പണം എടുക്കാനും അയക്കാനുമെല്ലാം ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുൻപിലും ക്യൂ നിന്നിരുന്ന കാലമെല്ലാം പഴങ്കഥയായി.ഇന്ന് നമ്മുടെ കൈകളിലുള്ള മൊബൈല്‍ ഫോണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മറ്റുള്ളവർക്ക് പണം നല്‍കാനും സ്വീകരിക്കാനും ഇന്ന് നമുക്ക് കഴിയും. യുഇഐ പേയ്‌മെന്റ് രീതിയുടെ വരവാണ് നമുക്ക് ഈ സൗകര്യം ഒരുക്കിയത്. എന്നാല്‍ ഈ യുപിഐ പേയ്‌മെന്റ് രീതി ഉപയോഗിച്ച് പണം അയക്കുകയും സ്വീകരിക്കുകയും മാത്രമല്ല, ഇനി ലോണും എടുക്കാമെന്നതാണ് സന്തോഷകരമായ കാര്യം.
ഗൂഗിള്‍ പേയാണ് ഉപഭോക്താക്കള്‍ക്ക് വായ്പ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. അർഹത അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് 1 ലക്ഷം രൂപ വരെ ഇത്തരത്തില്‍ വായ്പയായി എടുക്കാം. ഇതിനായി ബാങ്കില്‍ പോകേണ്ട ആവശ്യമില്ല. മറ്റ് നൂലാമാലകളും ഇല്ല. വായ്പയായി എടുത്ത പണം ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള സൗകര്യവും ഗൂഗിള്‍ പേ നല്‍കുന്നു.
ഉപയോക്താക്കളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററി, ക്രെഡിറ്റ് സ്‌കോർ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പേ ലോണ്‍ തരുക. ഡിഎംഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബാങ്കുകളെ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഇല്ല.
ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത ശേഷം താഴേയ്ക്ക് സ്‌ക്രോള്‍ ചെയ്യുക. ഇവിടെ ലോണ്‍ ഓപ്ഷൻ കാണാനായി സാധിക്കും. ഇതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കാം. ആധാർകാർഡ്, പാൻ കാർഡ്, മൊബൈല്‍ നമ്ബർ, ഒപ്പ്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവ രേഖകളായി നല്‍കേണ്ടിവരും. എടുക്കുന്ന തുകയ്ക്ക് തിരിച്ച് നല്‍കേണ്ട പലിശയുടെ വിവരങ്ങളും കാണാൻ സാധിക്കും. ഇത് പരിശോധിച്ച ശേഷം ലോണിനായി അപേക്ഷിക്കാം.