‍ എന്നിവയാണ് പ്രധാനമായും തകർച്ച നേരിട്ടത്. അതേസമയം, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
നിഫ്റ്റി ഓയില്‍ ആൻഡ് ഗ്യാസ് സൂചിക 1.2 ശതമാനത്തിലധികം ഇടിവ് നേരിട്ടു. ഹിന്ദുസ്ഥാൻ പെട്രോളിയം, ഐഒസി, ജിഎസ്പിഎല്‍ എന്നിവയാണ് കൂടുതല്‍ നഷ്ടംനേരിട്ടത്.
തകർച്ചയുടെ പ്രധാന കാരണങ്ങള്‍:
മിഡില്‍ ഈസ്റ്റ് സംഘർഷം
പരസ്പരം ആക്രമണം കടുപ്പിച്ചതോടെ മിഡില്‍ ഈസ്റ്റില്‍ സംഘർഷം രൂക്ഷമായത് വിപണിയെ ബാധിച്ചു. തെക്കൻ ലബനനില്‍ ടീം കമാൻഡർ ഉള്‍പ്പടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ക്രൂഡ് ഓയില്‍ വില
മിഡില്‍ ഈസ്റ്റില്‍ സംഘർഷം രൂക്ഷമായാല്‍ ക്രൂഡ് ഓയില്‍ വിതരണം തടസ്സപ്പെട്ടേക്കുമെന്ന ആശങ്ക വർധിച്ചത് വിപണിക്ക് തിരിച്ചടിയായി. ക്രൂഡ് ഓയില്‍ വില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 75 ഡോളറും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 72 ഡോളറും പിന്നിട്ടു. മൂന്നു ദിവസത്തിനിടെ അഞ്ച് ശതമാനത്തോളമാണ് വർധന.
എഫ്‌ആൻഡ്‌ഒ നിയന്ത്രണം
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻ(എഫ്‌ആൻഡ്‌ഒ) വിഭാഗത്തിലെ വ്യവസ്ഥകള്‍ കർശനമാക്കിയത് വിപണിയിലെ തകർച്ചക്ക് കാരണമായി. എക്സ്ചേഞ്ചുകള്‍ക്ക് പ്രതിവാര കരാറുകള്‍ ഒന്നായി ചുരുക്കിയതും ലോട്ട് സൈസ് വർധിപ്പിച്ചതും റീട്ടെയില്‍ ഇടപാടുകള്‍ കുറയ്ക്കാനിടയാക്കുമെന്ന വിലയിരുത്തലാണ് വിപണിയെ ബാധിച്ചത്.
ചൈനയുടെ നീക്കം
സമീപ കാലയളവില്‍ മോശം പ്രകടനം കാഴ്ചവെച്ച ചൈനീസ് ഓഹരികള്‍ മുന്നേറ്റത്തിന്റെ ട്രാക്കിലേക്ക് കടന്നു. ചൈനീസ് സർക്കാരിന്റെ ഉത്തേജന നടപടികള്‍ ഓഹരികളില്‍ സുസ്ഥിര വളർച്ചയുണ്ടാക്കുമെന്ന് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയില്‍നിന്ന് വിറ്റൊഴിഞ്ഞ് കൂട്ടത്തോടെ കൂടുമാറുമെന്ന ഭീതി വിപണിയില്‍ പ്രതിഫലിച്ചു.